ആലപ്പുഴ: ആലപ്പുഴ ചാത്തനാട് സ്ഫോടക വസ്തു പൊട്ടിത്തെറിച്ച് യുവാവ് മരിച്ചു. നിരവധി കേസുകളിൽ പ്രതിയായ അരുൺ കുമാർ എന്ന കണ്ണൻ (32) ആണ് കൊല്ലപ്പെട്ടത്. കഴിഞ്ഞ ദിവസം പ്രദേശത്ത് ഗുണ്ടാ സംഘങ്ങൾ തമ്മിൽ ഏറ്റമുട്ടിയിരുന്നു. ഇതിന്റെ തുടർച്ചയായുണ്ടായ സംഘർഷമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പൊലീസ് നൽകുന്ന പ്രാഥമിക വിവരം. എന്നാൽ എതിർ സംഘം ബോംബെറിഞ്ഞതാണേ കണ്ണന്റെ കൈയിലിരുന്ന ബോംബ് പൊട്ടിത്തെറിക്കുകയായിരുന്നോ എന്ന് വ്യക്തമല്ല. സ്ഫോടനത്തിൽ കണ്ണന്റെ ശരീരം ചിന്നിച്ചിതറിയ നിലയിലാണുള്ളത്.
രാഹുൽ എന്ന മറ്റൊരു ഗുണ്ടയെ തേടിയാണ് കണ്ണൻ്റെ സംഘം എത്തിയത്. രാഹുലിനെ കിട്ടാതെ വന്നതോടെ പ്രകോപിതനായ കണ്ണൻ ഇതേ സംഘത്തിൽപ്പെട്ട മറ്റൊരു യുവാവിനെ കൂട്ടാളികൾക്കൊപ്പം ചേർന്ന് ആക്രമിച്ചു. ഇതിനിടെയാണ് സ്ഫോടനം ഉണ്ടായതെന്നാണ് വിവരം. വെട്ടേറ്റ യുവാവ് ആശുപത്രിയിൽ ചികിത്സ തേടിയെങ്കിലും പൊലീസ് അന്വേഷിച്ചെത്തിയപ്പോഴേക്കും അവിടെ നിന്ന് കടന്നു കളഞ്ഞു.
സ്ഥലത്ത് വൻ പൊലീസ് സംഘം ക്യാമ്പുചെയ്യുകയാണ്. അക്രമികൾക്കുവേണ്ടി തിരച്ചിൽ ആരംഭിച്ചു. ആരെങ്കിലും പിടിയിലായോ എന്ന് വ്യക്തമല്ല.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |