SignIn
Kerala Kaumudi Online
Tuesday, 19 May 2026 3.38 AM IST

മലയാളികൾ ഏറ്റവും കൂടുതൽ ഉപയോഗിക്കുന്ന സാധനത്തിന് വില കുത്തനെ കുറഞ്ഞു,​ ഗുണം ലഭിക്കുന്നത് ഇവർക്ക്

market

കോഴിക്കോട്: സംസ്ഥാനത്ത് പച്ചത്തേങ്ങ വില കുത്തനെ ഇടിഞ്ഞതോടെ നാളികേര കർഷകർ കടുത്ത പ്രതിസന്ധിയിലേക്ക്. കഴിഞ്ഞ കുറച്ചു മാസങ്ങളായി മികച്ച വരുമാനം ഉറപ്പാക്കിയിരുന്ന നാളികേര വിപണിയാണ് ഇപ്പോൾ കർഷകരെ പൂർണമായി കൈവിട്ടിരിക്കുന്നത്. നിലവിൽ 40 മുതൽ 45 രൂപ വരെയാണ് പച്ചത്തേങ്ങയ്ക്ക് വിപണിയിൽ ലഭിക്കുന്നത്. കഴിഞ്ഞ വർഷം പകുതിയോടെ 80 മുതൽ 85 രൂപവരെ ഉയർന്നിരുന്ന വില പിന്നീട് ദീർഘനാൾ 60-65 രൂപ നിരക്കിലേക്ക് എത്തിയിരുന്നു. ഈ കാലയളവിൽ മികച്ച വില ലഭിച്ചതോടെ കർഷകർ കൂടുതൽ വിളവെടുപ്പിനും പരിചരണത്തിനുമായി അധിക ചെലവും നടത്തിയിരുന്നു. എന്നാൽ മാസങ്ങൾക്കുള്ളിൽ വില പകുതിയിലേറെ ഇടിഞ്ഞത് കർഷകരെ ആശങ്കയിലാഴ്ത്തിയിരിക്കുകയാണ്.
പച്ചത്തേങ്ങ വില കുറഞ്ഞത് കൊപ്ര, വെളിച്ചെണ്ണ വിപണികളെയും പ്രതികൂലമായി ബാധിച്ചിട്ടുണ്ട്. കിലോയ്ക്ക് 180 മുതൽ 200 രൂപവരെ എത്തിയിരുന്ന കൊപ്ര വില ഇപ്പോൾ ഗണ്യമായി താഴ്ന്നിട്ടുണ്ട്. വെളിച്ചെണ്ണ വിലയും ലിറ്ററിന് 500-550 രൂപയിൽ നിന്ന് 300 രൂപയിലേക്ക് ഇടിഞ്ഞു. ഇതോടെ നാളികേര അധിഷ്ഠിത ഉത്പന്നങ്ങളിൽ നിന്നുള്ള കർഷകരുടെ വരുമാനവും കുറഞ്ഞു.
കേരളത്തിൽ നിന്ന് വൻതോതിൽ പച്ചത്തേങ്ങ കയറ്റുമതി ചെയ്തിരുന്ന തമിഴ്നാട് ആസ്ഥാനമായ വ്യാപാരികൾ അതിന്റെ അളവ് കുറച്ചതാണ് വിപണിക്ക് വലിയ തിരിച്ചടിയായത്. തമിഴ്നാട്ടിൽ ആഭ്യന്തര ഉത്പാദനം വർദ്ധിച്ചതോടെ അവിടെ നിന്നുള്ള വ്യാപാര സംഘങ്ങളുടെ വരവ് ഗണ്യമായി കുറഞ്ഞു. നേരത്തെ പാലക്കാട്, കോഴിക്കോട്, മലപ്പുറം, കണ്ണൂർ ജില്ലകളിൽ നിന്നായി വലിയ നിരക്കിൽ നാളികേരം തമിഴ്നാട്ടിലേക്ക് കൊണ്ടുപോയിരുന്നുവെന്ന് വ്യാപാരികൾ പറയുന്നു. ഇതോടൊപ്പം പശ്ചിമേഷ്യൻ മേഖലയിലെ സംഘർഷങ്ങളും കയറ്റുമതി വിപണിയെ ബാധിച്ചു.

മൂല്യവർദ്ധിത നാളികേര ഉത്പന്നങ്ങളായ വെളിച്ചെണ്ണ, തേങ്ങാപ്പൊടി, ഉണക്കത്തേങ്ങ, കയറുത്പന്നങ്ങൾ തുടങ്ങിയവയുടെ കയറ്റുമതി മന്ദഗതിയിലായതോടെ വലിയ തോതിൽ സ്റ്റോക്ക് ആഭ്യന്തര വിപണിയിലേക്ക് തിരിച്ചെത്തി. ഇതും വില ഇടിയാൻ കാരണമായതായി വ്യാപാരികൾ പറയുന്നു. അതേസമയം, വെളിച്ചെണ്ണ വില കുറഞ്ഞത് സാധാരണ കുടുംബങ്ങൾക്ക് ആശ്വാസമായി.വില കുത്തനെ ഉയർന്നിരുന്ന സമയത്ത് സൺഫ്ലവർ ഓയിൽ, പാം ഓയിൽ തുടങ്ങിയ ബദൽ എണ്ണകളെ ആശ്രയിച്ചിരുന്ന ഉപഭോക്താക്കൾ വീണ്ടും വെളിച്ചെണ്ണയിലേക്ക് മടങ്ങിയെത്തുന്ന സാഹചര്യമാണുള്ളത്. ഉത്പ്പാദനച്ചെലവ് ഉയരുന്ന സാഹചര്യത്തിൽ സർക്കാർ ഇടപെട്ട് താങ്ങുവില ഉറപ്പാക്കണമെന്നും നാളികേര സംഭരണം ശക്തമാക്കണമെന്നുമാണ് കർഷക സംഘടനകൾ ആവശ്യപ്പെടുന്നത്.

"ആശങ്ക വലുതാണ്. പറമ്പ് ഒരുക്കാനും വളമിടാനുമൊക്കെ വലിയ തുക ചെലവാക്കിയിട്ടുണ്ട്.വലിയൊരു പ്രതിസന്ധിയിലേക്ക് എത്തുന്നതിന് മുൻപു തന്നെ സർക്കാരിന്റെ ഭാഗത്തുനിന്ന് കൃത്യമായ ഇടപെടലുണ്ടാകുമെന്നാണ് പ്രതീക്ഷ"


-നാരായണൻകുട്ടി കുറുപ്പ്
നാളികേര കർഷകൻ
മുഴാപാലം,കോഴിക്കോട്

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: NEWS, MARKET, PRICE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA