മലയാളത്തിന്റെ മഹാനടൻ എന്ന വിശേഷണം മോഹൻലാലിന് ഏറ്റവും അനുയോജ്യമാണ്. ലാലുമായി സഹകരിച്ചിട്ടുള്ള പല സംവിധായകരും പറഞ്ഞിട്ടുള്ളത്, അദ്ദേഹം അഭിനയിക്കുകയാണെന്ന് തോന്നിയിട്ടേയില്ലെന്നാണ്. കേരളത്തിലെ പ്രശസ്‌ത മനോരോഗ വിദഗ്‌ദ്ധനായിരുന്ന സ്വരരാജ് മണി ഇക്കാര്യത്തിൽ മോഹൻലാലിനെ കുറിച്ച് വർഷങ്ങൾക്ക് മുമ്പ് നടത്തിയ അപഗ്രഥനം വെളിപ്പെടുത്തുകയാണ് സംവിധായകൻ ടി.കെ രാജീവ് കുമാർ. രാജീവിന്റെ മികച്ച ചിത്രങ്ങളിലൊന്നായ പവിത്രം കണ്ടതിന് ശേഷം സ്വരരാജ് മണി പറഞ്ഞ കാര്യങ്ങളാണ് രാജീവ് കുമാർ വെളിപ്പെടുത്തുന്നത്.
ടി.കെ രാജീവ് കുമാറിന്റെ വാക്കുകൾ-
''പവിത്രത്തിലെ ക്ളൈമാക്‌സ് സീൻ എങ്ങനെ അഭിനയിക്കണമെന്നത് ലാൽ സാറിനും കൺഫ്യൂഷൻ ആയിരുന്നു. മെന്റൽ ഡിസോർഡർ അല്ല പെട്ടെന്നുള്ളൊരു ഷോക്ക് മാത്രമാണെന്നേ കഥയിൽ പറയാൻ പറ്റൂ. എസ് എസ് എൽ സിയ‌്ക്ക് പഠിക്കുന്നപോലെ ലാൽ സാർ കിടന്ന് ഓടുകയാണ്. പത്ത് മിനിട്ട് കഴിഞ്ഞപ്പോൾ പല്ലിറുമ്മി കൊണ്ട് ഇങ്ങനെ അഭിനയിക്കട്ടെ എന്ന് ലാൽ സാർ ചോദിച്ചു. കൊള്ളാമല്ലോയെന്ന് എനിക്കും ക്യാമറാമാൻ സന്തോഷ് ശിവനും തോന്നി.
സിനിമ ഇറങ്ങിക്കഴിഞ്ഞ് അന്നത്തെ പ്രശസ്‌തനായ സൈക്യാട്രിസ്‌റ്റ് സ്വരരാജ് മണി സാർ സെക്കന്റ് ഷോ കണ്ടിട്ട് എന്നെ വിളിച്ചു. പല്ലിറുമ്മുന്നത് ചെയ‌്തെങ്കിൽ നിങ്ങൾ നന്നായി റിസർച്ച് ചെയ‌്തിട്ടാണ് സിനിമ എടുത്തെന്ന് മനസിലായി. അങ്ങനെയുള്ള റിസർച്ചുകളൊക്കെ മലയാളസിനിമയിൽ നടക്കാറുണ്ടോ എന്ന് അദ്ദേഹം ചോദിച്ചു.
ഞാൻ കാര്യം പറഞ്ഞപ്പോൾ അദ്ദേഹത്തെ മറുപടി ഇങ്ങനെയായിരുന്നു. അങ്ങനെ മോഹൻലാൽ ചെയ‌്തെങ്കിൽ അദ്ദേഹം വലിയൊരു ആക്ടർ ആയതിന്റെ കാര്യം സിമ്പിളാണ്. ലാലിന്റെ ജീവിതത്തിലെ ഓരോ ഒബ്‌സർവേഷൻസും അദ്ദേഹത്തിന്റെ ബ്രെയിനിൽ ഫോട്ടോഗ്രാഫിക് മെമ്മറിയുണ്ടെന്നും, സന്ദർഭത്തിൽ അഭിനയിക്കാൻ വരുമ്പോൾ അയാളുടെ അപാരമായ ഐക്യു കൊണ്ട് ഫോട്ടോഗ്രാഫിക് മെമ്മറിയെ റിട്രീവ് ചെയ്യാൻ സാധിക്കും. ആ കഥാപാത്രങ്ങൾക്ക് സന്ദർഭങ്ങൾക്കനുയോജ്യമായിട്ട് അദ്ദേഹത്തിൽ എവിടെയോ കണ്ടിരിക്കുന്ന മൊമന്റ്‌സ് ഓർത്തെടുക്കാൻ കഴിയും. അതുകൊണ്ടാണ് മോഹൻലാൽ ഇന്ത്യയിലെ ഏറ്റവും വലിയ നടൻ എന്ന് നമ്മൾ പറയുന്നത്. മോഹൻലാൽ ചെയ്യുന്ന ഒരു കഥാപാത്രം വേറെ റീമേയ‌്ക്ക് ചെയ‌്താൽ ആ സിനിമ ഓടില്ല രാജീവ് എന്ന് എത്രയോ കൊല്ലങ്ങൾക്ക് മുമ്പ് സ്വരരാജ് മണി സാർ എന്നോട് പറഞ്ഞിരുന്നു''.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |