കൊൽക്കത്ത : ഐ ലീഗ് ഫുട്ബാൾ പോയിന്റ് നിലയിൽ രണ്ടാം സ്ഥാനത്തുള്ള ഗോകുലം കേരള എഫ്. സി ഇന്ന് രാജസ്ഥാൻ യുണൈറ്റഡിനെ നേരിടും. കൊൽക്കത്തയിലെ കല്യാണി സ്റ്റേഡിയത്തിൽ വെെകിട്ട് 5.30നാണ് കിക്കോഫ്. 24 ന്യൂസിലും വൺ സ്പോർട്സ് ചാനലിലും തത്സമയസംപ്രേഷണം ഉണ്ടായിരിക്കും.
ആറു കളികളിൽ തോൽവി അറിയാതെ 14 പോയിന്റുമായാണ് ഗോകുലം പട്ടികയിൽ രണ്ടാം സ്ഥാനത്തു ള്ളത്. ആറു കളികളിൽ നിന്നും ഒമ്പതു പോയിന്റുള്ള രാജസ്ഥാൻ ആറാം സ്ഥാനക്കാരാണ്.
സ്ലോവേനിയൻ താരം ലുക്കാ മജ്സെൻ, മലയാളി താരം എം.എസ് ജിതിൻ, ജമൈക്കൻ താരം ജോർദാൻ ഫ്ലെച്ചർ എന്നിവർ അടങ്ങുന്ന ആക്രമണ നിരയിലാണ് ഗോകുലത്തിന്റെപ്രതീക്ഷകൾ. എട്ടു ഗോളുകളുമായി ലൂക്കായും മൂന്ന് ഗോളുകളുമായി ജിതിനുമാണ് ഗോകുലത്തിന്റെ അക്രമണനിരയിൽ തിളങ്ങുന്നത്. ഫ്ളെച്ചർ രണ്ടു ഗോളുകൾ നേടിയിട്ടുണ്ട്. ഗോകുലം കീപ്പർ രക്ഷിത് ദാഗറും മികച്ച പ്രകടനമാണ് ഇത് വരെ കാഴ്ചവെച്ചത്. ലീഗിൽ രണ്ടു പോയിന്റിന് മുന്നിൽ നിൽക്കുന്ന മുഹമ്മദൻസിനെ കഴിഞ്ഞ മത്സരത്തിൽ ഗോകുലം സമനിലയിൽ തളച്ചിരുന്നു. അതേസമയം രാജസ്ഥാൻ യുണൈറ്റഡിന്റെ ബലം പ്രതിരോധത്തിലാണ്. രണ്ടു ഗോളുകളേ രാജസ്ഥാൻ ടീം ഇത് വരെ വഴങ്ങിയിട്ടുള്ളു.
"രാജസ്ഥാന് എതിരെ ഗോൾ നേടുക ദുഷ്കരമായിരിക്കും. അവരുടെ സെന്റർ ബാക്ക് ഡോസ് സാൻറ്റോസ് ലാ ലീഗയിൽ കളിച്ച കളിക്കാരനാണ്. പക്ഷെ നമ്മുടെ ആക്രമണ നിരയിൽ എനിക്ക് പൂർണ വിശ്വാസമുണ്ട്,"-
വിൻസെൻസോ ആൽബർട്ടോ അന്നീസ്
ഗോകുലം കോച്ച്
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |