SignIn
Kerala Kaumudi Online
Thursday, 19 September 2024 9.19 AM IST

മോദിയെ ഹീറോയായി കണ്ട് പാകിസ്ഥാനികൾ, ഇന്ത്യയെ കണ്ട് പഠിക്കാൻ ഭരണകൂടത്തിനോട് മാദ്ധ്യമങ്ങൾ, പാകിസ്ഥാനിൽ സംഭവിക്കുന്നത് 

Increase Font Size Decrease Font Size Print Page
pakistan-

ഇസ്ലാമാബാദ് : ഇന്ത്യയുമായി നടത്തിയ യുദ്ധങ്ങളിൽ തങ്ങൾ പാഠം പഠിച്ചു, 'ഞങ്ങൾ ഇന്ത്യയുമായി മൂന്ന് യുദ്ധങ്ങൾ നടത്തി, അവ ജനങ്ങൾക്ക് കൂടുതൽ ദുരിതവും ദാരിദ്ര്യവും തൊഴിലില്ലായ്മയും മാത്രമാണ് നൽകിയത്'. ഒരു അന്താരാഷ്ട്ര മാദ്ധ്യമത്തിന് പാക് പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ് നൽകിയ അഭിമുഖത്തിലെ വാക്കുകളാണ് ഇവ. പുല്ല് തിന്ന് ജീവിക്കേണ്ടി വന്നാലും ഇന്ത്യയെ പോലെ അണ്വായുധം സ്വന്തമാക്കും എന്ന് ഇന്ത്യ ആദ്യം അണുബോംബ് പരീക്ഷിച്ചപ്പോൾ പ്രസ്താവന നടത്തിയ അന്നത്തെ പാക് പ്രധാനമന്ത്രിയുടെ കസേരയിൽ ഇരുന്ന് ഷെഹ്ബാസ് ഷെരീഫ് ഇന്ന് നൽകിയ അഭിമുഖത്തിൽ നിന്നുതന്നെ പാകിസ്ഥാൻ എത്ര വലിയ പ്രതിസന്ധിയിലൂടെയാണ് കടന്ന് പോകുന്നതെന്ന് അറിയാം. ഇന്ത്യാ വിരുദ്ധത കൊണ്ടുമാത്രം ജനത്തിന്റെ കണ്ണിൽ പൊടിയിടാൻ കഴിയില്ലെന്ന് പാക് ഭരണകൂടത്തിന് വ്യക്തമായിരിക്കുന്നു. കാരണം അത്രയും കൊടിയ പട്ടിണിയിലൂടെയാണ് പാകിസ്ഥാൻ ഇപ്പോൾ കടന്നുപോകുന്നത്. പാകിസ്ഥാൻ ഇപ്പോൾ നേരിടുന്ന പ്രതിസന്ധി പരിശോധിക്കാം


ഭക്ഷ്യക്ഷാമം

കടുത്ത ഭക്ഷ്യക്ഷാമം മൂലം കരയുന്ന പാകിസ്ഥാനിയുടെ വീഡിയോ അടുത്തിടെ സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. ഗോതമ്പ് മാവിന്റെ ക്ഷാമത്താൽ പൊറുതിമുട്ടുകയാണ്. പാകിസ്ഥാനിൽ കഴിഞ്ഞ വർഷമുണ്ടായ വെള്ളപ്പൊക്കമാണ് കാര്യങ്ങൾ കൈവിട്ട അവസ്ഥയിൽ എത്തിച്ചത്. കാർഷിക വിളകൾ നശിച്ചതോടെ ഗോതമ്പ് കയറ്റുമതി ചെയ്തിരുന്ന പാകിസ്ഥാൻ ഇറക്കുമതിക്ക് വേണ്ടി രാജ്യങ്ങളോട് യാചിക്കേണ്ട അവസ്ഥയിലെത്തി. എന്നാൽ ജനം ഭക്ഷ്യ വിലക്കയറ്റത്തിനും, ക്ഷാമത്തിനും ഉത്തരവാദിയായി ഭരണകൂടത്തെയാണ് പഴിയ്ക്കുന്നത്. സർക്കാർ തങ്ങളുടെ ജീവിതം ദുസഹമാക്കുകയാണെന്ന് അവർ ആരോപിക്കുന്നു. സോഷ്യൽ മീഡിയയിൽ പാകിസ്ഥാനികളുടെ വീഡിയോകളിലെല്ലാം സർക്കാരിനോടുള്ള ദേഷ്യവും പരാതികളും മുഴച്ച് നിൽക്കുന്നുമുണ്ട്.

pakistan-

വേരൂന്നിയ ഭീകരവാദം

പാകിസ്ഥാൻ എന്ന വാക്കിന്റെ പര്യായം തന്നെ തീവ്രവാദമായിട്ട് വർഷങ്ങളേറെയായി. തങ്ങളുടെ മണ്ണിൽ ഭീകരത വിതച്ച് മറ്റുരാജ്യങ്ങളിലേക്ക്, പ്രത്യേകിച്ച് ഇന്ത്യയിലേക്ക് കയറ്റുമതി ചെയ്യുന്ന രീതിയാണ് പാകിസ്ഥാൻ അനുവർത്തിച്ച് വന്നത്. എന്നാൽ തെഹ്രീക് താലിബാൻ, ഇസ്ലാമിക് സ്റ്റേറ്റ്, ഗുൽ ബഹാദൂർ ഗ്രൂപ്പ് തുടങ്ങിയ ഭീകരസംഘടനകൾ സർക്കാരിന്റെയും, ചാരസംഘടനയുടെയും ചൊൽപ്പടിക്ക് നിൽക്കാതെ വളരുകയായിരുന്നു. ഇവർ ഇപ്പോൾ രാജ്യത്തിനുള്ളിൽ തന്നെ യഥേഷ്ടം ഭീകരത അഴിച്ചുവിടുകയാണ്. സാധാരണക്കാരായ പൗരൻമാർ തൊട്ട് രാഷ്ട്രീയ നേതാക്കളടക്കം ഭീകരരുടെ തോക്കിനും, ചാവേർ ആക്രമണങ്ങൾക്കും ഇരയാകുകയാണ്. അഫ്ഗാനിസ്ഥാനിൽ ഭരണം പിടിച്ചെടുത്ത താലിബാനും പാക് ഭരണകൂടത്തിനോടു വിധേയത്വം കാണിക്കുന്നില്ല. രാജ്യത്ത് വർദ്ധിച്ചുവരുന്ന ഭീകരപ്രവർത്തനം അടിച്ചമർത്തണം എന്നാവശ്യപ്പെട്ട് പാകിസ്ഥാനിലെ തെക്കൻ വസീറിസ്ഥാൻ ജില്ലയിൽ ആയിരക്കണക്കിന് ആളുകൾ അടുത്തിടെ പ്രതിഷേധിച്ചിരുന്നു. രാഷ്ട്രീയ പ്രവർത്തകരും സാമൂഹിക പ്രവർത്തകരും വ്യാപാരികളും യുവാക്കളും ഈ പ്രതിഷേധത്തിൽ പങ്കുചേർന്നു. 2022ൽ മാത്രം പാക് ഭീകര സംഘടനയായ ടിടിപിയുടെ ആക്രമണത്തിൽ ആയിരം പേർ കൊല്ലപ്പെടുകയോ പരിക്കേൽക്കുകയോ ചെയ്തിട്ടുണ്ടെന്ന് ഖാമ പ്രസ് റിപ്പോർട്ട് ചെയ്യുന്നു.

അതേസമയം രാജ്യത്തെ ന്യൂനപക്ഷങ്ങൾക്കെതിരെ നടക്കുന്ന തട്ടിക്കൊണ്ടുപോകൽ, മതപരിവർത്തനം, നിർബന്ധിത വിവാഹങ്ങൾ എന്നിവയ്‌ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്ന് യു എൻ പാക് ഭരണകൂടത്തിനോടും ആവശ്യപ്പെട്ടിരുന്നു.

pakistan-

തകരുന്ന സമ്പദ്‌വ്യവസ്ഥ

വിദേശനാണ്യ പ്രതിസന്ധിയുടെ പിടിയിലാണ് പാകിസ്ഥാൻ. പുതുവർഷം പിറന്നിട്ടും ഇതിലൊരു മാറ്റമുണ്ടാകുമെന്ന് പാകിസ്ഥാന് പ്രതീക്ഷയൊന്നുമില്ല. ഈ മാസം ആറിന് സ്റ്റേറ്റ് ബാങ്ക് ഓഫ് പാകിസ്ഥാന്റെ കൈവശമുള്ള ഫോറെക്സ് കരുതൽ ശേഖരം 4.343 ബില്യൺ ഡോളറായി കുറഞ്ഞു, ഇത് യുഎഇ ആസ്ഥാനമായുള്ള രണ്ട് ബാങ്കുകൾക്ക് 1 ബില്യൺ ഡോളറിന്റെ വാണിജ്യ വായ്പ തിരിച്ചടച്ചതിന് ശേഷം വെറും മൂന്നാഴ്ചത്തെ ഇറക്കുമതിക്കുള്ള തുകമാത്രമാണ്. സാമ്പത്തിക പ്രതിസന്ധി രൂക്ഷമായതിനാൽ നിരവധി സാധനങ്ങൾ ഇറക്കുമതി പട്ടികയിൽ നിന്നും സർക്കാർ എടുത്തുമാറ്റി.

സൈന്യത്തിനെതിരായ രോഷം

പാക് സൈന്യം ഭൂമി കൈയേറിയെന്നാരോപിച്ച് ഗിൽജിത്ബാൾട്ടിസ്ഥാനിൽ അടുത്തിടെ പ്രതിഷേധം നടന്നിരുന്നു. ഐഎസ്‌ഐയും,​ സൈന്യവും നാട്ടുകാരിൽ നിന്ന് ഭൂമി തട്ടിയെടുക്കുകയാണെന്ന് നാട്ടുകാർ ആരോപിച്ചു. മുൻപും ഇത് നടന്നിട്ടുണ്ടെന്നും എന്നാൽ ഇനി അടങ്ങിയിരിക്കാൻ തങ്ങൾക്കാവില്ലെന്നുമാണ് ജനക്കൂട്ടം അറിയിച്ചത്. പാക് അധീന കാശ്മാരിൽ ഇന്ത്യയെ അനുകൂലിക്കുന്നവരുടെ എണ്ണത്തിലും കാര്യമായ വർദ്ധനവുണ്ട്. അതിർത്തിക്കപ്പുറത്ത് ഇന്ത്യൻ ജനതയുടെ ജീവിത നിലവാരം ഉയരുമ്പോൾ തങ്ങളുടെ അവസ്ഥ ദുരിതപൂർണമാവുന്നതിൽ അവർ അസ്വസ്ഥരാണ്.

modi

ജയ് വിളി നരേന്ദ്ര മോദിക്ക്

പാകിസ്ഥാൻ രൂക്ഷമായ പ്രതിസന്ധിയെ അഭിമുഖീകരിക്കുമ്പോൾ അടുത്തിടെ ഒരു പാക് മാദ്ധ്യമം പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പ്രശംസിച്ചിരുന്നു. പാകിസ്ഥാനികളുടെ മനസിലും മോദി സ്തുതി ഉയരുന്നത് പാക് ഭരണകൂടം ആശങ്കയോടെയാണ് കാണുന്നത്. പ്രധാനമന്ത്രി മോദിയുടെ കീഴിൽ ഇന്ത്യയുടെ വിദേശനയം സമർത്ഥമായി മുന്നേറുന്നതായും ഇന്ത്യയുടെ ജിഡിപി മൂന്ന് ട്രില്യൺ യുഎസ് ഡോളറിലേക്ക് വളർന്നതായും എക്സ്പ്രസ് ട്രിബ്യൂൺ റിപ്പോർട്ട് ചെയ്തത് രാജ്യത്തുണ്ടാവുന്ന മാറ്റത്തിന്റെ തെളിവാണ്. തനിക്ക് മുമ്പുള്ളവർക്ക് ആർക്കും കൈകാര്യം ചെയ്യാൻ കഴിയാത്ത രീതിയിലാണ് മോദി ഇന്ത്യയെ ബ്രാൻഡ് ചെയ്യുന്നതെന്ന വികാരവും പാകിസ്ഥാനിലുണ്ട്. കഴിഞ്ഞ നവംബറിൽ മുൻ പാകിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ പരസ്യമായി ഇന്ത്യയുടെ വിദേശനയത്തെ പുകഴ്ത്തിയിരുന്നു. യുഎസിന്റെ എതിർപ്പ് അവഗണിച്ച് റഷ്യയിൽ നിന്ന് എണ്ണ വാങ്ങാനുള്ള ഇന്ത്യയുടെ തീരുമാനവും ധൈര്യവുമായിരുന്നു ഈ പുകഴ്ത്തലിന് ഹേതു.

അപകടത്തിൽ പെടുന്നവരെ എന്നും തുണയ്ക്കുന്ന പാരമ്പര്യമാണ് ഇന്ത്യയ്ക്കുള്ളത്. ഭക്ഷ്യക്ഷാമത്താൽ പാകിസ്ഥാൻ പൊറുതിമുട്ടുമ്പോഴാണ് ഗോതമ്പുമായി പാക് നിരത്തുകളിലൂടെ ഇന്ത്യയിൽ നിന്നും അഫ്ഗാനിലേക്ക് ട്രക്കുകൾ സഞ്ചരിച്ചത്. ഇന്ത്യയുമായി സമാധാന ചർച്ചയ്ക്ക് തയ്യാറെന്ന് തുടർച്ചയായി പാക് പ്രധാനമന്ത്രിയിൽ നിന്നും പ്രസ്താവന വരുമ്പോൾ അത് നൽകുന്ന സന്ദേശം വ്യക്തമാണ്.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: PAKISTAN, UNPRECEDENTED CRISIS, WHEAT, WHEAT CRISIS, POVERTY
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.