സിഡ്നി: വീസ കുരുക്കിൽപ്പെട്ട് പാക് വംശജനായ ഓസ്ട്രേലിയൻ ഓപ്പണർ ഉസ്മാൻ ഖവാജയ്ക്ക് ടീമിനാപ്പം ഇന്ത്യയിലേക്ക് പോരാനായില്ല. ഇന്ത്യൻ വിസ വൈകിയതിനാലാണ് ഖവാജയുടെ യാത്ര മുടങ്ങിയത്. ചൊവ്വാഴ്ചയും ഇന്നലെയുമായി മറ്ര് ഓസീസ് താരങ്ങൾ ഇന്ത്യയിലേക്ക് പുറപ്പെട്ടിരുന്നു. പതിനെട്ടംഗ ഓസീസ് ടീമിൽ വിസ പ്രശ്നം നേരിട്ട ഒരേയൊരു താരം ഖവാജ മാത്രമാണ്. ഖവാജ് ഇന്ന് ഇന്ത്യയിലേക്ക് വിമാനം കയറുമെന്നാണ് വിവരം. 2022ലെ ഏറ്രവും മികച്ച ഓസ്ട്രേലിയൻ ടെസ്റ്റ് താരത്തിനുള്ള പുരസ്കാരം ഖവാജ നേടിയിരുന്നു. ഐ.സി.സിയുടെ കഴിഞ്ഞ വർഷത്തെ ടെസ്റ്ര് ടീമിലും ഖവാജയുണ്ട്.
ഇന്ത്യയും ഓസ്ട്രേലിയയും തമ്മിലുള്ള ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരം ഒമ്പതിന് നാഗ്പൂരിൽ തുടങ്ങും. നാല് മത്സരങ്ങളാണ് പരമ്പരയിൽ ഉള്ളത്. ഇതിനിടെ വിസ വൈകിയതിന്റെ നിരാശ വ്യക്തമാക്കി ഖവാജ ഇൻസ്റ്രഗ്രാമിൽ പങ്കുവച്ച ട്രോൾ വൈറലായി. പാകിസ്ഥാനിലെ ഇസ്ലാമാബാദിൽ ജനിച്ച ഖവാജയ്ക്ക് 2011ലും ഇന്ത്യയിലേക്കെത്താൻ വിസാ പ്രശ്നം മൂലം തടസമുണ്ടായിരുന്നു. പിന്നീട് പ്രത്യേക ഇടപെടലുകൾ നടത്തിയാണ് ട്വന്റി-20 ചാമ്പ്യൻസ് ലീഗിൽ പങ്കെടുക്കാൻ ഖവാജയ്ക്ക് ഇന്ത്യയിൽ എത്താനായത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |