തിരുവനന്തപുരം: സ്റ്റാേപ്പിൽ നിറുത്തി വിദ്യാർത്ഥികളെ കയറ്റുന്നില്ലെന്ന പേരുദോഷം കേട്ടിരുന്ന കെ.എസ്. ആർ.ടി.സി ബസുകൾ കുട്ടികൾക്കു മാത്രമായി ഓരോ സ്കൂളിലേക്കും വരുന്നു. സ്കൂളിന്റെ പേരുള്ള ബോർഡ് വച്ച് സ്കൂളുകാർ പറയുന്ന സ്റ്റോപ്പിൽ നിന്ന് തുടങ്ങി അവർ നിർദ്ദേശിക്കുന്ന റോഡുകളിലൂടെ കെ.എസ്.ആർ.ടി.സി ബസുകൾ ഓടും. സ്കൂൾ വളപ്പിൽ കാത്തുകിടന്ന് വീടുകളിൽ കൊണ്ടാക്കുകയും ചെയ്യും. സ്കൂൾ ബസുപോലെ വിദ്യാർത്ഥികൾക്ക് ഉപയോഗിക്കാം. എത്ര ബസ് വേണമെന്ന് പറഞ്ഞാൽ മതി. ചെലവ് വിദ്യാഭ്യാസ വകുപ്പോ, സ്കൂൾ അധികൃതരോ വഹിക്കണമെന്നുമാത്രം.
ബസ് ഓടിക്കുന്നത് കെ. എസ്.ആർ.ടി.സി ഡ്രൈവർമാരായിരിക്കും. ആവശ്യപ്പെട്ടാൽ കണ്ടക്ടർമാരെയും നിയോഗിക്കും. ഒരു അദ്ധ്യാപകനെങ്കിലും ബസിൽ ഉണ്ടായിരിക്കും. അത് കുട്ടികളെ നിയന്ത്രിക്കാനും അകലംപാലിച്ച് ഇരുത്താനുമാണ്.
നവംബർ ഒന്നിന് സ്കൂൾ തുറക്കുമ്പോൾ പൊതുഗതാഗത സംവിധാനം ഉപയോഗിക്കരുതെന്ന് സർക്കാർ നിർദ്ദേശിച്ചിരുന്നു. പകരം സംവിധാനമായാണ് ആനവണ്ടി കുട്ടികളെ തേടി എത്തുന്നത്.
പല സ്കൂളുകൾക്കും സ്വന്തമായി ബസുണ്ടെങ്കിലും പഴയതുപോലെ കുട്ടികളെ കുത്തിനിറയ്ക്കാനാവില്ല. സാമൂഹിക അകലം പാലിച്ചേ മതിയാകൂ. അതിനാൽ മിക്ക സ്കൂളുകൾക്കും കെ. എസ്.ആർ.ടി.സി ബസുകൾ വേണ്ടിവരും. ദീർഘകാലം നിശ്ചലമായി കിടന്നതിനാൽ അറ്റകുറ്റപ്പണികൾ ചെയ്യാൻ വൻതുക വേണ്ടിവരുമെന്നതും സ്കൂൾ ബസുകൾക്ക് പകരം കെ.എസ്.ആർ.ടി.സി ബസുകൾ വാടകയ്ക്ക് എടുക്കാൻ സ്കൂൾ അധികൃതരെ പ്രേരിപ്പിക്കുന്നുണ്ട്. സർവീസ് നടത്താതെ ഡിപ്പോകളിൽ കിടക്കുന്ന ബസുകൾ സാമ്പത്തിക ബാധ്യതയില്ലാതെ അറ്റകുറ്റപ്പണി നടത്തി വിട്ടുകൊടുക്കാൻ കെ.എസ്. ആർ.ടി.സിക്ക് കഴിയും. നാളെ വിദ്യാഭ്യാസ, ഗതാതഗത വകുപ്പ് മന്ത്രിമാർ, സെക്രട്ടറിമാർ മറ്റ് ഉദ്യോഗസ്ഥർ എന്നിവരുടെ ചർച്ചയിൽ ബാക്കി നടപടികൾ തീരുമാനിക്കും.
കെ.എസ്.ആർ.ടി.സി
3000: നിലവിൽ പൊതുഗതാഗതത്തിന് ഉപയോഗിക്കുന്ന ബസുകൾ
2000: ഡിപ്പോകളിൽ വെറുതേ കിടക്കുന്ന ബസുകൾ
പരിഗണനയിൽ ഇവയും
# സ്കൂളുകൾക്ക് ബസ് കൈമാറുക. സ്കൂൾ ജീവനക്കാർ കൈകര്യം ചെയ്യുക
# കുട്ടികൾ കുടുതലുള്ള റൂട്ടുകളിൽ സ്റ്റുഡന്റ്സ് ഒൺലി സർവീസുകൾ നടത്തുക.
'' പെട്ടെന്ന് ആശ്രയിക്കാൻ കഴിയുന്നത് കെ.എസ്.ആർ.ടി.സിയെയാണ്. ബസ് വാങ്ങാൻ എല്ലാ സ്കൂളുകൾക്കും ഫണ്ട് നൽകുക സർക്കാരിന് ബുദ്ധിമുട്ടാകും. പൊതുജനങ്ങളുടെയും എം.എൽ.എ.മാരുടെയും എം.പി.മാരുടെയും മറ്റ് ജനപ്രതിനിധികളുടെയും സഹായം ആവശ്യമാണ്.''
- വി.ശിവൻകുട്ടി, വിദ്യാഭ്യാസമന്ത്രി
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |