മുംബയ്: ഡിജിറ്റൽ പണമിടപാടുകൾ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി, ഫീച്ചർ ഫോണുകളിലും ഉപയോഗിക്കാവുന്ന യൂണിഫൈഡ് പേമെന്റ് ഇന്റർഫേസ് (യു.പി.ഐ) സംവിധാനം അവതരിപ്പിച്ച് റിസർവ് ബാങ്ക്. രാജ്യത്തെ 40 കോടിയോളം വരുന്ന ഫീച്ചർഫോൺ ഉപഭോക്താക്കളെ ലക്ഷ്യമിട്ടുള്ള ''123പേ (123PAY)" എന്ന യു.പി.ഐ സംവിധാനമാണ് റിസർവ് ബാങ്ക് ഗവർണർ ശക്തികാന്ത ദാസ് അവതരിപ്പിച്ചത്.
123പേ സംബന്ധിച്ച സംശയനിവാരണത്തിനും സഹായങ്ങൾക്കുമായുള്ള ഹെൽപ്ലൈൻ സംവിധാനമായ 'ഡിജിസാത്തി" സേവനത്തിനും റിസർവ് ബാങ്ക് തുടക്കമിട്ടു. സമൂഹത്തിൽ പിന്നാക്കം നിൽക്കുന്നവർ, ഗ്രാമീണർ തുടങ്ങിയവരെയും ഡിജിറ്റൽ പേമെന്റുകളിലൂടെ മുഖ്യധാരയിലേക്ക് ഉയർത്താൻ 123പേയ്ക്ക് കഴിയുമെന്ന് ശക്തികാന്ത ദാസ് പറഞ്ഞു.
പണം കൈമാറാൻ 123പേ
ഇന്ററാക്ടീവ് വോയിസ് റെസ്പോൺസ് (ഐ.വി.ആർ) നമ്പർ, മിസ്ഡ് കാൾ, ഫീച്ചർഫോൺ ആപ്പ് ശബ്ദതരംഗങ്ങളായി ഡേറ്റാ ട്രാൻസ്ഫർ ചെയ്യുന്ന സൗണ്ട്-ബേസ്ഡ് സംവിധാനം തുടങ്ങിയവ ഉപയോഗിച്ച് 123പേയിലൂടെ പണംകൈമാറാം.
സുഹൃത്തുകൾക്കും ബന്ധുക്കൾക്കും പണം അയ്ക്കാൻ, ബില്ലുകൾ അടയ്ക്കാൻ, റീചാർജിംഗ്, ബാലൻസ് പരിശോധന തുടങ്ങിയവയ്ക്ക് 123പേ ഉപയോഗിക്കാം.
24x7 ഡിജിസാത്തി
123പേ സംബന്ധിച്ച് ഉപഭോക്താക്കളെ സഹായിക്കാനുള്ളതാണ് 24x7 സേവനം ലഭിക്കുന്ന ഡിജിസാത്തി. ഉപഭോക്താക്കൾക്ക് www.digisaathi.info സന്ദർശിക്കുകയോ 14431 അല്ലെങ്കിൽ 1800 891 3333 എന്നീ ഫോൺ നമ്പറുകളിൽ വിളിക്കുകയോ ചെയ്യാം.
ഡിജിറ്റൽ കുതിപ്പിൽ ഇന്ത്യ
ഈവർഷം ഫെബ്രുവരിയിൽ 8.27 ലക്ഷം കോടി രൂപ മതിക്കുന്ന 452 കോടി യു.പി.ഐ ഇടപാടുകളാണ് രാജ്യത്ത് നടന്നതെന്ന് നാഷണൽ പേമെന്റ്സ് കോർപ്പറേഷൻ ഒഫ് ഇന്ത്യ (എൻ.പി.സി.ഐ) വ്യക്തമാക്കുന്നു.
സ്മാർട്ട്ഫോൺ ഉപഭോക്താക്കൾക്കിടയിൽ ഡിജിറ്റൽ പേമെന്റുകൾ സാധാരണമായി കഴിഞ്ഞു.
ഫീച്ചർഫോണുകളിലും യു.പി.ഐ ലഭ്യമായതോടെ, കറൻസി-നോട്ട് ഇടപാടുകൾ കുറഞ്ഞ രാജ്യമെന്ന നേട്ടത്തിലേക്ക് ഇന്ത്യ അതിവേഗം ചുവടുവയ്ക്കുമെന്നാണ് എൻ.പി.സി.ഐയുടെയും റിസർവ് ബാങ്കിന്റെയും പ്രതീക്ഷ.
₹100 ലക്ഷംകോടി
നടപ്പുവർഷം (2021-22) ഇതുവരെ 76 ലക്ഷം കോടി രൂപയുടെ യു.പി.ഐ ഇടപാടുകൾ നടന്നു. 41 ലക്ഷം കോടി രൂപയായിരുന്നു 2020-21ൽ. വർഷം 100 ലക്ഷം കോടി രൂപയുടെ ഇടപാടുമൂല്യത്തിലേക്ക് അതിവേഗം മുന്നേറാൻ 123പേ സഹായിക്കുമെന്ന് റിസർവ് ബാങ്ക് പ്രതീക്ഷിക്കുന്നു.
എങ്ങനെ ഉപയോഗിക്കാം?
ഇന്റർനെറ്റില്ലാത്ത ഫീച്ചർഫോണുകളിലൂടെ, മാതൃഭാഷയിൽ തന്നെ പണമിടപാട് നടത്താമെന്നതാണ് യു.പി.ഐ 123പേയുടെ പ്രത്യേകത.
ഇടപാടുകാരൻ ബാങ്ക് അക്കൗണ്ടുമായി ഫീച്ചർഫോൺ നമ്പർ ബന്ധിപ്പിക്കണം.
ഡെബിറ്റ് കാർഡുപയോഗിച്ച് യു.പി.ഐ പിൻ നേടണം.
തുടർന്ന് ഐ.വി.ആർ നമ്പർ ഡയൽചെയ്ത്, യു.പി.ഐ പിൻ ഉപയോഗിച്ച് പണമിടപാടുകൾ നടത്താം.
ഐ.വി.ആറിലൂടെ പണം കൈമാറാം, ബില്ലുകൾ അടയ്ക്കാം, റീചാർജുകൾ നടത്താം.
ഐ.വി.ആറിന് പുറമേ ഫീച്ചർഫോൺ യു.പി.ഐ ആപ്പ്, മിസ്ഡ് കാൾ സേവനം (കടകളിലും മറ്റും പ്രദർശിപ്പിച്ച ഫോൺ നമ്പറിലേക്ക് മിസ്ഡ്കാൾ നൽകിയുള്ള ഇടപാട്), സൗണ്ട് ബേസ്ഡ് പേമെന്റ് (ഫോണുകൾ അടുത്തടുത്ത് വച്ചുകൊണ്ട്) തുടങ്ങിയ പേമെന്റ് ഓപ്ഷനുകളും 123പേയിലുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |