ചവറ: ഭർതൃവീട്ടിൽ യുവതിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ഭർത്താവ് അറസ്റ്റിൽ. ചവറ തോട്ടിനുവടക്ക് കോട്ടയിൽ വടക്കേതിൽ ശ്യാംരാജിന്റെ ഭാര്യ സ്വാതിശ്രീ(22)യെയാണ് ഈ മാസം 12ന് കിടപ്പുമുറിയിലെ ഫാനിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.
ആറ് മാസം മുമ്പായിരുന്നു സ്വാതിശ്രീയുടെ വിവാഹം. പ്രണയവിവാഹമായിരുന്നു. മകളുടെ മരണത്തിൽ ദുരൂഹതയുണ്ടെന്ന് ആരോപിച്ച് സ്വാതിശ്രീയുടെ പിതാവ് പൊലീസിൽ പരാതി നൽകിയിരുന്നു. സംഭവ സമയത്ത് ശ്യാംരാജ് അച്ഛനുമായി തിരുവനന്തപുരത്ത് ആശുപത്രിയിലായിരുന്നു.
ശ്യാംരാജ് യുവതിയെ ഫോണിൽ വിളിച്ചു അസഭ്യം പറയുകയും കൊന്ന് കളയുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തതാണ് ആത്മഹത്യയ്ക്ക് കാരണമെന്ന് പൊലീസ് പറയുന്നു. വിവാഹം കഴിഞ്ഞ് ആദ്യ നാളുകളിൽത്തന്നെ ഇരുവരും തമ്മിൽ അസ്വാരസ്യങ്ങൾ തുടങ്ങിയിരുന്നു. ഭർത്താവിനു വഴിവിട്ട ബന്ധങ്ങൾ ഉള്ളതായി മൊബൈൽ ഫോണിൽ നിന്നും മനസിലാക്കിയതിനെത്തുടർന്നാണ് പ്രശ്നങ്ങൾ ഉടലെടുത്തതെന്നും അന്വേഷണ ഉദ്യോഗസ്ഥർ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |