SignIn
Kerala Kaumudi Online
Friday, 20 September 2024 12.54 AM IST

ചെറിയവരുടെ വലിയ ഫുട്ബാൾ മത്സരം മലപ്പുറത്ത്, കൈയടിച്ച് കാണികളും

Increase Font Size Decrease Font Size Print Page
football
മലപ്പുറം കോട്ടപ്പടിയിൽ ക്ലബ് ഓൺ ഫുട്‌ബാൾ ടർഫിൽ നടന്ന ചെറിയ ആളുകളുടെ ഫുട്ബാൾ മത്സരം

മലപ്പുറം: കോട്ടപ്പടിയിൽ ക്ലബ് ഓൺ ഫുട്‌ബാൾ ടർഫിൽ കളിക്കാനെത്തിയത് എട്ട് മെസിയും എട്ട് നെയ്മറും. ലിറ്റിൽ പീപ്പിൾ സ്‌പോർട്‌സ് ക്ലബ്ബിന്റെയും മലപ്പുറം വേക്കപ്പ് അക്കാഡമിയുടെയും സംയുക്താഭിമുഖ്യത്തിൽ ചെറിയ മനുഷ്യർക്കായി സംഘടിപ്പിച്ച ഫുട്ബാൾ മത്സരത്തിലാണ് നെയ്മറുടെയും മെസിയുടെയും പത്താം നമ്പർ ജേഴ്സിയണിഞ്ഞ് അവർ ഇറങ്ങിയത്. അർജന്റീനയുടെയും ബ്രസീലിന്റെയും ജേഴ്സിയിൽ ഒരേ സമയം ആറ് പേർ ഗ്രൗണ്ടിലിറങ്ങി. ലിറ്റിൾ പീപ്പിൾസിന്റെ ആവേശമത്സരം കണ്ടുനിന്നവർക്കും ഹരമായി. കൈയടികൾകൊണ്ടും ആർപ്പുവിളികൾകൊണ്ടും കാണികൾ പ്രോത്സാഹനമേകി.

സംസ്ഥാനത്തെ വിവിധ ജില്ലകളിൽ നിന്നുള്ളവർ കളിക്കാനെത്തിയിരുന്നു. നടൻ സൂരജടക്കമുള്ള സിനിമാ മേഖലയിൽ നിന്നുള്ളവരും നാടക അഭിനേതാക്കളും മറ്റ് ജോലികൾ ചെയ്യുന്നവരും ഒളിമ്പിക്സിൽ ബാഡ്മിന്റണിൽ ഇന്ത്യയെ പ്രതിനിധീകരിച്ചവരടക്കം ഫുട്ബാൾ ലഹരിയിൽ കളം നിറഞ്ഞു. നിശ്ചിത സമയത്ത് ഇരു ടീമുകളും ഓരോ ഗോൾ വീതം നേടി സമനിലയിലായതോടെ ഷൂട്ടൗട്ടും നടന്നു. 2-1ന് ഷൂട്ടൗട്ടിൽ ബ്രസീൽ ടീം അർജന്റീനയെ തോൽപ്പിച്ചു.

ഉയരമില്ലാത്തതിന്റെ പേരിൽ അവഗണിക്കപ്പെടുന്ന കുറിയ മനുഷ്യരെ കായിക രംഗത്തിലൂടെ സമൂഹത്തിന്റെ മുഖ്യധാരയിൽ എത്തിക്കുക എന്ന ലക്ഷ്യത്തോടെ ഓൾ ഇന്ത്യ ഫുട്‌ബാൾ ഫെഡറേഷൻ ലൈസൻസ് കോച്ച് ആയ കെ.കെ റാഷിദ് രൂപം നൽകിയ ക്ലബ്ബാണ് ലിറ്റിൽ പീപ്പിൾസ് സ്‌പോർട്‌സ് ക്ലബ്. വിവിധ ജില്ലകളിൽ നിന്നുള്ള 22 ഓളം പേർ ക്ലബിൽ അംഗമാണ്. ഇവർക്കായി നടത്തുന്ന രണ്ടാമത്തെ ക്യാമ്പാണ് മലപ്പുറത്ത് നടന്നത്. ആദ്യ ക്യാമ്പ് തലശ്ശേരിയിൽ നടന്നിരുന്നു. അടുത്തത് എറണാകുളത്ത് നടക്കും.

മലപ്പുറം സ്‌പോർട്‌സ് കൗൺസിൽ പ്രസിഡന്റ് വി.പി അനിൽ മത്സരം ഉദ്ഘാടനം ചെയ്തു. വേക്കപ്പ് അക്കാഡമി മാനേജിംഗ് ഡയറക്ടർ നാസർ കപ്പൂർ, കോച്ച് കെ.കെ റാഷിദ്, ആകാശ് എസ്. മാധവൻ, ബൈജു സി.എസ് തൃശൂർ, സനൽ ഇടുക്കി,​ ഷംസു കാസർഗോഡ് തുടങ്ങിയവർ പങ്കെടുത്തു.

സാമ്പത്തികം വിലങ്ങുതടി

ഇവർക്കുള്ള ലോക ഫുട്ബാൾ മത്സരങ്ങളിൽ ഇന്ത്യൻ ടീം പങ്കെടുക്കുന്നതാണ് ലക്ഷ്യമെന്ന് ഈ ചെറിയ വലിയ കളിക്കാർ പറയുന്നു. എന്നാൽ പരിശീലനത്തിനും മറ്റുമുള്ള സാമ്പത്തിക ചെലവാണ് അലട്ടുന്നത്. എല്ലാവരും ചെറിയ ജോലികൾ ചെയ്ത് ജീവിക്കുന്നവരാണ്. അതിനാൽ ഈ ആഗ്രഹങ്ങൾക്ക് സ്പോൺസർമാരായോ മറ്റോ സാമ്പത്തിക സഹായം ലഭിക്കുമെന്ന പ്രതീക്ഷയിലാണവർ. അങ്ങനെയെങ്കിൽ ഇപ്പോഴണിഞ്ഞ അർജന്റീന, ബ്രസീൽ ജേഴ്സിക്കപ്പുറം ഇന്ത്യൻ ജേഴ്സി അണിഞ്ഞ് മത്സരിക്കാനാകുമെന്നും അവർ പറഞ്ഞു.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: LOCAL NEWS, MALAPPURAM, FOOTBALL
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.