ന്യൂഡൽഹി: നാഗാലാന്റ്, മേഘാലയ, ത്രിപുര എന്നീ സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പ് തീയതി ഇന്ന് പ്രഖ്യാപിക്കും. ഉച്ചയ്ക്ക് രണ്ടരയ്ക്ക് നടക്കുന്ന വാർത്താസമ്മേളനത്തിലാണ് തിരഞ്ഞെടുപ്പ് കമ്മീഷൻ തീയതികൾ പ്രഖ്യാപിക്കുക.
നാഗാലാൻഡ്, മേഘാലയ, ത്രിപുര നിയമസഭകളുടെ കാലാവധി യഥാക്രമം മാർച്ച് 12, മാർച്ച് 15, മാർച്ച് 22 തീയതികളിൽ അവസാനിക്കും. ഇതിന്റെ പശ്ചാത്തലത്തിൽ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ രാജീവ് കുമാറിന്റെ നേതൃത്വത്തിലുള്ള സംഘം മൂന്ന് സംസ്ഥാനങ്ങൾ സന്ദർശിച്ച് സ്ഥിതിഗതികൾ വിലയിരുത്തിയിരുന്നു.
തുടർന്ന് മൂന്ന് സംസ്ഥാനങ്ങളിലെയും രാഷ്ട്രീയ പാർട്ടികൾ, സിവിൽ ഉദ്യോഗസ്ഥർ, കേന്ദ്ര സുരക്ഷാ ഉദ്യോഗസ്ഥർ എന്നിവരുമായി തിരഞ്ഞെടുപ്പ് കമ്മീഷൻ കൂടിക്കാഴ്‌ച നടത്തിയിരുന്നു. മൂന്ന് സംസ്ഥാനങ്ങളിലും അറുപത് സീറ്റുകൾ വീതമാണ് ഉള്ളത്.
ബി ജെ പിയടക്കമുള്ള പാർട്ടികളെ സംബന്ധിച്ച് മൂന്നിടങ്ങളിലെയും ഫലം നിർണായകമാണ്. എന്നിരുന്നാലും ത്രിപുരയിലേക്കാണ് ഏവരും ഉറ്റുനോക്കുന്നത്. നേരത്തെ ഇടതുപക്ഷത്തിന്റെ കോട്ടകളിലൊന്നായിരുന്നു ത്രിപുര. എന്നാൽ കഴിഞ്ഞ തിരഞ്ഞെടുപ്പിൽ മുപ്പത്തിയേഴ് സീറ്റുകൾ നേടി ബി ജെ പി സർക്കാർ അധികാരത്തിലെത്തിയിരുന്നു. ഇത്തവണ കോൺഗ്രസുമായി സഹകരിച്ച് ബി ജെ പിയെ തോൽപിക്കാനാണ് ഇടതുപക്ഷത്തിന്റെ ശ്രമം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |