SignIn
Kerala Kaumudi Online
Saturday, 23 May 2026 10.42 AM IST

കോടികൾ മുടക്കി നിർമ്മിച്ച പാലമുള്ളപ്പോൾ റോഡിലൂടെ ആരും പോകണ്ട, കിഴക്കേകോട്ട ഓവർ ബ്രിഡ്‌‌ജിൽ ആളെക്കേറ്റാൻ കോർപ്പറേഷൻ: പുറത്തുള്ള മേയർ വന്നാലുടൻ തീരുമാനം

over-bridge

തിരുവനന്തപുരം: കോടികൾ ചെലവാക്കി കിഴക്കേകോട്ടയിൽ നിർമ്മിച്ച ഫുട് ഓവർ ബ്രിഡ്‌ജിൽ പൊതുജനം കയറുന്നില്ലെന്ന കേരളകൗമുദി വാർത്തയിൽ ഇടപെട്ട് മേയർ ആര്യ രാജേന്ദ്രൻ. കാൽനട യാത്രികർ റോഡ് മുറിച്ച് കടക്കുന്നത് തടയിടാൻ ഉടനടി നടപടി സ്വീകരിക്കുമെന്ന് മേയർ കേരളകൗമുദിയോട് പറഞ്ഞു. വാർത്തയുടെ അടിസ്ഥാനത്തിൽ നഗരസഭയിലെ ഭരണസമിതി അംഗങ്ങളുമായും പൊലീസ് ഉദ്യോഗസ്ഥരുമായും മേയർ ആശയവിനിമയം നടത്തി. നഗരസഭയുടെ ട്രാഫിക് അഡ്വൈസറി കമ്മിറ്റി ഉടൻ വിളിച്ചുകൂട്ടും.

തിരുവനന്തപുരത്തിന് പുറത്തുളള മേയർ രണ്ട് ദിവസത്തിന് ശേഷമേ മടങ്ങിയെത്തുകയുളളൂ. മേയറെത്തിയശേഷം ട്രാഫിക് അഡ്വൈസറി കമ്മിറ്റി എന്ന് കൂടണമെന്ന് തീരുമാനിക്കുമെന്ന് മരാമത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ഡി.ആർ.അനിൽ പറഞ്ഞു. കിഴക്കേകോട്ടയിലെ വ്യാപാരി വ്യവസായികളുമായും നഗരസഭാ അധികൃതർ കൂടിക്കാഴ്‌ച നടത്തും.

വാർത്ത ശ്രദ്ധയിൽപ്പെട്ടെങ്കിലും നഗരസഭയ്‌ക്ക് ഒറ്റയ്‌ക്കൊരു തീരുമാനമെടുക്കാനാകില്ലെന്നാണ് ഭരണസമിതിയംഗങ്ങൾ പറയുന്നത്. റോഡ് മുറിച്ച് കടക്കുന്ന കാൽ നടയാത്രികരെ അതിൽ നിന്ന് വിലക്കേണ്ടത് പൊലീസാണ്. വാർത്ത വന്ന തിങ്കളാഴ്‌ച തന്നെ പൊലീസിനോട് കാര്യമായ നടപടി സ്വീകരിക്കാൻ ആവശ്യപ്പെട്ടെങ്കിലും കിഴക്കേകോട്ടയിൽ കാൽനടയാത്രികർ റോഡ് മുറിച്ച് കടക്കുന്നത് വിലക്കിയുളള ഔദ്യോഗിക തീരുമാനമൊന്നും ഇല്ലാത്തതാണ് പൊലീസിനെ പിന്നോട്ട് വലിച്ചത്. ഫുട് ഓവർ ബ്രിഡ്‌ജ് ഉദ്ഘാടനം നിർവഹിച്ചിട്ട് ഇന്ന് ഒരു മാസം തികയുമ്പോഴാണ് നഗരസഭയുടെ ഭാഗത്തുനിന്ന് ഇത്തരത്തിലൊരു ഇടപെടലുണ്ടാകുന്നത്. അടിക്കടി കിഴക്കേകോട്ടയിൽ ഉണ്ടാകുന്ന വാഹനാപകടങ്ങൾക്ക് അറുതി വരുത്താൻ മനുഷ്യാവകാശ കമ്മിഷൻ ഇടപെട്ടതിനെ തുടർന്നാണ് ഫുട് ഓവർ ബ്രിഡ്‌ജ് യാഥാർത്ഥ്യമായത്. ഫുട് ഓവർ ബ്രിഡ്‌ജിന്റെ നിർമ്മാണം അശാസ്‌ത്രീയമാണെന്നത് ഉൾപ്പെടെയുളള വാർത്ത കേരളകൗമുദി നേരത്തെ റിപ്പോർട്ട് ചെയ്‌തിരുന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: EAST FORT OVER BRIDGE, MAYOR ARYA RAJENDRAN, PRITHVIRAJ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA