ന്യൂഡൽഹി: കൊവിഡും സാമ്പത്തികഞെരുക്കവും ഉത്പാദനക്കുറവും മൂലം മുൻമാസങ്ങളിൽ നഷ്ടപാതയിലായിരുന്ന ഇന്ത്യൻ റീട്ടെയിൽ വാഹനവിപണി ജൂണിൽ കാഴ്ചവച്ചത് നേട്ടത്തിലേക്കുള്ള വൻ കുതിച്ചുകയറ്റം. 2-വീലർ മുതൽ വാണിജ്യശ്രേണി വരെയുള്ള എല്ലാവാഹന വിഭാഗങ്ങളും ചേർന്ന് കഴിഞ്ഞമാസം കുറിച്ചത് 27.16 ശതമാനം വില്പനവളർച്ച.
സെമികണ്ടക്ടർ (ചിപ്പ്) ക്ഷാമം കുറയുന്നതും മൊത്തവില്പനയിലെ തടസങ്ങൾ അയയുന്നതുമാണ് ഉണർവിന് പിന്നിലെന്ന് ഫെഡറേഷൻ ഒഫ് ഓട്ടോമൊബൈൽ ഡീലേഴ്സ് അസോസിയേഷൻസ് (ഫാഡ) വ്യക്തമാക്കി. എന്നാൽ, നാണയപ്പെരുപ്പം നിയന്ത്രണാതീതമായി കുതിക്കുന്നത് ആശങ്കയാണ്. റീട്ടെയിൽ വില്പന ഇപ്പോഴും കൊവിഡിന് മുമ്പത്തെ നിലയിലേക്ക് തിരിച്ചെത്തിയിട്ടില്ലെന്ന നിരാശയും നിഴലിക്കുന്നു.
ഉണർവിന്റെ ട്രാക്ക്
വിവിധശ്രേണികളും കഴിഞ്ഞമാസത്തെ വില്പന വളർച്ചയും കൊവിഡിന് മുമ്പ് 2019 ജൂണുമായുള്ള താരതമ്യവും
ശ്രേണി 2022 ജൂൺ 2019 ജൂൺ
2 വീലർ 20.23% -16.17%
3 വീലർ 212.45% -5.71%
കാർ 40.15% +27.01%
ട്രാക്ടർ 9.66% +40.01%
വാണിജ്യം 89.04% +3.93%
ആകെ 27.16% -8.68%
ടൂവീലറിൽ ഹീറോ;
കാറുകളിൽ മാരുതി
ടൂവീലറുകളിൽ 34.24 ശതമാനം വിപണിവിഹിതവുമായി ഹീറോ മോട്ടോകോർപ്പ് ഒന്നാംസ്ഥാനം നിലനിറുത്തി. ഹോണ്ടയാണ് രണ്ടാമത്; 25.53 ശതമാനം. ത്രീവീലറുകളിൽ 24.72 ശതമാനവുമായി ബജാജാണ് ഒന്നാമത്. വാണിജ്യശ്രേണിയിൽ ഒന്നാംസ്ഥാനത്ത് ടാറ്റ; 41.11 ശതമാനം.
പാസഞ്ചർ ശ്രേണിയിൽ (കാർ, എസ്.യു.വി., വാൻ) മാരുതി 41.03 ശതമാനവുമായി ഒന്നാംസ്ഥാനത്ത് തുടരുന്നു. രണ്ടാംസ്ഥാനം ടാറ്റയ്ക്കാണ് (14.18 ശതമാനം). മൂന്നാമത് ഹ്യുണ്ടായ് (14.18 ശതമാനം). ടാറ്റയും ഹ്യുണ്ടായിയും തമ്മിലെ വില്പനയിൽ 20ഓളം യൂണിറ്റുകളുടെ വ്യത്യാസമേയുള്ളൂ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |