ജോർജ്ടൗൺ : തെക്കേ അമേരിക്കൻ രാജ്യമായ ഗയാനയിൽ സെക്കൻഡറി സ്കൂൾ ഹോസ്റ്റലിലുണ്ടായ തീപിടിത്തത്തിൽ 19 കുട്ടികൾ കൊല്ലപ്പെട്ട സംഭവത്തിൽ 15കാരിയെ കുറ്റക്കാരിയെന്ന് കണ്ടെത്തി പൊലീസ്. ഈ മാസം 22ന് പുലർച്ചെയാണ് മദ്ധ്യ ഗയാനയിൽ സ്വർണ, ഡയമണ്ട് ഖനനത്തിന് പേരുകേട്ട മഹ്‌ദിയ പട്ടണത്തിലെ സ്കൂൾ ഹോസ്റ്റലിൽ തീപിടിത്തമുണ്ടായത്. മരിച്ചവരിൽ 18 പേർ 12നും 18നും ഇടയിൽ പ്രായമുള്ള പെൺകുട്ടികളാണ് മരിച്ചത്. ഹോസ്റ്റൽ വാർഡന്റെ അഞ്ച് വയസുള്ള മകനാണ് മരിച്ച മറ്റൊരാൾ. തന്റെ ഫോൺ അധികൃതർ പിടിച്ചെടുത്തതിന്റെ ദേഷ്യത്തിലാണ് 15കാരി ഹോസ്റ്റലിൽ തീപിടിത്തമുണ്ടാക്കിയതെന്ന് പൊലീസ് പറയുന്നു. ഇന്നലെ മജിസ്ട്രേറ്റ് കോടതിയിൽ വെർച്വലായി ഹാജരാക്കിയ പെൺകുട്ടിക്ക് മേൽ 19 കൊലക്കുറ്റങ്ങൾ ചുമത്തി. നിലവിൽ രാജ്യത്തെ ജുവനൈൽ ഡിറ്റൻഷൻ സെന്ററിലാണ് പെൺകുട്ടി. ഹോസ്റ്റലിന്റെ ബാത്ത്‌റൂം മേഖലയിൽ പെൺകുട്ടി തീയിടുകയായിരുന്നു. പെൺകുട്ടിക്കും നേരിയ തോതിൽ പൊള്ളലേറ്റിരുന്നു. അപകട സമയം ഉറങ്ങിക്കിടന്ന മറ്റ് കുട്ടികളിൽ മിക്കവരും ഹോസ്റ്റലിനുള്ളിൽ കുടുങ്ങുകയായിരുന്നു. മരിച്ചവരിൽ 13 പേരെ ഡി.എൻ.എ പരിശോധനയിലൂടെയാണ് തിരിച്ചറിഞ്ഞത്. 30ലേറെ കുട്ടികൾക്ക് പരിക്കേറ്റു. ഇതിൽ നില ഗുരുതരമായി തുടർന്ന രണ്ട് കുട്ടികളെ തുടർ ചികിത്സയ്ക്കായി ന്യൂയോർക്കിലേക്ക് മാറ്റി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |