മുംബയ്: ഇന്ത്യയിൽ കഴിഞ്ഞമാസം കടകളിൽ ക്രെഡിറ്റ് കാർഡുകൾ വഴിയുള്ള പർച്ചേസുകളിൽ ആഗസ്റ്റിനേക്കാൾ 14 ശതമാനം വർദ്ധന. ഉപഭോക്തൃസംതൃപ്തി മെച്ചപ്പെട്ടതും ഉത്സവകാലവുമാണ് ഇതിന് കാരണമെന്ന് വിലയിരുത്തപ്പെടുന്നു. ഓൺലൈൻ വഴിയുള്ള വാങ്ങലുകളിൽ വളർച്ച 0.7 ശതമാനം.
77,267 കോടി രൂപയുടെ ക്രെഡിറ്റ് കാർഡ് പർച്ചേസുകളാണ് സെപ്തംബറിൽ കടകളിൽ നടന്നതെന്ന് റിസർവ് ബാങ്ക് വ്യക്തമാക്കി. ആഗസ്റ്റിൽ വാങ്ങൽച്ചെലവ് 67,414 കോടി രൂപയായിരുന്നു. 45,287 കോടി രൂപയുടെ ഓൺലൈൻ വാങ്ങലുകളും സെപ്തംബറിൽ നടന്നു. ആഗസ്റ്റിൽ ഇത് 44,943 കോടി രൂപയായിരുന്നു. കഴിഞ്ഞമാസം മൊത്തം ക്രെഡിറ്റ് കാർഡ് പർച്ചേസ് മൂല്യം 1.22 ലക്ഷം കോടി രൂപയാണ്. 2021 സെപ്തംബറിൽ 80,227 കോടി രൂപയായിരുന്നു.
7.77 കോടി
കഴിഞ്ഞമാസം രാജ്യത്തെ മൊത്തം ക്രെഡിറ്റ് കാർഡുടമകൾ. ആഗസ്റ്റിൽ 7.79 കോടിയായിരുന്നു.
എസ്.ബി.ഐ കാർഡ്, ആക്സിസ് ബാങ്ക്, ഐ.സി.ഐ.സി.ഐ ബാങ്ക് എന്നിവയുടെ കാർഡുകളിലാണ് സ്റ്റോറുകളിൽ വർദ്ധന കുറിച്ചത്.
ഇ-കാർഡ് ചെലവിൽ മുന്നിൽ ആക്സിസ് ബാങ്കും ഐ.സി.ഐ.സി.ഐ ബാങ്കുമാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |