തിരുവനന്തപുരം: യൂബർ-ഒലെ മാതൃകയിൽ സർക്കാർ തുടക്കമിടുന്ന ഓൺലൈൻ ടാക്‌സി സർവീസ് ജൂൺ ആദ്യവാരം മുതൽ നിരത്തിലിറങ്ങും. 'കേരള സവാരി' എന്ന പേരിൽ ആരംഭിക്കുന്ന പദ്ധതി, ഉദ്ഘാടനം നിശ്ചയിച്ചിട്ടും
സാങ്കേതിക കാരണങ്ങളെ തുടർന്ന് പലവട്ടം മാറ്റിവയ്ക്കേണ്ടി വന്നിരുന്നു. കേരള മോട്ടോർ തൊഴിലാളി ക്ഷേമനിധി ബോർഡിന്റെ ആഭിമുഖ്യത്തിൽ ഗതാഗതം, ഐ.ടി, പൊലീസ്, ലീഗൽ മെട്രോളജി എന്നീ വകുപ്പുകളുടെ സഹകരണത്തോടെയാണ് ഓൺലൈൻ ടാക്സി-ഓട്ടോ സമ്പ്രദായം വരുന്നന്നത്. കേന്ദ്ര പൊതുമേഖല സ്ഥാപനമായ പാലക്കാട്ടെ ഇന്ത്യൻ ടെലിഫോൺ ഇൻഡസ്ട്രീസിന്റെ (ഐ.ടി.ഐ) സാങ്കേതിക പങ്കാളിത്തത്തോടെ സംസ്ഥാന തൊഴിൽ വകുപ്പാണ് പദ്ധതി നടപ്പാക്കുന്നത്.നിയന്ത്രണം ലേബർ കമ്മീഷണറേറ്റിനായിരിക്കും. കൂടുതൽ ഓട്ടോ–ടാക്സികളെ പദ്ധതിയിലേക്ക് ആകർഷിക്കാൻ പെട്രോൾ –ഡീസൽ, ടയർ, ഇൻഷ്വറൻസ് സബ്സിഡികൾ നൽകുന്നതും പരിഗണയിലാണ്.
കേരള സവാരി ആപ്പ്
പ്ലേ സ്റ്റോർ,ആപ്പ് സ്റ്റോർ എന്നിവയിൽ നിന്ന് കേരള സവാരി എന്ന ആപ്പ് ഡൗൺലോഡ് ചെയ്ത് യാത്രകൾ ബുക്ക് ചെയ്യാം. മൊബൈൽ ആപ്പിൽ കാണിക്കുന്ന പണം നൽകിയാൽ മതി. ഓട്ടം വിളിക്കുന്നയാൾ നിൽക്കുന്നതിന് 500 മീറ്ററിനുള്ളിലാണു വാഹനം ഉള്ളതെങ്കിൽ സ്ഥലത്തു വന്ന് ആളെ കയറ്റുന്നതിന് അധികം ചാർജ് ഉണ്ടാകില്ല. വെയിറ്റിംഗ് ചാർജിന്റെ കാര്യം പിന്നീട് തീരുമാനിക്കും. 24 മണിക്കൂറും കാൾ സെന്റർ സേവനം ലഭ്യമാകും. നിലവിലെ സാമ്പത്തിക പ്രതിസന്ധി കണക്കിലെടുത്ത് പദ്ധതിയിൽ അംഗങ്ങളാകുന്ന വാഹനങ്ങൾക്ക് ജി.പി.എസ് ഘടിപ്പിക്കേണ്ടതില്ല. സ്മാർട്ട് ഫോൺ ജി.പി.എസ് നാവിഗേഷനായി ഉപയോഗിക്കാം.
തുടക്കം തലസ്ഥാന നഗരിയിൽ
തുടക്കത്തിൽ നഗരത്തിൽ 50 ടാക്സിയും 100 ഓട്ടോറിക്ഷയുമാണ് പരീക്ഷണാർത്ഥം ഓടുന്നത്. പിന്നീട് ജില്ലാ ആസ്ഥാനങ്ങളിലേക്കും ഗ്രാമങ്ങളിലേക്കും പദ്ധതി വ്യാപിപ്പിക്കും. ഇത് വിലയിരുത്തി സംസ്ഥാനമൊട്ടാകെ വ്യാപിപ്പിക്കും. ഓരോ ട്രിപ്പിനും ടാക്സി ഉടമ തുകയുടെ 8ശതമാനം സർക്കാരിനു നൽകണം. ഇതിൽ 6ശതമാനം തുക ഐ.ടി.ഐ സേവനത്തിനാണ്. മോട്ടോർ വാഹനവകുപ്പ് നിശ്ചയിച്ചിട്ടുള്ള നിരക്കാണ് ടാക്സിക്കും ഓട്ടോയ്ക്കും നൽകേണ്ടത്.
നിലവിലെ മിനിമം ചാർജ്
ഓട്ടോറിക്ഷ -30 രൂപ
ടാക്സി -200 രൂപ
.