SignIn
Kerala Kaumudi Online
Tuesday, 19 May 2026 5.17 AM IST

വീഴ്ചയിലും തളരാത്ത പ്രസീതയ്ക്ക് വേണം പെട്ടിക്കടയിലെത്താൻ ഒരു വീൽചെയർ

praseetha

കാസർകോട്: ചെറുവത്തൂർ റെയിൽവെ ഓവർബ്രിഡ്ജിനടുത്തുള്ള അയ്യപ്പമഠത്തിന് സമീപത്തെ കാരക്കുടിയിൽ ശ്രീനിലയത്തിൽ പി.പ്രസീതയെ അറിഞ്ഞാൽ അതിജീവനമെന്ന വാക്കിന്റെ അർത്ഥമെന്തെന്ന് അറിയാം. ഓട്ടോ ഇടിച്ച് തകർന്ന നട്ടെല്ലുമായി തന്റെ പെട്ടിക്കടയിലൂടെ ജീവിതത്തെ നേരിടുന്ന ഈ നാൽപതുകാരി വീൽചെയർ കേടായതോടെ ഇപ്പോൾ തോൽവിയ്ക്ക് മുന്നിലാണ്.

വീൽചെയറിൽ പുലർച്ചെ നാല് മണിക്ക് എത്തിയാണ് പ്രസീത കട തുറന്നിരുന്നത്. വൈകുന്നേരമാകുമ്പോഴേക്കും വേദന കടുക്കും. വീട്ടിലേക്ക് മടങ്ങും. വീൽചെയറിലായാലും അധികനേരം നേരെ ഇരിക്കാൻ കഴിയില്ല. അട്ടിവച്ച കല്ലിന് മുകളിൽ വീൽചെയർ വച്ചാണ് ഇരിപ്പ്. ചായ അടിക്കുന്നതും പലഹാരം നൽകുന്നതുമെല്ലാം ഈ വിധം ഇരുന്നാണ്. വീൽചെയർ തകരാറായതോടെ ഇപ്പോൾ പോകാൻ കഴിയാതെ പ്രസീതയുടെ പോക്കുവരവ് നിലച്ചു.കട അടച്ചിട്ടു. പ്രസീതയുടെ കഥ കേട്ട് മുൻ നാവികസേന ഉദ്യോഗസ്ഥ പ്രസന്ന ഇടയില്യത്തിന്റെ ഇടപെടലിൽ ടെക്നോപാർക്ക് ജീവനക്കാർ നൽകിയ ഇലക്ട്രിക്കൽ വീൽചെയർ കുറച്ചുകാലം ആശ്വാസമായി. ഇതിന്റെ ബാറ്ററി തീരുകയും ടയർ കേടാവുകയും ചെയ്തതോടെ സ്വന്തം നിലയിൽ ഒരു വീൽ ചെയർ വാങ്ങി. ഇതും കേടായതോടെ പുറത്തിറങ്ങാൻ പറ്റാതായി.

അപകടത്തിന് ശേഷം ആദ്യം മംഗളൂരുവിലെ ആശുപത്രിയിലും പിന്നീട് പത്തനംതിട്ടയിലെ ആയുർവേദ ആശുപത്രിയിലും രണ്ടുവ‌ർഷത്തെ ചികിത്സയ്ക്ക് ശേഷമാണ് പ്രസീതയ്ക്ക് വീൽചെയറിൽ ഇരിക്കാനെങ്കിലും സാധിച്ചത്. കുറച്ചുകാലം പേപ്പർ പേന നിർമ്മിച്ച് വിറ്റ് ജീവിതചിലവ് കണ്ടെത്താൻ ശ്രമിച്ചു. അമ്മ നിർമ്മല നടത്തിയ ചായക്കടയിൽ നിന്നുള്ള പരിചയമാണ് പെട്ടിക്കടയിലെത്തിച്ചത്. വീൽചെയർ ഇല്ലാതെ മൂന്നുമാസമായി ജീവിതത്തിന് മുന്നിൽ പകച്ചുനിൽക്കുകയാണ് ഈ യുവതി.

ശയ്യാവലംബിയാക്കിയ ദുർദ്ദിനം

2016 ഏപ്രിൽ 12 നാണ് പ്രസീതയെ കിടപ്പിലാക്കിയ അപകടമുണ്ടായത്. ചെറുവത്തൂർ സർക്കാർ ആശുപത്രിയിലെ ഒരു യോഗത്തിൽ കുടുംബശ്രീ പ്രതിനിധിയായി പങ്കെടുത്ത് ദേശീയപാതയിലൂടെ വീട്ടിലേക്ക് മടങ്ങുന്നതിനിടയിൽ പിന്നിൽ നിന്നെത്തിയ ഓട്ടോ ഇടിക്കുകയായിരുന്നു. പ്രതിദിനം 3500 ഓളമായിരുന്നു ഇവരുടെ പ്രതിദിന ചികിത്സാചിലവ്.

ഓട്ടോ വഴി ജീവിതവും

പ്രസീതയുടെ ജീവിതം ദുരന്തത്തിലായത് ഒരു ഓട്ടോ കാരണമായതെങ്കിൽ മറ്റൊരു ഓട്ടോ ജീവിതത്തിൽ വെളിച്ചവുമായി. കരിവെള്ളൂരിലെ ഓട്ടോ ഡ്രൈവർ സുരേശൻ ഏഴ് വർഷം മുമ്പ് ഏച്ചിക്കുളങ്ങര ക്ഷേത്രത്തിൽ വച്ച് വീൽ ചെയറിൽ ഇരുന്ന പ്രസീതയുടെ കഴുത്തിൽ മിന്നുകെട്ടി. എഴുന്നേൽക്കാനും കിടക്കാനും ഭക്ഷണം കഴിക്കാനുമെല്ലാം സുരേശന്റെ സഹായം വേണം. ചെറുവത്തൂർ റെയിൽവെ മുത്തപ്പൻ ക്ഷേത്രത്തിന് സമീപമുള്ള സ്റ്റാൻഡിലെ ഡ്രൈവറായ സുരേശന് ഹെർണിയ ഓപ്പറേഷനെ തുടർന്ന് നിലവിൽ ജോലിക്ക് പോകാനും സാധിക്കുന്നില്ല.

രണ്ട് വർഷം ഒരേ കിടപ്പായിരുന്നു. ഇൻഷൂറൻസ് സഹായമായി കിട്ടിയ തുകയുടെ എത്രയോ ഇരട്ടി ചികിത്സക്ക് ചിലവായി. ലക്ഷങ്ങളുടെ കടത്തിലാണിപ്പോൾ. ഭർത്താവും പ്രയാസത്തിലായതോടെ ജീവിതം ശരിക്കും പ്രതിസന്ധിയിലാണ്.

-പ്രസീത

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, KANNUR, SPECIAL
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL