ആർ.സി.ബിയെ എലിമിനേറ്ററിൽ കീഴടക്കി കൊൽക്കത്ത നൈറ്റ് റൈഡേഴ്സ്
കൊൽക്കത്ത നാളെ രണ്ടാം ക്വാളിഫയറിൽ ഡൽഹിയെ നേരിടും
ഷാർജ : റോയൽ ചലഞ്ചേഴ്സ് ബാംഗ്ളൂരിനെ ഒരിക്കൽപ്പോലും ഐ.പി.എൽ ചാമ്പ്യന്മാരാക്കാൻ കഴിയാതെ വിരാട് കൊഹ്‌ലി നായകസ്ഥാനമൊഴിയുന്നു. ഇന്നലെ എലിമിനേറ്ററിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനോട് നാലുവിക്കറ്റിനാണ് ബാംഗ്ളൂരിന്റെ തോൽവി.കൊൽക്കത്തയ്ക്ക് നാളെ രണ്ടാം ക്വാളിഫയറിൽ ഡൽഹി ക്യാപ്പിറ്റൽസിനെ തോൽപ്പിക്കാനായാൽ ഫൈനലിലെത്താം.
ഇന്നലെ ആദ്യ ബാറ്റിംഗിനിറങ്ങിയ ആർ.സി.ബിക്ക് നിശ്ചിത 20 ഓവറിൽ ഏഴ് വിക്കറ്റ് നഷ്‌ടത്തിൽ 138 റൺസാണ് നേടാനായത്.മറുപടിക്കിറങ്ങിയ കൊൽക്കത്ത രണ്ട് പന്തുകൾ ബാക്കിനിൽക്കേ ലക്ഷ്യത്തിലെത്തി.
ബാംഗ്ളൂരിന് ഓപ്പണർമാരായ വിരാട് കൊഹ്‌ലിയും (39) ദേവ്ദത്ത് പടിക്കലും (21) മാന്യമായ തുടക്കം നൽകിയെങ്കിലും തുടർന്നിറങ്ങിയവർക്ക് റൺസുയർത്താൻ കഴിയാതെപോയതാണ് തിരിച്ചടിയായത്. നാലോവറിൽ 21 റൺസ് വഴങ്ങി നാലുവിക്കറ്റ് വീഴ്ത്തിയ സുനിൽ നരെയ്നാണ് കൊൽക്കത്ത നിരയിൽ മികച്ചുനിന്നത്. ലോക്കീ ഫെർഗൂസൺ രണ്ട് വിക്കറ്റ് നേടി.