തൃശൂർ: നഗരത്തിലേക്കുള്ള പ്രധാന പ്രവേശന കവാടമായ കുറുപ്പം റോഡിലെ കാന നിർമ്മാണം എന്ന് പൂർത്തിയാകുമെന്നതിൽ ഇനിയും ആശങ്ക തുടരുന്നു. കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡിലേക്കും റെയിൽവേ സ്റ്റേഷനിലേക്കുമുള്ളവർ റോഡിന് മദ്ധ്യേ കൂടി വഴി നടക്കേണ്ട അവസ്ഥയാണ്. കാലവർഷം എത്തുന്നതോടെ പ്രതിസന്ധിയിലാണ് കുറുപ്പം റോഡിന് ഇരുവശവുമുള്ള വ്യാപാരികൾ.
ഇടുങ്ങിയ റോഡിലൂടെ ഇരുചക്ര വാഹനം ഓടിക്കുന്നവരും ദുരിതത്തിലാണ്. വർഷാദ്യത്തിൽ തയ്യാറാക്കിയ രണ്ടരക്കോടിയുടെ എസ്റ്റിമേറ്റ് പ്രകാരം കരാറെടുക്കാൻ ഒരാളും എത്തിയിട്ടില്ല. 2025ലെ പൂരത്തിന് മുൻപേ പൂർത്തിയാക്കുമെന്ന് അറിയിച്ച റോഡാണ് ഒരു വർഷത്തിന് ശേഷവും ഏങ്ങുമെത്താതെ കിടക്കുന്നത്. 2025 ആഗസ്റ്റിൽ റോഡ് തുറന്നുകൊടുക്കുമ്പോൾ കാനയും നടപ്പാതയും നിർമ്മിക്കാത്തതിൽ വ്യാപാരികൾ വായ മൂടിക്കെട്ടി പ്രതിഷേധിച്ചിരുന്നു. ഇലക്ട്രോണിക്‌സ്, മൊബൈൽ ഫോൺ, ഓട്ടോമൊബൈൽ, ഹാർഡ് വെയർ, ഹോട്ടൽ തുടങ്ങിയ വ്യാപാരികളാണ് ഇവിടെയുള്ളത്. കഴിഞ്ഞ വർഷകാലത്ത് ഷോപ്പുകളിലേക്ക് മഴവെള്ളം ഇരച്ചെത്തിയതിനെത്തുടർന്ന് നിരവധി വ്യാപാരികൾ തറ ഉയർത്തി നിർമ്മിച്ചിരുന്നു. പകുതിയിലേറെ പേർ ഇനിയും ഉയർത്തിയിട്ടില്ല. കാനയും നടപ്പാതയും നിർമ്മിച്ചാലേ തറ എത്രത്തോളം ഉയർത്തണമെന്നത് കൃത്യമാകൂ എന്ന് വ്യാപാരികൾ പറയുന്നു.
ഒടുവിൽ കൈയൊഴിഞ്ഞു
ടെൻഡറും റീടെൻഡറും കഴിഞ്ഞിട്ടും ആരും കരാർ എടുക്കാത്തതിനെ തുടർന്ന് ഒരാളോട് ഏറ്റെടുക്കണമെന്ന് എൻജിനിയറിംഗ് നേരിട്ട് അഭ്യർത്ഥിച്ചിരുന്നു. കാനയും കേബിളും പോകുന്ന റോഡുവക്കിലെ നിർമ്മാണം ശ്രമകരമാണെന്നും സാമ്പത്തിക ബാദ്ധ്യത ഉണ്ടാകുമെന്നും പറഞ്ഞ് കൈയൊഴിയുകയായിരുന്നത്രെ. നിർമ്മാണത്തിന് യന്ത്രങ്ങൾ ഉപയോഗിക്കാനാകില്ല, തൊഴിലാളികളെ മാത്രം ഉപയോഗിച്ചേ ട്രഞ്ചിംഗ് ഉൾപ്പെടെ നടക്കൂ. കൂടാതെ, ലോൺ ഫണ്ട് ഉപയോഗിച്ച് നിർമ്മാണം നടത്താനുള്ള കോർപറേഷൻ തീരുമാനവും കരാറുകാരെ പിന്നോട്ടടിക്കുന്നുണ്ടെന്നാണ് വിലയിരുത്തൽ. കോർപറേഷന് വായ്പകളൊന്നും ഇല്ലെന്നിരിക്കെ ഫണ്ട് വേഗം ലഭ്യമാക്കാമെന്ന ഉറപ്പ് നൽകിയാൽ ആരെങ്കിലും കരാർ ഏറ്റെടുക്കാൻ തയ്യാറായേക്കുമെന്നാണ് പ്രതീക്ഷ.
പഴയ കാന തുറക്കമോ?
വർഷകാലത്ത് കുറുപ്പം റോഡിലെ വെള്ളക്കെട്ട് ഒഴിവാക്കാൻ മണ്ണിട്ട് നികത്തിയ കാന വീണ്ടും തുറക്കാൻ ഒരുങ്ങുകയാണ് കോർപറേഷൻ. മഴക്കാലത്തിന് മുൻപ് മറ്റൊരു പരിഹാരവും ഇല്ലെന്നിരിക്കെയാണ് പുതിയ നടപടി. ഇതോടെ കാൽനടയാത്രക്കാരും ഇരുചക്ര വാഹനയാത്രക്കാരും വീണ്ടും ദുരിതക്കടലിലാകും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |