പാലക്കാട്: ദേശീയ മത്സരങ്ങളിൽ സ്വർണം സ്വന്തമാക്കിയ പുളിയംപറമ്പ് എച്ച്.എസ്.എസ് പ്ലസ്ടു വിദ്യാർത്ഥിനി മേഖമോൾക്ക് 100 മീറ്റർ ഓട്ടത്തിനിടെ കാൽ തെന്നി ട്രാക്കിൽ വീണതോടെ നഷ്ടമായത് സംസ്ഥാന കായികമേളയിലെ സ്വർണ സ്വപ്നം.
മുൻ ദേശീയ മത്സരങ്ങളിലെല്ലാം മികച്ച സ്പീഡിനുടമയായ മേഖമോൾ ജില്ലയ്ക്ക് വേണ്ടി സംസ്ഥാന മത്സരത്തിൽ സ്വർണം സ്വന്തമാക്കുമെന്ന് വിലയിരുത്തപ്പെട്ട താരമായിരുന്നു. കഴിഞ്ഞ മാസം ആസാമിൽ നടന്ന അണ്ടർ-18 നാഷണൽ മീറ്റിൽ 100 മീറ്ററിൽ മികച്ച റെക്കോർഡോടെ സ്വർണം ലഭിച്ചിരുന്നു.
ഇന്നലെ നൂറുമീറ്റർ മത്സരത്തിന്റെ തുടക്കത്തിൽ തന്നെ ട്രാക്കിൽ തെന്നിവീണ മേഖ മത്സരത്തിൽ നിന്ന് പിന്മാറാതെ ഓടിയെങ്കിലും ഏറെ പുറകിലായി. ഓട്ടം ഫിനിഷ് ചെയ്ത ശേഷം ട്രാക്കിന് സൈഡിലിരുന്ന് പൊട്ടിക്കരയുന്ന മേഖമോളെയാണ് പിന്നീട് കാണാൻ സാധിച്ചത്. അപ്പീലിന് സാദ്ധ്യതയുണ്ടോയെന്ന് അദ്ധ്യാപകർ സംഘാടക സമിതിയോട് അന്വേഷിച്ചെങ്കിലും മേഖയുടെ പിഴവായതിനാൽ സാദ്ധ്യമല്ലെന്നാണ് മറുപടി ലഭിച്ചത്. ഇതോടെ പരിശീലകനോട് കൈകൂപ്പി 'സോറി സാർ" എന്നുപറഞ്ഞ് വീണ്ടും പൊട്ടിക്കരഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |