ബംഗളൂരു: നിയമസഭയിൽ അതിശക്തമായി പ്രസംഗിക്കുന്നതിനിടെ പ്രതിപക്ഷനേതാവിന്റെ ഉടുമുണ്ട് അഴിഞ്ഞ് താഴെപ്പോയാൽ എന്തു ചെയ്യും. നാണക്കേടുകൊണ്ട് തലതാഴ്ത്തുമെന്ന് കരുതിയെങ്കിൽ തെറ്റി.
മുൻ കർണാടക മുഖ്യമന്ത്രിയും നിലവിലെ പ്രതിപക്ഷ നേതാവുമായ സിദ്ധരാമയ്യയാകട്ടെ, കുനിഞ്ഞ് മുണ്ടെടുത്ത് ഉടുത്തിട്ട് കൂളായി പ്രസംഗം തുടർന്നു.
'കൊവിഡാനന്തരം ശരീരവണ്ണം വർധിച്ചു, വയറ് കൂടി. ഇതുകൊണ്ട് മുണ്ട് അഴിഞ്ഞു വീണു' എന്നായിരുന്നു അദ്ദേഹത്തിന്റെ വിശദീകരണം. ഇത് സഭയിൽ കൂട്ടച്ചിരിക്കിടയാക്കി.
എന്നാൽ സിദ്ധരാമയ്യ ഇക്കാര്യം പരസ്യമായി പറഞ്ഞത് കോൺഗ്രസിന് നീരസമുണ്ടാക്കിയിട്ടുണ്ട്.
നിയമസഭയിൽ മൈസൂർ പീഡനക്കേസിലെ പൊലീസ് നടപടികളെക്കുറിച്ച് സിദ്ധരാമയ്യ പ്രസംഗിച്ചു കൊണ്ടിരിക്കെയായിരുന്നു സംഭവം. മുണ്ടഴിഞ്ഞ് വീണതറിയാതെ പ്രസംഗം തുടർന്ന സിദ്ധരാമയ്യയോട് കോൺഗ്രസ് നേതാവ് ഡി.കെ. ശിവകുമാർ എത്തി മുണ്ടഴിഞ്ഞ് വീണെന്ന് ചെവിയിൽ പറയുകയായിരുന്നു.
'ഓ അതായിരുന്നോ' എന്ന് പറഞ്ഞ് അദ്ദേഹം കുനിഞ്ഞ് മുണ്ട് എടുത്ത് ഉടുക്കുന്നതും സീറ്റിൽ ഇരിക്കുന്നതും ദൃശ്യങ്ങളിൽ കാണാം. മുണ്ടുടുത്ത ശേഷം അദ്ദേഹം വീണ്ടും പ്രസംഗം തുടരുകയും ചെയ്തു.
പാർട്ടിയുടെ മുഖം രക്ഷിക്കാൻ വേണ്ടിയാണ് ശിവകുമാർ സിദ്ധരാമയ്യയുടെ ചെവിയിൽ ഇക്കാര്യം പറഞ്ഞത്. എന്നാൽ അദ്ദേഹം തന്നെ ഇത് പരസ്യപ്പെടുത്തി. ഇത് പരിഹസിക്കാൻ സ്വയം കുഴി തോണ്ടുകയായിരുന്നുവെന്ന് കോൺഗ്രസ് എം.എൽ.എ രമേശ് കുമാർ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |