മലപ്പുറം ജില്ലാ ബാങ്ക് ഉടൻ കേരള ബാങ്കിന്റെ ഭാഗമാകുമെന്ന് മന്ത്രി വാസവൻ
കൊച്ചി: കേരളബാങ്കിൽ ആയിരത്തിലധികം തസ്തികകളിലേക്കുള്ള നിയമനത്തിന് പി.എസ്.സിയോട് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് മന്ത്രി വി.എൻ. വാസവൻ പറഞ്ഞു.
പ്രമോഷൻ നടപടികളും പൂർത്തിയാവുന്നു. മലപ്പുറം ജില്ലാബാങ്ക് ഉടൻ കേരളാ ബാങ്കിന്റെ ഭാഗമാകുമെന്നും കൊച്ചിയിൽ സഹകരണ എക്സ്പോ 2022 വേദിയിൽ പത്രസമ്മേളനത്തിൽ അദ്ദേഹം പറഞ്ഞു.
കേരളബാങ്കിന്റെ 'ബി ദി നമ്പർ വൺ" നിക്ഷേപ സമാഹരണ കാമ്പയിൻ വിജയമായി. മൂന്നുമാസം കൊണ്ട് നിഷ്ക്രിയ ആസ്തിയിലുള്ള കുറവ്, ബിസിനസ് വളർച്ച, നിക്ഷേപത്തിലും വായ്പയിലുമുള്ള വർദ്ധന എന്നിങ്ങനെ മേഖലകളിൽ ബാങ്കിന് വളരാനായെന്നും മന്ത്രി പറഞ്ഞു. കേരളാബാങ്ക് ചെയർമാൻ ഗോപി കോട്ടമുറിക്കൽ, അഡ്വ.പുഷ്പദാസ്, പി.എസ്.രാജൻ, കെ.സി.സഹദേവൻ എന്നിവരും പത്രസമ്മേളനത്തിൽ പങ്കെടുത്തു.
വരുമാനം കുതിച്ചു
കഴിഞ്ഞ സാമ്പത്തികവർഷം 5,631.58 കോടി രൂപയുടെ അധിക വളർച്ച കേരളബാങ്ക് നേടി. നിക്ഷേപത്തിൽ 3,000 കോടിയുടെയും വായ്പയിൽ 5422.34 കോടിയുടെയും വളർച്ചയുണ്ടായെന്ന് മന്ത്രി വാസവൻ പറഞ്ഞു. എൻ.ആർ.ഐ നിക്ഷേപം സ്വീകരിക്കാനുള്ള നടപടികളും പൂർത്തിയാവുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |