കർണാടകയ്ക്ക് എതിരായ രഞ്ജി മത്സരത്തിലും സച്ചിൻ ബേബിക്ക് സെഞ്ച്വറി
സച്ചിൻ ബേബി 116 നോട്ടൗട്ട്, കേരളം 224/6
തിരുവനന്തപുരം : തുമ്പ സെന്റ് സേവ്യേഴ്സ് കോളേജ് ഗ്രൗണ്ടിലെ തുടർച്ചയായ രണ്ടാം രഞ്ജി ട്രോഫി മത്സരത്തിലും സെഞ്ച്വറിനേടിയ സച്ചിൻ ബേബിയുടെ മികവിൽ കർണാടകയ്ക്കെതിരെ കനത്ത തകർച്ചയിൽ നിന്ന് കഷ്ടിച്ച് രക്ഷപെട്ട് കേരളം.
കർണാടകത്തിനെതിരായ നിർണായകമത്സരത്തിൽ ടോസ് നേടി ബാറ്റിംഗിനിറങ്ങിയ കേരളം ആദ്യ ദിനം കളിനിറുത്തുമ്പോൾ ആറുവിക്കറ്റ് നഷ്ടത്തിൽ 224 റൺസ് എടുത്തതിൽ 116 റൺസും നേടി പുറത്താകാതെ നിൽക്കുകയാണ് സച്ചിൻ ബേബി.ഇതേ ഗ്രൗണ്ടിൽ നടന്ന കഴിഞ്ഞ രഞ്ജി മത്സരത്തിൽ സർവീസസിനെതിരെ ആദ്യ ഇന്നിംഗ്സിൽ 159 റൺസും രണ്ടാം ഇന്നിംഗ്സിൽ 93 റൺസും സച്ചിൻ ബേബി നേടിയിരുന്നു.
ഇന്നലെ കേരളത്തിന്റെ തുടക്കം തകർച്ചയോടെയായിരുന്നു. ആറുറൺസ് എടുക്കുന്നതിനിടെ മൂന്ന് വിക്കറ്റുകളാണ് നഷ്ടമായത്. ഇന്നിംഗ്സിലെ രണ്ടാം പന്തിൽതന്നെ പി.രാഹുലിനെ കൗശിക്ക് എൽ.ബിയിൽ കുരുക്കി മടക്കി. പകരമിറങ്ങിയ രോഹൻ പ്രേമിനെ (0) രണ്ടാം ഓവറിന്റെ അവസാനപന്തിൽ വൈശാഖ് മറുനാടൻ മലയാളി താരം ദേവ്ദത്ത് പടിക്കലിന്റെ കയ്യിലെത്തിച്ചു.മൂന്നാം ഓവറിൽ കൗശിക്ക് രോഹൻ എസ്.കുന്നുമ്മലിനെ (5) നിഖി ജോസിന്റെ കയ്യിലെത്തിച്ചപ്പോഴാണ് കേരളം 6/3 എന്ന നിലയിലായത്.
തുടർന്ന് ക്രീസിൽ ഒരുമിച്ച സച്ചിൻ ബേബിയും വത്സൽ ഗോവിന്ദും (46) നടത്തിയ രക്ഷാപ്രവർത്തനം കേരളത്തെ 100 കടത്തി. പ്രായവും പരിചയവും നൽകിയ പക്വത തന്റെ ഇന്നിംഗ്സിലുടനീളം സച്ചിൻ ബേബി പുറത്തെടുത്തപ്പോൾ യുവതാരമായ വത്സൽ ഗോവിന്ദും സാഹചര്യത്തിന്റെ സമ്മർദ്ദം തിരിച്ചറിഞ്ഞ് ബാറ്റുവീശി. പെട്ടെന്ന് കേരളത്തെ ചിതറിച്ചുകളയാമെന്ന കർണാടക ബൗളർമാരുടെ ധാരണ തിരുത്തിയത് സച്ചിൻ ബേബിയും വത്സലും ചേർന്നാണ്. 43 ഓവറോളം ക്രീസിൽ തുടർന്ന ഈ സഖ്യം 120 റൺസ് കൂട്ടിച്ചേർത്തശേഷമാണ് പിരിഞ്ഞത്.
45-ാം ഓവറിൽ വത്സലിനെ ബി.ആർ ശരത്തിന്റെ കയ്യിലെത്തിച്ച് കൗശിക്കാണ് സഖ്യം പൊളിച്ചത്.പകരമിറങ്ങിയ സൽമാൻ നിസാറിനെയും (0) കൗശിക്ക് തന്നെ മടക്കിയപ്പോൾ 128/5 എന്ന നിലയിൽ കേരളം മറ്റൊരു തകർച്ച മുന്നിൽക്കണ്ടു. എന്നാൽ അക്ഷയ് ചന്ദ്രന്റെ(17) ചെറുത്തുനിൽപ്പ് മറ്റൊരു തകർച്ചയിൽനിന്ന് രക്ഷിച്ചു. സച്ചിൻ ബേബിയും അക്ഷയും ചേർന്ന് 174ലെത്തിച്ചശേഷമാണ് പിരിഞ്ഞത്. തുടർന്ന് അവസാന സെഷനിൽ ജലജ് സക്സേനയ്ക്ക് (31 നോട്ടൗട്ട് )ഒപ്പം ചെറുത്തുനിന്ന് സച്ചിൻ തന്റെ പത്താം സെഞ്ച്വറിയിലെത്തി. കളിനിറുത്തുമ്പോൾ 272 പന്തുകൾ നേരിട്ട സച്ചിൻ 12 ബൗണ്ടറികളും ഒരു സിക്സും പായിച്ചു. 74 പന്തുകൾ നേരിട്ട ജലജ് അഞ്ചുബൗണ്ടറികൾ പായിച്ചിട്ടുണ്ട്.
ഇന്ത്യൻ താരം മായാങ്ക് അഗർവാൾ നയിക്കുന്ന കർണാടക ടീമിൽ മനീഷ് പാണ്ഡേ,ദേവ്ദത്ത് പടിക്കൽ തുടങ്ങിയ മികച്ച ബാറ്റർമാരുള്ളതിനാൽ ഇന്ന് പരമാവധി പടിച്ചുനിന്ന് സ്കോർ ഉയർത്താനാകും കേരളത്തിന്റെ ശ്രമം.
3
ഈ സീസണിലെ തന്റെ മൂന്നാമത്തെ രഞ്ജി ട്രോഫി സെഞ്ച്വറിയാണ് ഇന്നലെ സച്ചിൻ ബേബി സ്വന്തമാക്കിയത്.ഈ സീസണിൽ മൂന്ന് അർദ്ധസെഞ്ച്വറികളും സച്ചിൻ നേടിക്കഴിഞ്ഞു.
10
സച്ചിന്റെ ഫസ്റ്റ് ക്ളാസ് ക്രിക്കറ്റിലെ പത്താം സെഞ്ച്വറിയാണിത്.
4000
സർവീസസിനെതിരായ മത്സരത്തിലെ സെഞ്ച്വറിയോടെ സച്ചിൻ കേരളത്തിനായി ഫസ്റ്റ് ക്ളാസ് ക്രിക്കറ്റിൽ 4000 റൺസ് മറികടക്കുന്ന രണ്ടാമത്തെ താരമായി മാറിയിരുന്നു.
88
ഓവറുകളാണ് സച്ചിൻ ബേബി ഇന്നലെ ക്രീസിൽ ചെലവിട്ടത്. കേരളം നേടിയ സ്കോറിന്റെ പകുതിയിലധികവും സച്ചിന്റെ ബാറ്റിൽനിന്നായിരുന്നു.
സച്ചിൻ ബേബി ഈ രഞ്ജി സീസണിൽ
Vs ജാർഖണ്ഡ് 0&13
Vs രാജസ്ഥാൻ 139*&81*
Vsഛത്തിസ്ഗഡ് 77&1
Vs ഗോവ 46 & 4
Vs സർവീസസ് 159&93
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |