അച്ഛനും അമ്മയ്ക്കും എന്റെ ഹെയര്‍ സ്റ്റൈല്‍ പോലും ഇഷ്ടമല്ല
ഭോപ്പാൽ: മ്യൂസിക് വീഡിയോ നിർമ്മിക്കണമെന്ന അന്ത്യാഭിലാഷം പ്രധാനമന്ത്രി നടപ്പിലാക്കണമെന്നാവശ്യപ്പെട്ട് കത്തെഴുതി വച്ച ശേഷം സ്കൂൾ വിദ്യാർത്ഥി ആത്മഹത്യ ചെയ്തു. മദ്ധ്യപ്രദേശ് ഗ്വാളിയാറിലെ പ്ളസ് വൺ വിദ്യാർത്ഥിയായ അജിത് വൻഷ്കറാണ്(16) ട്രെയിനിന് മുന്നിൽ ചാടി ജീവനൊടുക്കിയത്. പ്രധാനമന്ത്രിക്കും മദ്ധ്യപ്രദേശ് സർക്കാരിനും കത്തെഴുതി വച്ച ശേഷമാണ് ആത്മഹത്യ. തനിക്ക് വേണ്ടി ഒരു മ്യൂസിക് വീഡിയോ നിർമ്മിക്കണമെന്നും ഗായകൻ അരിജിത് സിംഗ് ഗാനം ആലപിക്കണമെന്നുമാണ് ആവശ്യം. തന്റെ അവസാന ആഗ്രഹം പ്രധാനമന്ത്രി നടത്തിത്തരണമെന്നും കത്തിൽ പറയുന്നു.
വലിയ നർത്തകനെന്ന നിലയിൽ പ്രശസ്തി നേടണമെന്നായിരുന്നു അജിത്തിന്റെ ആഗ്രഹം. അത് സാധിക്കാതെ വന്നതിന്റെ നിരാശയിലാണ് ആത്മഹത്യ ചെയ്തതെന്ന് പൊലീസ് പറയുന്നു.
തന്റെ സ്വപ്നങ്ങൾ പിന്തുടരാൻ മാതാപിതാക്കൾ പിന്തുണ നൽകുന്നില്ലെന്നും കുട്ടി കത്തിൽ സൂചിപ്പിച്ചിട്ടുണ്ട്. പണമുള്ളവർക്ക് മാത്രമേ ഇത് സാധിക്കൂ എന്ന ധാരണയാണ് മാതാപിതാക്കൾക്ക്. അതുകൊണ്ടു തന്നെ അവർ തന്റെ ഹെയർസ്റ്റൈൽ പോലും ഇഷ്ടപ്പെടുന്നില്ല. മാതാപിതാക്കൾ തന്നോട് ക്ഷമിക്കണമെന്നും അജിത് കത്തിൽ ആവശ്യപ്പെടുന്നു.
"മ്യൂസിക് വീഡിയോയ്ക്ക് വേണ്ടി അരിജിത്ത് സിംഗ് ആലപിക്കുകയും സുശാന്ത് ഖത്രി കൊറിയോഗ്രാഫ് ചെയ്യുകയും വേണം. എങ്കിൽ മാത്രമേ എന്റെ ആത്മാവിന് ശാന്തി കിട്ടൂ. എന്റെ ആഗ്രഹം പ്രധാനമന്ത്രിയെ അറിയിക്കണം. എന്റെ മരണത്തിന് ആരും ഉത്തരവാദിയല്ല"- കത്തിൽ പറയുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |