കൊൽക്കത്ത: വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ കനത്ത നാശം വിതച്ച് മഴയും ചുഴലിക്കാറ്റും. ബംഗാളിൽ ചുഴലിക്കാറ്റിലും കനത്ത മഴയിലും നാല് പേർ മരിച്ചു. ജൽപായ്ഗുരി ജില്ലയിലാണ് സംഭവം. 100 പേർക്കെങ്കിലും പരിക്കേറ്റിട്ടുണ്ടെന്നാണ് റിപ്പോർട്ട്. നിരവധി വീടുകൾ തകരുകയും മരങ്ങൾ കടപുഴകുകയും ചെയ്തു. ഇന്ന് ഉച്ച തിരിഞ്ഞ് കനത്ത മഴയും ചുഴലിക്കാറ്റും ഉണ്ടാകുകയായിരുന്നെന്നും ജൽപായ്ഗുരി-മൈനാഗുരി പ്രദേശങ്ങളിൽ വൻ നാശമുണ്ടായെന്നും മുഖ്യമന്ത്രി മമതാ ബാനർജി അറിയിച്ചു.
പ്രദേശത്തെ വൈദ്യുതി വിതരണം താറുമാറായി. ദുരന്തനിവാരണ പ്രവർത്തനങ്ങൾ നടന്നുവരുന്നു. ആളുകളെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റുകയാണ്. മരിച്ചവരുടെ ബന്ധുക്കൾക്ക് നഷ്ടപരിഹാരം നൽകും. പരിക്കേറ്റവർക്കും ആവശ്യമായ സഹായം നൽകും. സ്ഥിതിഗതികൾ വിലയിരുത്താൻ മമത രാത്രി ജൽപായ്ഗുരിയിലെത്തി.
അസാമിലും മണിപ്പൂരിലും മണിക്കൂറുകളായി കനത്ത മഴ തുടരുകയാണ്, അസമിൽ മഴയിലും കാറ്റിലും ഗുവാഹത്തി വിമാനത്താവളത്തിനും കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. കാറ്റും മഴയും തുടരുന്ന വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലും സമീപ മേഖലകളിലും വിമാനമാർഗമുള്ള യാത്ര നിറുത്തലാക്കിയിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |