ആലപ്പുഴ: മാവേലിക്കര ലോക്സഭ മണ്ഡലത്തിൽ യു.ഡി.എഫ്, എൽ.ഡി.എഫ്, എൻ.ഡി.എ സ്ഥാനാർത്ഥികൾ ഇന്നലെയും പര്യടനത്തിൽ സജീവമായി.
യു.ഡി.എഫ് സ്ഥാനാർത്ഥി കൊടിക്കുന്നിൽ സുരേഷിന്റെ പര്യടനം ചങ്ങനാശ്ശേരിയിലായിരുന്നു. വ്യാപാരസ്ഥാപനങ്ങൾ, ആരാധനാലയങ്ങൾ എന്നിവിടങ്ങളിൽ സന്ദർശനം നടത്തി. ഇന്ന് സ്ഥാനാർത്ഥിയുടെ നിയോജകമണ്ഡലംതല പര്യടനം ആരംഭിക്കും. രാവിലെ ചക്കുളത്തുകാവിൽ പ്രാർത്ഥനക്ക് ശേഷം 8ന് നീരേറ്റുപുറത്ത് നിന്ന് ആരംഭിച്ച് നടുവിലേവീട്ടിൽപ്പാലത്ത് സമാപിക്കും.
എൻ.ഡി.എ സ്ഥാനാർത്ഥി ബൈജു കലാശാല കൊട്ടാരക്കര നിയമസഭ മണ്ഡലത്തിലാണ് ഇന്നലെ പര്യടനം നടത്തിയത്. കലയപുരം ആശ്രയ സാങ്കേതത്തിലെ അന്തേവാസിയായ സൗമ്യയുടെയും ധനീഷിന്റെയും വിവാഹത്തിൽ പങ്കെടുത്ത് ആശംസകൾ നേർന്നു. ആശ്രയയിലെത്തിയ സ്ഥാനാർത്ഥിയെ ഡയറക്ടർ കലയപുരം ജോസ് പൊന്നാട അണിയിച്ചു സ്വീകരിച്ചു. വിലക്കിത്തല നായർ സമാജം സംസ്ഥാന പ്രസിഡന്റ് പ്രദീപിനെ സന്ദർശിച്ചു.
എൽ.ഡി.എഫ് സ്ഥാനാർത്ഥി അഡ്വ. സി.എ.അരുൺകുമാറിന്റെ പര്യടനം പത്തനാപുരം മണ്ഡലത്തിലായിരുന്നു . ഇന്ന് മാവേലിക്കര മണ്ഡലത്തിൽ പര്യാടനം നടത്തും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |