SignIn
Kerala Kaumudi Online
Tuesday, 19 May 2026 6.48 AM IST

പൊരിയുന്ന ചൂടാണേ..... കരുതി ഇറങ്ങണം

summer

കണ്ണൂരിൽ അനുഭവപ്പെടുന്നത് രാജ്യത്തെ ഏറ്റവും കൂടിയ ചൂട്

കണ്ണൂർ: ജില്ലയിൽ കനത്ത ചൂട് ജനജീവിതത്തെ സാരമായി ബാധിച്ചുതുടങ്ങി. ഫെബ്രുവരി ആദ്യവാരം മുതൽ കനത്ത ചൂടാണ് അനുഭവപ്പെടുന്നത്. റംസാൻ വ്രതകാലമായതിനാൽ വിശ്വാസികളും വലിയ ബുദ്ധിമുട്ടാണ് അനുഭവിക്കുന്നത്. പുറത്തിറങ്ങി ഒന്ന് നടന്നാൽ പെട്ടെന്ന് ജലനഷ്ടം നേരിടുകയാണ്. വ്രതകാലത്ത് ജോലിക്ക് പോകുന്നവ‌ർ ഇതുമൂലം വലിയ പ്രതിസന്ധിയാണ് അനുഭവിക്കുന്നത്.

കനത്ത ചൂടിൽ ചുമട്ട് തൊഴിലാളികളും നിർമ്മാണത്തൊഴിലാളികളുമെല്ലാം കടുത്ത ഭീഷണിയാണ് നേരിടുന്നത്.
ഈ വർഷം രാജ്യത്ത് ഏറ്റവുമധികം ചൂട് രേഖപ്പെടുത്തിയത് കണ്ണൂരിലാണ്.കഴിഞ്ഞ ഫെബ്രുവരി ഏഴ്,​എട്ട് തീയതികളിൽ കണ്ണൂർ വിമാനത്താവളത്തിൽ രേഖപ്പെടുത്തിയത് 38.4 ഡിഗ്രി സെൽഷ്യസാണ്. കാലാവസ്ഥ വ്യതിയാനമാണ് ചൂട് കനക്കാൻ കാരണമെന്നാണ് വിദഗ്ധർ അഭിപ്രായപ്പെടുന്നത്. മാർച്ച് മാസം എത്തിയതോടെ ചൂട് വർദ്ധിച്ചിരിക്കുകയാണ്. മാർച്ച് അവസാനം വേനൽ മഴ എത്തുമെങ്കിലും കഴിഞ്ഞവർഷത്തിലുമധികം ചൂട് ശക്തിപ്പെടാനാണ് സാദ്ധ്യതയെന്നാണ് വിദഗ്ധരുടെ മുന്നറിയിപ്പ്.

ഏപ്രിൽ ,​ മേയ് മാസങ്ങളിൽ വേനൽ മഴ ലഭിക്കാൻ സാദ്ധ്യതയുണ്ടെന്നതാണ് വിദഗ്ദർ നൽകുന്ന ആശ്വാസവാക്ക്. തീരപ്രദേശങ്ങളിലും മലയോരത്തും ഉള്ളതിനെക്കാൾ ഇടനാടൻ പ്രദേശങ്ങളിൽ ചൂട് കൂടുമെന്നും കാലാവസ്ഥ വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നുണ്ട്. മറ്റ് ജില്ലകളെ അപേക്ഷിച്ച് ഉയർന്ന ചൂടാണ് പൊതുവെ കണ്ണൂരിൽ അനുഭവപ്പെട്ടുവരുന്നത്. അന്തരീക്ഷത്തിലെ ഉയർന്ന ഈർപ്പമാണ് കനത്ത ചൂടിന് കാരണം.അതിശക്തമായ വെയിൽ അൾട്രായലറ്റ് സൂചിക ഉയരാനും സാദ്ധ്യതയുണ്ട്. രാവിലെ 11 മുതൽ മൂന്നു വരെ വെയിലത്ത് ഇറങ്ങി നടക്കുന്നത് ഒഴിവാക്കിയാൽ ചൂട് കാലത്ത് നേരിടുന്ന ആരോഗ്യ പ്രശ്നങ്ങൾ ഒരു പരിധിവരെ ഒഴിക്കാം.


മൃഗങ്ങൾക്കും സംരക്ഷണം ഒരുക്കണം

ഉയർന്ന ചൂട് കന്നുകാലികളിൽ പാലുത്പാദനം കുറയുന്നതിനും രോഗ പ്രതിരോധ ശേഷി ഇല്ലാതാകുന്നതിനും കാരണമാകും. ഉയർന്ന അളവിലുള്ള ചൂട് മൃഗങ്ങളുടെ മരണത്തിന് വരെ ഇടയാക്കിയേക്കും.

കന്നുകാലികളെ സംരക്ഷിക്കാൻ

തൊഴുത്തുകളിൽ വായു സഞ്ചാരം ഉറപ്പാക്കുക

പശുക്കളെ രണ്ടുമണിക്കൂർ ഇടവേളയിൽ നനയ്ക്കുക


വിദ്യാർത്ഥികൾക്ക് പരീക്ഷാച്ചൂടും

ചൂട് തീവ്രമയാതിനാൽ പരീക്ഷയ്‌ക്കെത്തുന്ന വിദ്യാർത്ഥികൾ മുൻകരുതലുകൾ സ്വീകരിക്കണം. തണുത്ത വെള്ളം അധികമായി കരുതണം. ചൂടിനെ പ്രതിരോധിക്കാൻ ക്ലാസ് മുറികളിൽ ഫാനിന്റെ പ്രവർത്തനക്ഷമത ഉറപ്പാക്കണം. ദാഹം അനുഭവപ്പെടുമ്പോഴൊക്കെ വെള്ളം കുടിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. സാധാരണ മനുഷ്യൻ ഒരുദിവസം കുടിക്കേണ്ട വെള്ളത്തിന്റെ അളവ് രണ്ട് ലിറ്ററോളമാണ്. എന്നാൽ ഉയർന്ന അന്തരീക്ഷ താപനിലയിൽ രണ്ടര ലിറ്ററോ, മൂന്ന് ലിറ്ററോ വരെ വെള്ളം കുടിക്കണമെന്ന് ആരോഗ്യവിദഗ്ധരും നിർദ്ദേശം നൽകുന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, KANNUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL