ന്യൂഡൽഹി : രാജ്യത്ത് അടിയന്തര ഉപയോഗത്തിന് അനുമതി നൽകിയ കൊവാക്സിൻ കൊവിഡിനെതിരെ 81% ഫലപ്രദമെന്ന് ഭാരത് ബയോടെക് വ്യക്തമാക്കി. വാക്സീൻ പരീക്ഷണത്തിൽ സുപ്രധാന നേട്ടം കൈവരിച്ചതായി ഭാരത് ബയോടെക് മാനേജിംഗ് ഡയറക്ടർ ഡോ. കൃഷ്ണ എല്ല പറഞ്ഞു. ജനിതക മാറ്റം സംഭവിച്ച വൈറസുകളിലും ഫലപ്രദമാണെന്ന് മൂന്നാം ഘട്ട പരീക്ഷണം പൂർത്തിയായതോടെ തെളിഞ്ഞതായി അധികൃതർ അറിയിച്ചു. മുൻപ് കോവിഡ് ബാധിക്കാത്ത, രണ്ട് ഡോസ് വാക്സീൻ സ്വീകരിച്ചവരിലാണ് 81% ശതമാനം ഫലപ്രദമാണെന്ന് കണ്ടെത്തിയത്. വാക്സിന്റെ മൂന്ന് പരീക്ഷണ ഘട്ടങ്ങളും വിജയകരമായി പൂർത്തിയാക്കി. 27,000 പേരാണ് പരീക്ഷണത്തിൽ പങ്കെടുത്തത്.
നാഷനൽ ഇൻസ്റ്റിറ്റിയൂട്ട് ഓഫ് വൈറോളജി നടത്തിയ വിശകലനത്തിലും യു.കെയിൽനിന്നെത്തിയ ജനിതകമാറ്റം സംഭവിച്ച വൈറസുകൾക്കടക്കം വാക്സിൻ ഫലപ്രദമാണെന്നു കണ്ടെത്തി. യൂറോപ്യൻ രാജ്യങ്ങളടക്കം വാക്സീനിൽ താൽപര്യം പ്രകടിപ്പിച്ചിട്ടുണ്ട്. ഹൈദരാബാദിലെ ഭാരത് ബയോടെക് ഫ്രഞ്ച് അംബാസഡർ സന്ദർശിച്ചു. 20 ദശലക്ഷം ഡോസ് നൽകുന്നതിന് ബ്രസീലുമായി കഴിഞ്ഞ ആഴ്ച കമ്പനി ഒപ്പുവച്ചെന്നും അദ്ദേഹം പറഞ്ഞു.
അടിയന്തര ഉപയോഗത്തിന് ഇന്ത്യ അനുമതി നൽകിയ വാക്സീനുകളിൽ ഒന്നാണ് കോവാക്സീൻ. ഓക്സ്ഫഡ് യൂണിവേഴ്സിറ്റിയും അസ്ട്രാസെനകയും ചേർന്ന് വികസിപ്പിച്ച് പുണെ സീറം ഇൻസ്റ്റിറ്റിയൂട്ട് ഉൽപാദിപ്പിക്കുന്ന കോവിഷീൽഡ് ആണ് രണ്ടാമത്തേത്. മൂന്നു ഘട്ടമായുള്ള പരീക്ഷണം പൂർത്തിയാക്കാത്തതിനാൽ അടിയന്തര ഘട്ടത്തിൽ നിയന്ത്രിത ഉപയോഗത്തിനുള്ള അനുമതിയാണ് കൊവാക്സീന് നൽകിയിട്ടുള്ളത്. കൊവാക്സിന് അനുമതി നൽകിയതിനെതിരെ ഡോക്ടർമാരിൽ നിന്നുൾപ്പെടെ വൻവിമർശനവും ഉയർന്നിരുന്നു