പൊന്നാനി: പൊന്നാനി താലൂക്കിന്റെ വിവിധ മേഖലകളിൽ കടലാക്രമണം രൂക്ഷമായി.പൊന്നാനി വില്ലേജ് പരിധിയിലും, വെളിയങ്കോട് തണ്ണിത്തുറയിലുമായി തിരമാലകൾ ശക്തമായി ആഞ്ഞടിക്കുകയാണ്. തീരദേശ റോഡുകളെല്ലാം വെള്ളക്കെട്ടിലായി. പൊന്നാനി ലൈറ്റ് ഹൗസ്, മരക്കടവ്, മുറിഞ്ഞഴി, അലിയാർ പളളി, മൈലാഞ്ചിക്കാട്, പുതുപൊന്നാനി അബു ഹുറൈറ പള്ളി പരിസരം, വെളിയങ്കോട് തണ്ണിത്തുറ, പത്തുമുറി, പെരുമ്പടപ്പ് പഞ്ചായത്തിലെ അജ്മീർ എന്നീ മേഖലകളിലാണ് കടലാക്രമണം രൂക്ഷമായത്. താലൂക്കിലുടനീളം നൂറോളം വീടുകളിലേക്കാണ് വെള്ളം കയറിയത്. നിരവധി വീടുകൾ ഏത് നിമിഷവും കടലെടുക്കുമെന്ന സ്ഥിതിയിലാണ്. രാവിലെ മുതൽ കടൽക്ഷോഭം അതിരൂക്ഷമാവുകയായിരുന്നു. പൊന്നാനിയിൽ മുല്ലാ റോഡിനു പുറമെ മുറിഞ്ഞഴി, ലൈറ്റ് ഹൗസ് പരിസരം, മരക്കടവ്, അലിയാർ പള്ളി പരിസരം എന്നിവിടങ്ങളിലും കടലാക്രമണം രൂക്ഷമായി. നിരവധി വീടുകളിലേക്ക് കടൽവെള്ളം കയറി മണലും, ചെളിയും നിറഞ്ഞ് താമസയോഗ്യമല്ലാതായി. കടലോരത്തെ നൂറോളം തെങ്ങുകൾ കടലാക്രമണത്തിൽ കടപുഴകി. കടൽഭിത്തിയില്ലാത്ത മേഖലകളിലാണ് കടലേറ്റം ശക്തമായിട്ടുള്ളത്.ഈ ഭാഗങ്ങളിൽ തിരമാലകൾ നേരിട്ട് വീടുകളിലേക്ക് ആഞ്ഞടിക്കുകയാണ്. അതേ സമയം കടൽ വെള്ളം ഇരച്ചുകയറി തീരദേശ മേഖലയാകെ വെള്ളക്കെട്ടിലാണ്. അമ്പത് മീറ്ററിനകത്ത് താമസിക്കുന്ന വീടുകളാണ് തകർച്ചാഭീഷണിയിലുള്ളത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |