കൊല്ലം: കൊല്ലം എക്സൈസ് നാർക്കോട്ടിക് സ്പെഷ്യൽ സ്ക്വാഡ് "ഓപ്പറേഷൻ സ്റ്റഫിന്റെ" ഭാഗമായി നടത്തിയ റെയ്ഡിൽ സിനിമാ ജൂനിയർ ആർട്ടിസ്റ്റ് 'പാർട്ടി ഡ്രഗ് ' എന്ന് അറിയപ്പെടുന്ന എം.ഡി.എം.എയുമായി (മെത്തലീൻ ഡയോക്സി മെത്താഫെറ്റാമിൻ) പിടിയിലായി. മുഖത്തല പേരയം വയലിൽ പുത്തൻവീട്ടിൽ നഷീബാണ് (28) 1.200 ഗ്രാം എം.ഡി.എം.എയും 20 ഗ്രാം കഞ്ചാവുമായി പിടിയിലായത്.
കൊല്ലം അസിസ്റ്റന്റ് എക്സൈസ് കമ്മിഷണർ വി. റോബർട്ടിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ കൊല്ലം എക്സൈസ് സ്പെഷ്യൽ സ്ക്വാഡ് സർക്കിൾ ഇൻസ്പെക്ടർ ജി.കൃഷ്ണകുമാറിന്റെ നേതൃത്വത്തിലുള്ള ഷാഡോ സംഘമാണ് നഷീബിനെ പിടികൂടിയത്. പ്രതി ചലച്ചിത്രങ്ങളിലും ഷോർട്ട് ഫിലിമുകളിലും ചെറിയ വേഷങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. ചലച്ചിത്ര രംഗത്തുള്ള ബന്ധങ്ങളിലൂടെ എറണാകുളത്തുള്ള ലഹരി മാഫിയകളിൽ നിന്നുമാണ് എം.ഡി.എം.എ വാങ്ങിയത്. കൊല്ലത്തുള്ള വിദ്യാർത്ഥികൾക്കും യുവാക്കൾക്കും 0.5 ഗ്രാമിന് 2000 രൂപയ്ക്ക് വിൽപ്പന നടത്തിവരികയായിരുന്നുവെന്നും പ്രതി വെളിപ്പെടുത്തി.
പരിശോധനാ സംഘത്തിൽ പ്രിവന്റീവ് ഓഫീസർ എം. മനോജ് ലാൽ, ബിനുലാൽ സിവിൽ എക്സൈസ് ഓഫീസർമാരായ ശ്രീനാഥ്, അജിത്ത്, നിഥിൻ, ജൂലിയൻ, വനിത സിവിൽ എക്സൈസ് ഓഫീസർ ആയ ശാലിനി എന്നിവരും ഉണ്ടായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |