പാരീസ്: ഫ്രഞ്ച് ക്ളബ് പാരീസ് എസ്.ജിയുടെ അർജന്റീനിയൻ സൂപ്പർതാരം ലയണൽ മെസിക്ക് കൊവിഡ് സ്ഥിരീകരിച്ചു. മറ്റ് മൂന്ന് താരങ്ങൾ കൂടി രോഗബാധിതരാണെന്ന് പി.എസ്.ജി അറിയിച്ചു.
യുവാൻ ബെർനാഡ്, ഗോൾകീപ്പർ സെർജിയോ റിക്കോ, മിഡ്ഫീൽഡർ നഥാൻ ബിറ്റുമസാല എന്നിവർക്കാണ് രോഗം സ്ഥിരീകരിച്ചത്. നാലുപേരും ഐസൊലേഷനിലാണ്.
മെസിയുടെ ആരോഗ്യസ്ഥിതി തൃപ്തികരമാണെന്ന് പി.എസ്.ജി അധികൃതർ വ്യക്തമാക്കി. ഫ്രഞ്ച് കപ്പിൽ വാനെസിനെതിരായ മത്സരത്തിന് മുമ്പ് നടത്തിയ പരിശോധനയിലാണ് മെസിക്ക് കൊവിഡ് സ്ഥിരീകരിച്ചത്. മെസിക്ക് ഈ മത്സരത്തിൽ കളിക്കാനാവില്ല. പരിക്കുമൂലം നെയ്മറും പി.എസ്.ജിയ്ക്ക് വേണ്ടി കളിക്കുന്നില്ല.
ഈ സീസണിലാണ് മെസി ബാഴ്സലോണ വിട്ട് പി.എസ്.ജിയിലെത്തിയത്. പി.എസ്.ജിയ്ക്ക് വേണ്ടി 16 മത്സരങ്ങൾ കളിച്ചു. ആറുഗോളുകൾ നേടി . നിലവിൽ ലീഗ് വണ്ണിൽ പി.എസ്.ജിയാണ് പോയിന്റ് പട്ടികയിൽ ഒന്നാമത്. 19 മത്സരങ്ങളിൽ നിന്ന് 46 പോയിന്റുകളുള്ള പി.എസ്.ജി രണ്ടാമതുള്ള നീസിനേക്കാൾ13 പോയിന്റ് മുന്നിലാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |