SignIn
Kerala Kaumudi Online
Tuesday, 19 May 2026 7.19 PM IST

'വിജയ്‌യുടെ സർക്കാർ ഏത് നിമിഷവും താഴെ വീഴാം'; ഇടക്കാല തിരഞ്ഞെടുപ്പിന് സജ്ജരാകാൻ അണികൾക്ക് നിർദേശം നൽകി എം കെ സ്റ്റാലിൻ

m-k-stalin

ചെന്നൈ: വിജയ്‌യുടെ നേതൃത്വത്തിലുള്ള തമിഴ്‌നാട് സർക്കാർ ഏത് നിമിഷവും താഴെ വീഴാമെന്ന് ഡിഎംകെ അദ്ധ്യക്ഷനും മുൻ മുഖ്യമന്ത്രിയുമായ എം കെ സ്റ്റാലിൻ. സംസ്ഥാനത്ത് ഇടക്കാല തിരഞ്ഞെടുപ്പിന് സാദ്ധ്യതയുണ്ടെന്നും അതിനായി പാർട്ടി അണികൾ സജ്ജരാകണമെന്നും സ്റ്റാലിൻ ആഹ്വാനം ചെയ്‌തു.

2029-ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിനൊപ്പം തമിഴ്‌നാട്ടിൽ വീണ്ടുമൊരു നിയമസഭാ തിരഞ്ഞെടുപ്പിന് സാദ്ധ്യതയുണ്ടെന്നും പരാജയത്തിന്റെ പൂർണ ഉത്തരവാദിത്തം സ്വയം ഏറ്റെടുക്കുന്നതായും സ്റ്റാലിൻ ജില്ലാ സെക്രട്ടറിമാരോട് പറഞ്ഞു. 'തമിഴ്‌നാട്ടിൽ ഉദയസൂര്യൻ ഒരിക്കലും അസ്‌തമിക്കില്ല. ഈ പരാജയം താൽക്കാലികം മാത്രമാണ്. നമ്മൾ ശക്തമായി തിരിച്ചുവരും'- സ്റ്റാലിൻ പറഞ്ഞു.

ടിവികെയുടെ വിജയത്തിന് പിന്നിൽ സോഷ്യൽമീഡിയയ്‌ക്ക് വലിയ പങ്കുണ്ടെന്ന് പറഞ്ഞ സ്റ്റാലിൻ ഡിഎംകെ തങ്ങളുടെ ഡിജിറ്റൽ സാന്നിദ്ധ്യം വർദ്ധിപ്പിക്കണമെന്ന് ആവശ്യപ്പെട്ടു. ഒരുകാലത്ത് നമ്മൾ ചായക്കടകളിലൂടെ സംസാരിച്ചിരുന്ന രാഷ്‌ട്രീയം ഇനി സോഷ്യൽമീഡിയ ഹാൻഡിലുകളിലൂടെ സംസാരിക്കണമെന്നായിരുന്നു സ്റ്റാലിന്റെ ആഹ്വാനം.

പരാജയത്തിന്റെ കാരണങ്ങൾ പരിശോധിക്കാനും പൊതുജനങ്ങളിൽ നിന്ന് നേരിട്ട് പ്രതികരണങ്ങൾ ശേഖരിക്കാനുമായി ഡിഎംകെ 36 അംഗ സമിതി രൂപീകരിച്ചു.തമിഴ്‌നാട് രാഷ്‌ട്രീയത്തിൽ വർഷങ്ങളായി നിലനിന്നിരുന്ന ദ്രാവിഡ പാർട്ടികളുടെ മേൽക്കോയ്‌മ അവസാനിപ്പിച്ചുകൊണ്ടാണ് ടിവികെ മികച്ച വിജയം നേടിയത്. അതുകൊണ്ടുതന്നെ ആറ് മാസംകൊണ്ട് തങ്ങളെ താഴെയിറക്കുമെന്ന ഡിഎംകെയുടെ അവകാശവാദങ്ങളിൽ ആശങ്കയില്ലെന്നും അഞ്ച് വർഷത്തെ കാലാവധി പൂർത്തിയാക്കാൻ ആവശ്യമായ ഭൂരിപക്ഷം തങ്ങൾക്കുണ്ടെന്നുമാണ് ടിവികെ വൃത്തങ്ങൾ പ്രതികരിക്കുന്നത്.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: NEWS 360, NATIONAL, NATIONAL NEWS, VIJAY, DMK, TVK, TAMILNADU, ELECTION
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360