ലാഭം നേടാൻ വഴി സ്വിഫ്ടും സ്വകാര്യ ബസുകളും
തിരുവനന്തപുരം: കെ.എസ്.ആർ.ടി.സിയിൽ 2021-22, 2022-23 വർഷങ്ങളിൽ 1928 ജീവനക്കാർ വിരമിക്കുമെങ്കിലും സാമ്പത്തിക പ്രതിസന്ധി കാരണം പുതിയ നിയമനം ഉണ്ടാവില്ല. മാത്രമല്ല, അഞ്ച് വർഷത്തേത്ത് സ്ഥിരം നിയമനം വേണ്ടെന്ന് കഴിഞ്ഞ സർക്കാരിന്റെ കാലത്തേ തീരുമാനിച്ചതുമാണ്. സ്വിഫ്ട് കമ്പനി കൂടുതൽ സർവീസുകൾ ഏറ്റെടുത്തും സ്വകാര്യ ബസുകളെ ഉൾപ്പെടുത്തിയും പ്രതിസന്ധി അതിജീവിക്കാനാണ് നീക്കം.
ബസും ജീവനക്കാരും തമ്മിലുള്ള അനുപാതം 1:8 ആയി ഉയർന്നപ്പോഴാണ് അത് 1:5 നു താഴെയാക്കാനായി സുശീൽ ഖന്ന റിപ്പോർട്ട് കൂടി പരിഗണിച്ച് ജീവനക്കാരുടെ എണ്ണം നിയന്ത്രിച്ചത്. കൊവിഡിൽ കുത്തനെ കുറഞ്ഞ ബസ് സർവീസുകൾ പഴയ സ്ഥിതിയിൽ എത്തിയിട്ടില്ല.
നിലവിൽ 25,365 ജീവനക്കാരാണുള്ളത്. 9,552 ഡ്രൈവർമാരും 9,060 കണ്ടക്ടർമാരും ആണ്. ശരാശരി 3600 സർവീസുകളാണ് നടത്തുന്നത്. അതിന് നിലവിലെ ഡ്രൈവർ കണ്ടക്ടർമാർമാർ മതിയെങ്കിലും മുമ്പത്തെ 5,500 സർവീസുകൾ പുനഃസ്ഥാപിക്കാൻ ഇവർ പോരാ. ഈ സാമ്പത്തിക വർഷം 983 പേരാണ് വിരമിക്കുന്നത് - അവരിൽ 482 പേർ ഡ്രൈവർമാരും 200 പേർ കണ്ടക്ടർമാരും ആണ്.
സർവീസുകൾ സ്വിഫ്ടിലേക്ക്
116 ബസുകളാണ് സ്വിഫ്ടിന് ഉള്ളത്. 700 സൂപ്പർ ക്ലാസ് സർവീസുകൾ ആണ് ലക്ഷ്യം. കരാർ ജീവനക്കാരായതിനാൽ അധിക ബാദ്ധ്യത ഇല്ല. 50 ഇലക്ട്രിക് ബസുകളുമായി ഓർഡിനറി സർവീസുകൾ നടത്താനും തീരുമാനിച്ചിട്ടുണ്ട്.
സ്വകാര്യ ബസുകളും
ബഡ്ജറ്റ് ടൂറിസത്തിനായി സ്വകാര്യബസുകളെയും കൂട്ടുകയാണ്. മറ്റ് റൂട്ടുകളിലും സ്വകാര്യ ബസുകൾ ഓടിച്ച് പ്രതിദിന വരുമാനം 8 - 9 കോടി നേടുകയാണ് ലക്ഷ്യം. നിലവിൽ 7കോടി കിട്ടുന്നത് പോലും അപൂർവം ദിവസങ്ങളിലാണ്.
ഡ്രൈ ലീസ്, വെറ്റ് ലീസ് വ്യവസ്ഥകളിൽ സ്വകാര്യ ബസുകൾ വാടകയ്ക്കെടുക്കും. ആദ്യം 250 സ്വകാര്യ ബസുകൾ നിരത്തിലിറക്കും. ജീവനക്കാരില്ലാതെ ബസ് മാത്രം വാടകയ്ക്ക് എടുക്കുന്നതാണ് ഡ്രൈ ലീസ്. ജീവനക്കാരെ ഉൾപ്പെടെ വാടകയ്ക്കെടുക്കുന്നതാണ് വെറ്റ് ലീസ്.
ഡ്രൈ ലീസിൽ കെ.എസ്.ആർ.ടി.സി ഡ്രൈവറും കണ്ടക്ടറുമായിരിക്കും ബസിൽ ഉണ്ടാവുക. ഇന്ധനച്ചെലവും സ്റ്റേജ് കാരിയേജ് പെർമിറ്റും കെ.എസ്.ആർ.ടി.സി എടുക്കും. അറ്റകുറ്റപ്പണി, ടയർ, ഇൻഷ്വറൻസ് ഉടമകളുടെ ഉത്തരവാദിത്വമാണ്. മൂന്ന് വർഷത്തേക്കാണ് കരാർ. വെറ്റ് ലീസിൽ ജീവനക്കാരുടെ ദിവസവേതനം കെ.എസ്.ആർ.ടി.സി നൽകണം. എങ്ങനായാലും നേട്ടമാകുമെന്നാണ് കണക്ക്.
നിലവിൽ ജീവനക്കാർ 25,365
3600 സർവീസുകൾ നടത്തുമ്പോൾ അനുപാതം 1:7.4
5,500 നടത്തിയാൽ 1:4.61
ലക്ഷ്യം 1: 5
കണ്ടക്ടർ, ഡ്രൈവർ അനുപാതം
പുതിയ കരാറിൽ ആദ്യം ബസ് ഒന്നിന് 1.8, പിന്നീട് തിരുത്തിയത് 2
നിലവിൽ (3600) ഡ്രൈവർ 2.65, കണ്ടക്ടർ 2.5
5500 ബസ് നിരത്തിലിറക്കിയാൽ ഡ്രൈവർ 1.73, കണ്ടക്ടർ 1.64
നിലവിൽ കണ്ടക്ടർമാർ 9060
ഡ്രൈവർമാർ 9552
മാർച്ച് കഴിയുമ്പോൾ
കണ്ടക്ടർമാർ 8,860
ഡ്രൈവർമാർ 9,070
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |