1947 ആഗസ്റ്റ് 14-15 അർദ്ധരാത്രി ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം
പ്രഖ്യാപിച്ചുകൊണ്ട് ഭരണഘടനാ നിർമ്മാണസഭയിൽ ജവഹർലാൽ നെഹ്റു നടത്തിയ പ്രസംഗത്തിൽ
നിന്ന്
ഏറെ വർഷങ്ങൾക്ക് മുമ്പ് നാം വിധിയുമായി ഒരു കൂടിക്കാഴ്ച നിശ്ചയിച്ചു. ഇപ്പോൾ ആ സമയം, നമ്മുടെ പ്രതിജ്ഞ വളരെ ദൃഢമായി വീണ്ടെടുക്കാനുള്ള ആ സമയം സമാഗതമാകുന്നു. അർദ്ധരാത്രിയുടെ മണി മുഴങ്ങുമ്പോൾ, ലോകം ഉറങ്ങുമ്പോൾ ഇന്ത്യ ജീവിതത്തിലേക്കും സ്വാതന്ത്ര്യത്തിലേക്കും ഉണരും. പഴമയിൽ നിന്ന് പുതുമയിലേക്ക് നാം കാലെടുത്തു വയ്ക്കുന്ന, ഒരു യുഗം അവസാനിക്കുന്ന, ദീർഘകാലം അടിച്ചമർത്തപ്പെട്ട ഒരു രാഷ്ട്രത്തിന്റെ ആത്മാവ് വാക്കുകൾ കണ്ടെത്തുന്ന ഒരു മുഹൂർത്തം, ചരിത്രത്തിൽ അപൂർവമായി മാത്രം സംഭവിക്കുന്ന ഒരു മുഹൂർത്തം വരികയാണ്. ഇന്ത്യയെയും ഇന്ത്യൻ ജനതയെയും അതിനെക്കാളുപരി മാനവ രാശിയെയും സേവിക്കാൻ ആത്മസർപ്പണം ചെയ്യുമെന്ന് ഈ പുണ്യ നിമിഷത്തിൽ പ്രതിജ്ഞയെടുക്കാം.... ....ഇന്ന് നമ്മൾ ദൗർഭാഗ്യങ്ങളുടെ ഒരു കാലഘട്ടം അവസാനിപ്പിച്ച് ഇന്ത്യ വീണ്ടും സ്വയം കണ്ടെത്തുകയാണ്. ഇന്ന് നമ്മൾ ആഘോഷിക്കുന്ന നേട്ടം, ഭാവിയിൽ നമ്മെ കാത്തിരിക്കുന്ന മഹത്തായ വിജയങ്ങളിലേക്കും നേട്ടങ്ങളിലേക്കുമുള്ള അവസരം തുറക്കുന്ന ഒരു ചുവടുവയ്പ് മാത്രമാണ്...
....ഇത് ഇന്ത്യയ്ക്കും ഏഷ്യയ്ക്കും ലോകത്തിനും വിധിക്കപ്പെട്ട നിമിഷമാണ്. ഒരു പുതു നക്ഷത്രം ഉദിക്കുന്നു, കിഴക്ക് സ്വാതന്ത്ര്യത്തിന്റെ നക്ഷത്രം. പുതിയൊരു പ്രതീക്ഷ പിറക്കുന്നു, ഒരു ചിരകാല സ്വപ്നം ഫലിക്കുന്നു. ഈ നക്ഷത്രം ഒരിക്കലും അസ്തമിക്കാതിരിക്കട്ടെ. ഈ പ്രതീക്ഷ ഒരിക്കലും കെടാതിരിക്കട്ടെ...
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |