കൊച്ചി: വീണ്ടുമൊരു ദീപാവലിക്കാലം പടിവാതിലിൽ എത്തിനിൽക്കേ, കഴിഞ്ഞ ഒരുവർഷക്കാലത്ത് ഇന്ത്യൻ ഓഹരി സൂചികകൾ കുറിച്ചത് നഷ്ടത്തിന്റെ കണക്കുകൾ. ഗുജറാത്തി ഹൈന്ദവ വിശ്വാസപ്രകാരമുള്ള ഐശ്വര്യവർഷമായ 'സംവത്-2078"ലേക്ക് കഴിഞ്ഞവർഷം നവംബർ നാലിനാണ് ഇന്ത്യൻ ഓഹരികൾ ചുവടുവച്ചത്.
സംവത്-2078നോട് അനുബന്ധിച്ച് 2021 നവംബർ നാലിന് നടന്ന 'മുഹൂർത്ത വ്യാപാരത്തിൽ" സെൻസെക്സ് 295 പോയിന്റ് നേട്ടത്തോടെ 60,067.62ലും നിഫ്റ്റി 87.60 പോയിന്റ് മുന്നേറി 17,916.80ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. തുടർന്ന് ഇതിനകം കനത്ത ചാഞ്ചാട്ടത്തിന് സാക്ഷിയായ സൂചികകൾ ഇപ്പോഴുള്ളത് നഷ്ടത്തിലാണ്. കഴിഞ്ഞവാരം സെൻസെക്സുള്ളത് 57,919ൽ; നിഫ്റ്റി 17,185ലും.
കഴിഞ്ഞ മുഹൂർത്ത വ്യാപാരം മുതൽ ഇതുവരെ സെൻസെക്സ് നേരിട്ടനഷ്ടം 2,147.65 പോയിന്റ്. നിഫ്റ്റിയുടേത് 731.10 പോയിന്റും. അതേസമയം, സെൻസെക്സിന്റെ മൊത്തം നിക്ഷേപകമൂല്യം കഴിഞ്ഞവർഷത്തെ 265 ലക്ഷം കോടി രൂപയിൽ നിന്ന് 270.28 ലക്ഷം കോടി രൂപയിലെത്തി; നേട്ടം 5.28 ലക്ഷം കോടി രൂപ.
സംവത്-2079: മുഹൂർത്ത വ്യാപാരം 24ന്
ദീപാവലി ദിനമായ 24ന് ഇക്കുറി ഓഹരിവിപണിക്ക് അവധിയാണെങ്കിലും അന്ന് വൈകിട്ട് ഒരുമണിക്കൂർ നേരം 'മുഹൂർത്ത വ്യാപാരം" നടക്കും. കഴിഞ്ഞ 50 വർഷമായി ഇന്ത്യൻ ഓഹരികൾ മുഹൂർത്ത വ്യാപാരം സംഘടിപ്പിക്കുന്നുണ്ട്. ഇക്കുറി 24ന് വൈകിട്ട് 6.15 മുതൽ 7.15 വരെയാണ് മുഹൂർത്ത വ്യാപാരം.
പുതുതായി ഓഹരികൾ വാങ്ങാനും നിലവിലെ ഓഹരിപങ്കാളിത്തം ഉയർത്താനും ഏറ്റവും ഐശ്വര്യപൂർണമായ സമയമായി നിക്ഷേപകർ കരുതുന്ന മുഹൂർത്തമാണിത്.
പുതിയ വീട്, സ്ഥലം, ആഭരണം, വസ്ത്രം, വാഹനം തുടങ്ങിയവ സ്വന്തമാക്കാനും ഏറ്റവും നല്ല സമയമായി ഇത് കരുതപ്പെടുന്നു.
ഐശ്വര്യദേവതയായ ലക്ഷ്മീദേവിക്ക് പൂജകൾ അർപ്പിച്ചാണ് മുഹൂർത്ത വ്യാപാരത്തിന് തുടക്കമാകുക.
തിളങ്ങി സ്വർണം
കഴിഞ്ഞവർഷം ദീപാവലിക്ക് പവന് 35,640 രൂപയും ഗ്രാമിന് 4,455 രൂപയുമായിരുന്നു വില. ഇപ്പോൾ വില പവന് 37,160 രൂപ, ഗ്രാമിന് 4,645 രൂപ. ഒരുവർഷത്തിനിടെ വർദ്ധന പവന് 1,520 രൂപയും ഗ്രാമിന് 190 രൂപയും. അതേസമയം, കഴിഞ്ഞ ഏതാനും ദിവസമായി സ്വർണവില കനത്ത ചാഞ്ചാട്ടത്തിലാണ്.
കനത്ത ചാഞ്ചാട്ടം: ഇന്നലെ രാവിലെ ഗ്രാംവില 55 രൂപ താഴ്ന്ന് 4,620 രൂപയായിരുന്നു. ഉച്ചയ്ക്കുശേഷം വില 25 രൂപ വർദ്ധിച്ച് 4,645 രൂപയായി. രാവിലെ 36,960 രൂപയായിരുന്ന പവൻവില ഉച്ചയ്ക്ക് 200 രൂപ ഉയർന്ന് 37,160 രൂപയുമായി.
ഭേദപ്പെട്ട പ്രകടനവുമായി ഇന്ത്യ
കഴിഞ്ഞ ഒരുവർഷത്തെ പ്രകടനം വിലയിരുത്തിയാൽ ഇന്ത്യൻ ഓഹരി സൂചികകളായ സെൻസെക്സും നിഫ്റ്റിയും 6-7 ശതമാനം ഇടിവ് നേരിട്ടിട്ടുണ്ട്. മറ്റ് വികസിത, വികസ്വര രാജ്യങ്ങളിലെ സൂചികകൾ ഇക്കാലയളവിൽ ഇടിഞ്ഞത് 22-29 ശതമാനമാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |