SignIn
Kerala Kaumudi Online
Sunday, 03 July 2022 3.00 PM IST

പിടികൂടിയത് അമേരിക്കയുൾപ്പടെ ഒരു ഡസൻ സമ്പന്ന രാജ്യങ്ങളെ, കൊവിഡിന്റെ വഴിയേ കുരങ്ങുപനിയും വരും നാളിൽ  ലോകത്തെ ഭരിക്കുമോ ?​ ആശങ്കയിലും ആശ്വസിക്കാൻ മുന്നിൽ  ഇവ മാത്രം 

monkeypox-

കൊവിഡിന്റെ ഭയാനതയിൽ നിന്നും ലോക രാജ്യങ്ങൾ മുക്തമായി വരുന്നതേയുള്ളു. പരിപൂർണമായി കൊവിഡിനെ കീഴടക്കാൻ കഴിഞ്ഞില്ലെങ്കിലും വൈറസിന്റെ തീവ്രത കെട്ടടങ്ങിയതും, വാക്സിൻ ഉൾപ്പടെയുള്ള പ്രതിരോധ മാർഗങ്ങൾ കണ്ടെത്തിയതും കൊവിഡിനൊപ്പം ജീവിക്കാൻ മനുഷ്യന് കരുത്ത് പകരുന്നു. കൊവിഡ് ലോകത്തിന് പുതിയൊരു രോഗമായിരുന്നെങ്കിൽ കുരങ്ങു പനി എന്ന മുൻപ് കേട്ടിട്ടുള്ള, ഒരിക്കൽ ശാസ്ത്ര ലോകം വിജയകരമായി കീഴടക്കിയ രോഗമാണ് ഇപ്പോൾ ചർച്ചാ വിഷയം. മുൻപ് ആഫ്രിക്കൻ രാജ്യങ്ങളിൽ നിരന്തരം കണ്ടെത്തിയിരുന്ന കുരങ്ങു പനിയെ ലോകം ഇപ്പോൾ ഭയപ്പെടുന്നത് രണ്ട് കാരണങ്ങളാലാണ്. ഒന്ന് അമേരിക്കയുൾപ്പടെയുള്ള സമ്പന്നരാഷ്ട്രങ്ങളിൽ പടരുന്നത്. കാനഡ, സ്‌പെയിൻ, ഇസ്രായേൽ, ഫ്രാൻസ്, സ്വിറ്റ്സർലൻഡ്, യുഎസ്, ഓസ്‌ട്രേലിയ എന്നിവയുൾപ്പെടെ ഒരു ഡസൻ രാജ്യങ്ങളിലാണ് കുരങ്ങ് പനി പടരുന്നത്. മികച്ച ആരോഗ്യ സംവിധാനങ്ങളുള്ള ഈ രാജ്യങ്ങളിൽ കുരങ്ങുപനി വെല്ലുവിളി ഉയർത്തുന്നതാണ് ആശങ്കയ്ക്ക് കാരണം. കുരങ്ങു പനിയെ ലോകം ഭയക്കാനുള്ള രണ്ടാമത്തെ കാരണം കൊവിഡ് ഏൽപ്പിച്ച ഭീതി. ഒരു രാജ്യത്ത് ഉണ്ടാവുന്ന രോഗം ലോകം എമ്പാടും എത്തും എന്നത് തെളിയിച്ച രോഗമാണ് കൊവിഡ്. താരതമ്യേന പുറം ലോകത്തുനിന്നും അകന്ന് കഴിയാൻ ഇഷ്ടപ്പെടുന്ന, നിയന്ത്രണങ്ങളേറെയുള്ള ചൈനയിൽ നിന്നുമാണ് കൊവിഡ് യൂറോപ്യൻ രാജ്യങ്ങളിലെത്തി പിന്നീട് ലോകം മുഴുവൻ വ്യാപിച്ചത്.


ആശ്വസിക്കാം ഇക്കാര്യങ്ങളിൽ

അമേരിക്ക ഉൾപ്പടെയുള്ള രാജ്യങ്ങളിൽ കുരങ്ങുപനി കേസുകളുടെ പെട്ടെന്നുള്ള വർദ്ധന ആശങ്കാജനകമാണെന്നാണ് യുഎസ് പ്രസിഡന്റ് ജോ ബൈഡൻ പറഞ്ഞത്, എന്നാൽ അതേസമയം ഇത് കൊവിഡ് 19 പോലുള്ള മഹാമാരിക്ക് കാരണമാകില്ലെന്ന് യുഎസിലെ ഉന്നത ആരോഗ്യ വിദഗ്ദ്ധർ പറയുന്നു. കൊവിഡ് പോലുള്ള മഹാമാരിയാകാനുള്ള സാദ്ധ്യത പൂജ്യം ശതമാനമാണെന്ന് മേരിലാൻഡ് യൂണിവേഴ്സിറ്റി അപ്പർ ചെസാപീക്ക് ഹെൽത്ത് വൈസ് പ്രസിഡന്റും ചീഫ് ക്വാളിറ്റി ഓഫീസറുമായ ഡോ.ഫഹീം യൂനുസ് പറഞ്ഞു.

കൊവിഡ് 19 വൈറസ് പോലെ കുരങ്ങു പനി പരത്തുന്ന മങ്കിപോക്സ് വൈറസ് പുതിയതല്ലെന്നതാണ് ശാസ്ത്ര ലേകത്തിന് ആശ്വാസം പകരുന്നത്. പതിറ്റാണ്ടുകളായി മങ്കിപോക്സിനെക്കുറിച്ച് അറിയാം, വസൂരിയുടെ അതേ വൈറസ് കുടുംബത്തിൽ പെടുന്ന രോഗത്തെക്കുറിച്ച് ആഴത്തിലുള്ള ധാരണയുണ്ട്. മങ്കിപോക്സ് വൈറസ് സാധാരണയായി മാരകമല്ലെന്നും കൊവിഡിന് കാരണമായ വൈറസിനേക്കാൾ പകർച്ചവ്യാധി കുറവാണെന്നും ഡോ. ഫഹീം കൂട്ടിച്ചേർത്തു.

കൊവിഡിന് വാക്സിൻ വികസിപ്പിക്കുവാൻ മാത്രം ഒരു വർഷത്തിന് മുകളിൽ സമയമെടുത്തപ്പോൾ കുരങ്ങുപനി തടയാനുള്ള മരുന്നുകൾ നിലവിൽ ലഭ്യമാണ്. ജപ്പാനിൽ സന്ദർശനം നടത്തുന്ന അമേരിക്കൻ പ്രസിഡന്റ് ഇക്കാര്യം ഉറപ്പിക്കുകയും ചെയ്തിട്ടുണ്ട്. കൊവിഡ് 19നൊപ്പം നിലനിന്നിരുന്ന തരത്തിലുള്ള ആശങ്കയുടെ തലത്തിലേക്ക് ഇത് ഉയരുമെന്ന് കരുതുന്നില്ലെന്നാണ് കുരങ്ങു പനിയെ കുറിച്ച് ബൈഡൻ പറഞ്ഞത്.

monkeypox-

അറിയാം മങ്കിപോക്സ്

മൃഗങ്ങളിൽ നിന്ന് മനുഷ്യരിലേക്ക് വൈറസ് വഴി പകരുന്ന ഒരു രോഗമാണ് മങ്കിപോക്സ് അഥവാ വാനരവസൂരി. തീവ്രത കുറവാണെങ്കിലും 1980ൽ ലോകമെമ്പാടും ഉന്മൂലനം ചെയ്യപ്പെട്ടതായി പ്രഖ്യാപിക്കപ്പെട്ട ഓർത്തോപോക്സ് വൈറസ് അണുബാധയായ വസൂരിയുടെ ലക്ഷണങ്ങളുമായി വാനര വസൂരിയുടെ ലക്ഷണങ്ങൾക്ക് സാദൃശ്യമുണ്ട്. പ്രധാനമായും മദ്ധ്യ, പടിഞ്ഞാറൻ ആഫ്രിക്കയിലാണ് ഈ രോഗം കാണപ്പെടുന്നത്. 1958ലാണ് ആദ്യമായി കുരങ്ങുകളിൽ രോഗം സ്ഥിരീകരിച്ചത്. 1970ൽ ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോയിൽ 9 വയസുള്ള ആൺകുട്ടിയിലാണ് മനുഷ്യരിൽ വാനരവസൂരി ആദ്യമായി കണ്ടെത്തിയത്.

രോഗ പകർച്ച

രോഗം ബാധിച്ച മൃഗങ്ങളുടെ രക്തം, ശരീര സ്രവങ്ങൾ എന്നിവ വഴി നേരിട്ടുള്ള സമ്പർക്കത്തിലൂടെ മൃഗങ്ങളിൽ നിന്ന് മനുഷ്യരിലേക്ക് വാനരവസൂരി പകരാം. അണ്ണാൻ, എലികൾ, വിവിധ ഇനം കുരങ്ങുകൾ എന്നിവയുൾപ്പെടെ നിരവധി മൃഗങ്ങളിൽ വാനര വസൂരി വൈറസ് അണുബാധയുടെ തെളിവുകൾ കണ്ടെത്തിയിട്ടുണ്ട്. വനമേഖലയിലോ സമീപത്തോ താമസിക്കുന്ന ആളുകൾക്ക് രോഗബാധിതരായ മൃഗങ്ങളുമായുള്ള സമ്പർക്കമുണ്ടായാൽ രോഗബാധയുണ്ടാകാനുള്ള സാദ്ധ്യതയുണ്ട്.

monkeypox-

രോഗബാധിതനായ ഒരാളുടെ ശ്വാസകോശ സ്രവങ്ങളുമായുള്ള അടുത്ത സമ്പർക്കത്തിലൂടെയാണ് മനുഷ്യരിൽ നിന്ന് മനുഷ്യരിലേക്ക് രോഗം പകരുന്നത്. ക്ഷതങ്ങൾ, ശരീര സ്രവങ്ങൾ, ശ്വസന തുള്ളികൾ, കിടക്ക പോലുള്ള വസ്തുക്കൾ എന്നിവയുമായുള്ള അടുത്ത സമ്പർക്കത്തിലൂടെയാണ് വാനര വസൂരി വൈറസ് ഒരാളിൽ നിന്ന് മറ്റൊരാളിലേക്ക് പകരുന്നത്.

പ്ലാസന്റ വഴി അമ്മയിൽ നിന്ന് കുഞ്ഞിലേക്കോ അല്ലെങ്കിൽ ജനനസമയത്തോ, അതിനുശേഷമോ കുഞ്ഞുമായുള്ള അടുത്ത സമ്പർക്കത്തിലൂടെയും രോഗസംക്രമണം സംഭവിക്കാം. ലോകമെമ്പാടും വസൂരിക്കുള്ള വാക്സിനേഷൻ നിർത്തലാക്കിയതിനാൽ പൊതുജനങ്ങളിൽ വസൂരിക്കെതിരെയുള്ള പ്രതിരോധശേഷി കുറയുന്നത് വാനര വസൂരിക്കെതിരെയുള്ള പ്രതിരോധശേഷി കുറയ്ക്കുന്നതിനും കാരണമായേക്കാം.

ലക്ഷണങ്ങൾ

സാധാരണഗതിയിൽ വാനര വസൂരിയുടെ ഇൻകുബേഷൻ കാലയളവ് 6 മുതൽ 13 ദിവസം വരെയാണ്. എന്നാൽ ചില സമയത്ത് ഇത് 5 മുതൽ 21 ദിവസം വരെയാകാം. 2 മുതൽ 4 ആഴ്ച വരെ ലക്ഷണങ്ങൾ നീണ്ടു നിൽക്കാറുണ്ട്. മരണ നിരക്ക് പൊതുവെ കുറവാണ്.

പനി, തീവ്രമായ തലവേദന, കഴലവീക്കം, നടുവേദന, പേശി വേദന, ഊർജക്കുറവ് എന്നിവയാണ് പ്രാരംഭ ലക്ഷണങ്ങൾ. പനി വന്ന് 13 ദിവസത്തിനുള്ളിൽ ദേഹത്ത് കുമിളകൾ പ്രത്യക്ഷപ്പെടാൻ തുടങ്ങുന്നു. മുഖത്തും കൈകാലുകളിലുമാണ് കൂടുതൽ കുമിളകൾ കാണപ്പെടുന്നത്. ഇതിനുപുറമെ കൈപ്പത്തി, ജനനേന്ദ്രിയം, കോർണിയ എന്നീ ശരീരഭാഗങ്ങളിലും ഇവ കാണപ്പെടുന്നു.

രോഗം ഗുരുതരമാകുന്നത് രോഗിയുടെ ആരോഗ്യനില, പ്രതിരോധശേഷി, രോഗത്തിന്റെ സങ്കീർണതകൾ എന്നിവയെ ആശ്രയിച്ചിരിക്കുന്നു. സാധാരണയായി കുട്ടികളിലാണ് രോഗം ഗുരുതരമാകുന്നതായി കാണപ്പെടുന്നത്. അണുബാധകൾ, ബ്രോങ്കോന്യുമോണിയ, സെപ്സിസ്, എൻസെഫലൈറ്റിസ്, കോർണിയയിലെ അണുബാധ എന്നിവയും തുടർന്നുള്ള കാഴ്ച നഷ്ടവും ഈ രോഗത്തിന്റെ സങ്കീർണതകളിൽ ഉൾപ്പെടുന്നു. രോഗലക്ഷണങ്ങളില്ലാതെയുള്ള അണുബാധ എത്രത്തോളം സംഭവിക്കാം എന്നത് അജ്ഞാതമാണ്.

monkeypox-

ചികിത്സ

വൈറൽ രോഗമായതിനാൽ വാനര വസൂരിക്ക് പ്രത്യേക ചികിത്സ ലഭ്യമല്ല. രോഗലക്ഷണങ്ങൾ ലഘൂകരിക്കുന്നതിനും, രോഗം മൂലമുണ്ടാകുന്ന സങ്കീർണതകൾ കൈകാര്യം ചെയ്യുന്നതിനും, ദീർഘകാല പ്രത്യാഘാതങ്ങൾ തടയുന്നതിനും വാനരവസൂരിയുടെ ലക്ഷണങ്ങൾ കണ്ടാൽ ചികിത്സ തേടേണ്ടത് അത്യാവശ്യമാണ്. വാനര വസൂരിക്ക് വാക്സിനേഷൻ നിലവിലുണ്ട്.

പ്രതിരോധം

അസുഖം ബാധിച്ച സമയത്തും, അവയുടെ മൃതശരീരങ്ങൾ കൈകാര്യം ചെയ്യുന്ന സമയത്തും വന്യമൃഗങ്ങളുമായുള്ള സുരക്ഷിതമല്ലാത്ത സമ്പർക്കം ഒഴിവാക്കുക. അവയുടെ മാംസം, രക്തം, മറ്റ് ഭാഗങ്ങൾ എന്നിവയുമായുള്ള സമ്പർക്കവും ഒഴിവാക്കണം. ഇതോടൊപ്പം മൃഗങ്ങളുടെ മാംസം കഴിക്കുന്നതിനു മുമ്പ് നന്നായി വേവിച്ചിട്ടുണ്ട് എന്ന് ഉറപ്പു വരുത്തണം.

രോഗബാധിതരായ മനുഷ്യരുമായി അടുത്തിടപഴകുന്നതാണ് വാനര വസൂരി വൈറസ് അണുബാധയ്ക്കുള്ള ഏറ്റവും പ്രധാനപ്പെട്ട കാരണം. വൈറസ് ബാധയുണ്ടെന്ന് സംശയിക്കുന്നതോ സ്ഥിരീകരിച്ചതോ ആയ രോഗികളെ പരിചരിക്കുന്ന ആരോഗ്യ പ്രവർത്തകരും രോഗബാധിതരുടെ സ്രവങ്ങൾ കൈകാര്യം ചെയ്യുന്നവരും രോഗപ്പകർച്ച ഒഴിവാക്കുന്നതിനായി നിർബന്ധമായും സാധാരണ സ്വീകരിക്കുന്ന അണുബാധ നിയന്ത്രണ മുൻകരുതലുകളെടുക്കണം.

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: MONKEYPOX, MONKEY, POXO, COVID, LOCKDOWN, MONEKEY POX AND COVID, MONKEYPOX CAUSE COVID-LIKE PANDEMIC
KERALA KAUMUDI EPAPER
TRENDING IN NEWS 360
VIDEOS
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.