തിരുവനന്തപുരം: കവടിയാർ മഹാരാജ ഗാർഡൻസിൽ വ്യവസായി പ്രവീൺ ചന്ദ്രന്റെ വീട്ടിലെ കാർ പോർച്ചിലേക്ക് ഇന്നലെ പുലർച്ചെ നാലരയോടെ ആരോ പെട്രോൾ ബോംബെറിഞ്ഞു. പെട്രോൾ നിറച്ച കുപ്പിക്ക് ചുറ്റും നാടൻ പടക്കങ്ങൾ വച്ചുകെട്ടിയാണ് എറിഞ്ഞതെന്ന് പേരൂർക്കട പൊലീസ് പറഞ്ഞു. ശബ്ദം കേട്ട് പുറത്തുവന്നപ്പോൾ തീ പടരുന്നതാണ് പ്രവീൺചന്ദ്രൻ കണ്ടത്. പ്രവീൺ തന്നെ വേഗം തീയണച്ചു. പോർച്ചിൽ രണ്ട് ബൈക്കുകൾ മാത്രമാണുണ്ടായിരുന്നത്. കാര്യമായ നാശനഷ്ടം ഇല്ല. പേരൂർക്കട പൊലീസിൽ പ്രവീൺ പരാതി നൽകി. സമീപത്തെ വീട്ടിലെ സി.സി.ടി.വി കാമറകൾ പരിശോധിച്ച് അന്വേഷണം ആരംഭിച്ചു. പ്രവീണിന്റെ വീടിനടുത്ത് ഉപേക്ഷിച്ച ഒരു ബൈക്ക് കണ്ടെത്തി. പ്രവീണുമായി സാമ്പത്തിക തർക്കമുള്ള വ്യക്തിയാണ് ആക്രമണത്തിന് പിന്നിലെന്നാണ് സംശയിക്കുന്നത്. കുറച്ചുദിവസം മുമ്പ് ഇയാൾക്കെതിരെ സാമ്പത്തിക തട്ടിപ്പിന് പ്രവീൺ പേരൂർക്കട സ്റ്റേഷനിൽ കേസ് നൽകിയിരുന്നു. ഇയാളെ കേന്ദ്രീകരിച്ചാണ് അന്വേഷണമെന്ന് പൊലീസ് അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |