SignIn
Kerala Kaumudi Online
Monday, 18 May 2026 6.37 AM IST

തുറമുഖ നിർമ്മാണം: കൊല്ലത്തു കൂട്ടിയിട്ട കല്ല് വിഴിഞ്ഞത്തേക്ക്

v

കരിങ്കല്ല് നീക്കം അടുത്തയാഴ്ച പുനരാരംഭിക്കും

കൊല്ലം: വിഴിഞ്ഞം തുറമുഖ നിർമ്മാണത്തിനായി പുലിമുട്ടുകൾ സ്ഥാപിക്കാൻ കൊല്ലം തുറമുഖത്തു നിന്നുള്ള കരിങ്കല്ല് നീക്കം അടുത്ത ആഴ്ച പുനരാരംഭിക്കും. വിവിധ ക്വാറികളിൽ നിന്ന് ലോറിയിലെത്തിച്ച് തുറമുഖത്ത് കൂട്ടിയിട്ടിരിക്കുന്ന കരിങ്കല്ലാണ് ബാർജിൽ കൊണ്ടുപോകുന്നത്.

2020 ഫെബ്രുവരിയിലാണ് കൊല്ലത്തു നിന്നു വിഴിഞ്ഞത്തേക്ക് കരിങ്കല്ല് കൊണ്ടുപോകാൻ തുടങ്ങിയത്. ഇതിനിടെ പാറയുടെ ലഭ്യതക്കുറവ്, പ്രതികൂല കാലാവസ്ഥ തുടങ്ങിയവ കാരണം തുടർച്ചയായ നീക്കം മുടങ്ങി. ബാർജിന് തകരാർ സംഭവിച്ചതാണ് അടുത്തിടെ ഉണ്ടായ തടസം. ഇത് പരിഹരിച്ചാണ് അടുത്തയാഴ്ച മുതൽ കരിങ്കൽ നീക്കം പുനരാരംഭിക്കുന്നത്.

ക്വാറികളിൽ നിന്ന് ലോറികളിൽ വിഴിഞ്ഞത്ത് ഇറക്കി അവിടെ നിന്ന് കടലിലേക്ക് കൊണ്ടുപോകുന്നതിനെക്കാൾ ഏറെ ലാഭകരമാണ് ബാർജ് വഴി എത്തിക്കുന്നത്. ബാർജിൽ കയറ്റുന്ന കരിങ്കല്ല് നേരെ കടലിൽ നിശ്ചിത സ്ഥാനത്ത് ഇറക്കാൻ കഴിയും. ലോറികളിൽ നിന്ന് ബാർജിലേക്ക് നേരിട്ട് കല്ല് ഇറക്കാം. ഒരു ലോറിയിൽ പത്തിനും ഇരുപതിനും ഇടയ്ക്ക് ടൺ കല്ല് കയറ്റാനേ കഴിയൂ. ഒരു ബാർജിൽ 1500 ടൺ കയറ്റി പുലിമുട്ട് നിർമ്മാണ ഭാഗത്തെത്തിച്ച് നേരെ കടലിൽ തള്ളാനാവും. അതിനാലാണ് പല ജില്ലകളിലെ ക്വാറികളിൽ നിന്നുള്ള കരിങ്കല്ല് കൊല്ലം തുറമുഖത്തേക്ക് കൊണ്ടുവരുന്നത്.

കല്ല് കൊണ്ടുപോകുന്നത് അദാനിയുടെ ബാർജിൽ

അദാനിയുടെ ബാർജിലാണ് കല്ല് കൊണ്ടുപോകുന്നത്. കല്ലുമായി ഒരു ബാർജ് വിഴിഞ്ഞത്തേക്ക് പുറപ്പെടുമ്പോൾ, ബർത്ത്, വാർഫേജ് നിരക്കുകൾ അടക്കം ശരാശരി രണ്ട് ലക്ഷം രൂപയാണ് കൊല്ലം തുറമുഖത്തിന് ലഭിക്കുന്നത്. ഒരു ബാർജിൽ ഏകദേശം 50 ലോഡ് കല്ല് കയറും. 3100 മീറ്റർ നീളത്തിലാണ് വിഴിഞ്ഞത്ത് പുലിമുട്ട് സ്ഥാപിക്കുന്നത്. ഇതിന് ആവശ്യമായി വരുന്നതിൽ ചെറിയാരു ഭാഗം കരിങ്കല്ല് മാത്രമാണ് കൊല്ലം വഴി കൊണ്ടുപോകുന്നത്. എങ്കിലും 20 ലക്ഷം ടൺ കരിങ്കല്ല് എങ്കിലും ഇവിടം വഴി കൊണ്ടുപോകുമെന്നാണ് കണക്കാക്കുന്നത്.

പ്രതീക്ഷിക്കുന്നത് 26 കോടി

വഴിഞ്ഞത്തേക്കുള്ള പാറ നീക്കത്തിലൂടെ കൊല്ലം തുറമുഖം 26 കോടിയാണ് വരുമാനം പ്രതീക്ഷിക്കുന്നത്. കൊല്ലം, പത്തനംതിട്ട ജില്ലകളിലെ ക്വാറികൾക്ക് പുറമെ ആറ്റിങ്ങലിന്റെ പ്രാന്തപ്രദേശത്തു നിന്നുള്ള പാറയും കൊല്ലം തുറമുഖം വഴിയാണ് കൊണ്ടുപോകുന്നത്. ഇതുവര 6000 ടൺ കരിങ്കല്ല് ഇവിടെ നിന്ന് കൊണ്ടുപോയിട്ടുണ്ട്. കല്ലിന്റെ വലിയൊരു കൂമ്പാരമാണ് തുറമുഖത്ത് കെട്ടിക്കിടക്കുന്നത്.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, KOLLAM, GENERAL
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL