തിരുവനന്തപുരം: പണി പൂർത്തിയാകാത്ത ബൈപ്പാസിൽ തിരുവല്ലത്ത് ടോൾപ്ലാസ തുറന്ന് ഒരുവർഷമായി ഈടാക്കിയ അന്യായമായ നിരക്ക് കുറയ്ക്കാൻ ഹൈക്കോടതി ഉത്തരവിട്ടപ്പോൾ ആശ്വാസത്തോടെ വാഹന ഉടമകൾ. ടോൾ പ്ലാസ നിർമ്മിക്കാൻ കാണിച്ച വേഗതയൊന്നും കഴക്കൂട്ടം- കാരോട് ബൈപ്പാസ് പൂർത്തിയാക്കുന്ന കാര്യത്തിൽ ഉണ്ടാകുന്നില്ലെന്നാണ് ആക്ഷേപം. കോവളം ജംഗ്ഷൻ മുതൽ കാരോട് വരെയുള്ള ഭാഗത്തെ റോഡ് നിർമ്മാണം ഇതുവരെ പൂർത്തിയായിട്ടില്ല. പൂർത്തിയായ ഭാഗംവരെ ഗതാഗതത്തിന് തുറന്നുകൊടുക്കാനും അധികൃതർ തയ്യാറായിട്ടില്ല.
തിരക്കേറിയ സമയങ്ങളിൽ കഴക്കൂട്ടത്ത് നിന്നും ഈഞ്ചയ്ക്കൽ വരെയുള്ള 13 കിലോമീറ്റർ ദൂരം യാത്രചെയ്യാൻ രണ്ടുമണിക്കൂർ വേണം. അതുകഴിഞ്ഞ് 6.5 കിലോമീറ്റർ ആകുമ്പോഴേക്കും ടോൾ പ്ലാസയായി. കാറാണെങ്കിൽ 75 രൂപ. ഫാസ് ടാഗില്ലെങ്കിൽ ഇരട്ടിത്തുക! അതുകഴിഞ്ഞ 6.3 കിലോമീറ്റർ മുന്നോട്ടുപോകുമ്പോൾ ബൈപ്പാസ് വഴിയുള്ള ഗതാഗതം അവസാനിച്ചു. അതായത് കഷ്ടിച്ച് 13 കിലോമീറ്റർ സഞ്ചരിക്കാനാണ് കൊള്ളനിരക്ക് ഈടാക്കുന്നത്.
പിന്നെ അങ്ങോട്ട് സർവീസ് റോഡുവഴിയേ പോകാൻ കഴിയൂ. സർവീസ് റോഡിൽ മഴക്കാലത്ത് ഏതുനിമിഷവും അപകടം സംഭവിക്കാം. റോഡുപണി പൂർത്തിയായാൽപ്പോലും തിരുവല്ലത്തെ ടോൾപിരിവിന് ന്യായീകരണമില്ലെന്ന് വാഹനയാത്രക്കാർ ചൂണ്ടിക്കാട്ടുന്നു.
ചാക്ക മുതൽ കോവളം ജംഗ്ഷൻ വരെയുള്ള 15 കിലോമീറ്റർ റോഡിൽ മാത്രം ആറിടത്താണ് പൊതുമരാമത്ത് റോഡ് ബൈപ്പാസിനെ മുറിച്ച് കടന്നുപോകുന്നത്. ഇതിൽ വാഴമുട്ടം, കുമരിച്ചന്ത, ഈഞ്ചയ്ക്കൽ എന്നിവിടങ്ങളിൽ ട്രാഫിക് സിഗ്നൽ സ്ഥാപിച്ച് ഗതാഗതം നിയന്ത്രിക്കുന്നുണ്ട്. പ്രവൃത്തി ദിവസങ്ങളിൽ ഈഞ്ചയ്ക്കൽ ജംഗ്ഷനിൽ ഗതാഗതക്കുരുക്ക് പതിവാണ്. മറ്റ് സംസ്ഥാനങ്ങളിലെ ബൈപ്പാസുകളിൽ സുഗമമായ ഗതാഗതം കൂടി കണക്കിലെടുത്താണ് ടോൾ പിരിക്കുന്നത്. ഇവിടെയാണെങ്കിൽ പണം നൽകി കുരുക്കിൽപ്പെടേണ്ട അവസ്ഥയാണ്.
സമരനാടകം
കഴിഞ്ഞവർഷം ആഗസ്റ്റിൽ ടോൾ പരിവ് ആരംഭിച്ചപ്പോൾ മിക്കവാറും എല്ലാ രാഷ്ട്രീയ പാർട്ടിക്കാരും അതിനെതിരെ രംഗത്തെത്തുകയും ഉപരോധ സമരം നടത്തുകയും ചെയ്തു. ടോൾപ്ലാസ നിർമ്മാണം ആരംഭിച്ചപ്പോൾ കണ്ണടച്ചവരാണ് പിരിവ് തുടങ്ങിയപ്പോൾ എതിർപ്പുമായി എത്തിയത്. റോഡ് നിർമ്മാണം പൂർത്തിയായ ശേഷമേ ടോൾ പിരിക്കാൻ അനുവദിക്കൂ എന്നായിരുന്നു സമരക്കാർ പറഞ്ഞിരുന്നത്. എന്നാൽ ഒരു സുപ്രഭാതത്തിൽ എല്ലാം ഒത്തുതീർപ്പായെന്നുപറഞ്ഞ് സമരക്കാർ സ്ഥലം വിട്ടു. ടോൾ പ്ലാസ കരാറെടുത്തവർ ഭംഗിയായി ടോൾ പിരിച്ചെന്നുമാത്രമല്ല മാർച്ച് 30 മുതൽ നിരക്കുകളും കൂട്ടി.
കൊള്ളനിരക്ക്
വാഹനങ്ങൾ - ഒരു വശത്തേക്ക് - ഇരുവശത്തേക്കും
കാർ,ജീപ്പ്,വാൻ----- 75 ------- 115
ചെറിയ ചരക്ക്, വാണിജ്യ വാഹനങ്ങൾ ---120 ----- 185
ഇരട്ട ആക്സിൽ വാഹനങ്ങൾ---- 255------385
മൂന്ന് ആക്സിൽ വാഹനങ്ങൾ ------ 280-----420
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |