SignIn
Kerala Kaumudi Online
Tuesday, 19 May 2026 6.49 AM IST

മുന്നണികൾക്ക് ആത്മവിശ്വാസം;  മത്സരച്ചൂടിലേക്ക് അഴീക്കോട്

election

കണ്ണൂർ: കൈത്തറിയിഴകൾ പോലെ ഇടതും വലതും ഇഴചേർന്നുകിടക്കുന്ന മണ്ഡലമാണ് അഴീക്കോട്. 2026ലെ നിയമസഭാ തിരഞ്ഞെടുപ്പ് അടുക്കുമ്പോൾ ഇവിടെ സങ്കീർണമായ കണക്കുകളാണുള്ളത്.ഡീ ലിമിറ്റേഷനിലൂടെ കോർപറേഷനിലെ ചില സോണുകൾ മണ്ഡലത്തിൽ എത്തിയതാണ് ഇടതുവലത് ബലാബലത്തിന് കാരണം. ഓരോ തിരഞ്ഞെടുപ്പിനെയും ഇത് പ്രവചനാതീതമാക്കുകയാണ്.

മണ്ഡല പുനർനിർണ്ണയത്തോടെ കണ്ണൂർ കോർപ്പറേഷനിലെ ചില സോണുകൾ ഇതിലേക്ക് ലയിച്ചു. അതോടെ മണ്ഡലത്തിലെ ചുവപ്പ് അൽപം നേർത്തു. ഇടതും വലതും ഏതാണ്ട് തുല്യ ബലത്തിലെത്തി. ഇതാണ് ഓരോ തിരഞ്ഞെടുപ്പിലും ഫലം അപ്രവചനീയമാക്കുന്ന ഘടകം.

1977ൽ മണ്ഡലം നിലവിൽ വന്നതു മുതൽ ഇടതിന്റെ ഉരുക്കുകോട്ടയായിരുന്നു അഴീക്കോട്. ചടയൻ ഗോവിന്ദൻ, പി. ദേവൂട്ടി, ഇ.പി. ജയരാജൻ, ടി.കെ. ബാലൻ ഒരു ഘോഷയാത്ര പോലെ ചുവന്ന കൊടി ഈ മണ്ണിൽ ആഘോഷിച്ചു. 1987ൽ ആ ചരിത്രം ഇടറി. സി.പി.എമ്മിൽനിന്ന് പുറത്തായ എം.വി. രാഘവൻ യു.ഡി.എഫ് ബാനറിൽ കുലച്ച തെങ്ങ് ചിഹ്നത്തിൽ ജയം കൊയ്തതോടെ ചരിത്രം വഴിമാറി. ആ വഴിത്തിരിവ് അഴീക്കോടിനെ കേരളത്തിലെ ഏറ്റവും കടുത്ത പോരാട്ട ഭൂമിയാക്കി. .
2005മുതൽ 2011 വരെ സി.പി.എമ്മിന്റെ എം.പ്രകാശൻ പ്രതിനിധിയായി. 2011ലെ കടുത്ത പോരാട്ടത്തിനൊടുവിൽ മുസ്ലിം ലീഗ് നേതാവ് കെ.എം.ഷാജി പ്രകാശനെ തറപറ്റിച്ചു. 2016ൽ എം.വി. നികേഷിനെ ഇറക്കിയിട്ടും ഷാജി ജയം ആവർത്തിച്ചു.
2021ൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റായിരുന്ന കെ.വി.സുമേഷിലൂടെയാണ് എൽ.ഡി.എഫ് മണ്ഡലം തിരിച്ചുപിടിച്ചത്. 2019ലെ ലോകസഭാ തിരഞ്ഞെടുപ്പിൽ മണ്ഡലത്തിൽ യു.ഡി.എഫ് നേടിയ വൻ ഭൂരിപക്ഷം മറികടന്നായിരുന്നു സുമേഷിന്റെ വിജയം.
കണ്ണൂർ താലൂക്കിലെ അഴീക്കോട്, ചിറക്കൽ, വളപട്ടണം, നാറാത്ത്, പാപ്പിനിശ്ശേരി, പള്ളിക്കുന്ന്, പുഴാതി പഞ്ചായത്തുകൾ ചേർന്നതാണ് ഈ മണ്ഡലം. അഴീക്കൽ തുറമുഖം, പ്ലൈവുഡ് ശാലകൾ, കൈത്തറി ഗ്രാമങ്ങൾ ഇവ മണ്ഡലത്തിലെ പൊതു ചിത്രമാണ്.
സുമേഷിന് രണ്ടാമങ്കം; ലീഗിൽ നിന്ന് ചേലേരി ?
കെ.വി.സുമേഷ് തന്നെ വീണ്ടും എൽ.ഡി.എഫ് സ്ഥാനാർഥിയാകുമെന്ന് ഏതാണ്ട് ഉറപ്പായിട്ടുണ്ട്. എം.എൽ.എ എന്ന നിലയിലുള്ള പ്രകടനവും ബന്ധങ്ങളും സുമേഷിന് ബലം പകരുന്നുണ്ട്.യു.ഡി.എഫ് ഭാഗത്ത്. യു.ഡി.എഫിൽ ലീഗ് മത്സരിക്കുന്ന മണ്ഡലത്തിൽ സ്ഥാനാർത്ഥി പുറത്തുനിന്നാവില്ലെന്ന് ഇക്കുറി നേതൃത്വം വ്യക്തമാക്കിയിട്ടുണ്ട്.മുസ്ലിം ലീഗ് ജില്ലാ പ്രസിഡന്റ് അബ്ദുൾ കരീം ചേലേരിയെ മുൻനിർത്തിയാണ് ലീഗിന്റെ നീക്കം. മണ്ഡലത്തിൽ ക്രമാനുഗതമായ വളർച്ച രേഖപ്പെടുത്തുന്ന ബി.ജെ.പി
നോർത്ത് ജില്ലാ പ്രസിഡന്റ് കെ.കെ. വിനോദ്കുമാറിനെ മത്സരത്തിലിറക്കിയേക്കും. അഴീക്കോട്, ചിറക്കൽ, പള്ളിക്കുന്ന് പഞ്ചായത്തുകളിൽ ബി.ജെ.പിക്ക് ജനപ്രതിനിധികൾ ഉണ്ട്.പരമ്പരാഗത വോട്ടിനൊപ്പം ന്യൂ ജൻ വോട്ടുകളും മണ്ഡലത്തിന്റെ സ്വഭാവം നിർണയിക്കുന്ന ഘടകമാണ്.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, KANNUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL