കൊച്ചി: അനുനിമിഷം സ്വീകാര്യതയേറുന്ന ഇലക്ട്രിക് വാഹനരംഗത്ത് പുത്തൻ വിപ്ളവം സൃഷ്ടിക്കാനുള്ള മുന്നൊരുക്കവുമായി മഹീന്ദ്ര ആൻഡ് മഹീന്ദ്ര. ഇലക്ട്രിക് 4-വീലർ ശ്രേണിയിൽ നായകസ്ഥാനം നേടുകയെന്ന ലക്ഷ്യവുമായി ആഭ്യന്തര, അന്താരാഷ്ട്ര വിപണികളിൽ അഞ്ച് ഇലക്ട്രിക് എസ്.യു.വികൾ ഇറക്കുമെന്നാണ് പ്രഖ്യാപനം. 2024നും 2026നും മദ്ധ്യേ ആദ്യ 4 മോഡലുകളെത്തും.
എക്സ്.യു.വി., ബി.വി വിഭാഗങ്ങളിലായാണ് ഇ-വാഹനങ്ങൾ മഹീന്ദ്ര പുറത്തിറക്കുക. ഇ-എസ്.യു.വികളിലെ ആദ്യമോഡലായി XUV.e8 2024 ഡിസംബറിൽ വിപണിയിലെത്തും. 2025 ഏപ്രിലിൽ XUV.e9 പ്രതീക്ഷിക്കാം.
റേസിംഗ് പെരുമ വിളിച്ചോതുന്ന കരുത്തുറ്റ രൂപമുള്ള BE.05 2025 ഒക്ടോബറിൽ നിരത്തിലെത്തും. 2026 ഒക്ടോബറിലെത്തുന്ന BE.07 വലിയ കുടുംബത്തെ ഉൾക്കൊള്ളുംവിധം വിശാലവും വലുപ്പമേറിയതുമായിരിക്കും. നാല് പേരെ ഉൾക്കൊള്ളുന്നതും പ്രീമീയം സൗകര്യങ്ങളുള്ളതുമായിരിക്കും BE.09. ഈ മോഡലിന്റെ ലോഞ്ചിംഗ് തീയതി പ്രഖ്യാപിച്ചിട്ടില്ല.
മഹീന്ദ്രയുടെ ഇന്റലിജന്റ് ന്യൂറൽ നെറ്റ്വർക്ക് ഒഫ് മൾട്ടി-സെൻസറി എക്സ്പീരിയൻസസ് ആൻഡ് പ്ളാറ്റ്ഫോം കേപ്പബിലിറ്റീസ് അഥവാ 'ഇൻഗ്ളോ" പ്ളാറ്റ്ഫോമിലായിരിക്കും ഈ വാഹനങ്ങളുടെ രൂപകല്പന. പൂർണമായും 'ഇന്ത്യൻ" മോഡലുകളായിരിക്കുന്ന ഇവ ആഗോളവിപണി കീഴടക്കുമെന്ന പ്രതീക്ഷയാണ് മഹീന്ദ്രയ്ക്കുള്ളത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |