SignIn
Kerala Kaumudi Online
Sunday, 06 October 2024 4.40 PM IST

കരയിൽ തിരപോലെ ഇരമ്പി കടൽ മക്കളുടെ പ്രതിഷേധം

Increase Font Size Decrease Font Size Print Page

 ബീച്ച് പരിസരത്തെ പാതകൾ സ്തംഭിച്ചു

കൊല്ലം: കള്ളക്കടൽ പ്രതിഭാസം മൂലമുണ്ടായ കടലേറ്റത്തിൽ വീട് നഷ്ടപ്പെട്ട ജനങ്ങളുടെ പ്രതിഷേധത്തിൽ ബീച്ചിൽ നിന്ന് ഇരവിപുരം, പള്ളിത്തോട്ടം, തങ്കശേരി എന്നിവിടങ്ങളിലേക്കുള്ള ഗതാഗതം മണിക്കൂറുകളോളം സ്തംഭിച്ചു. വൈകിട്ട് മൂന്നോടെ തീരദേവാസികൾ ആരംഭിച്ച പ്രതിഷേധം രാത്രി 9നാണ് അവസാനിച്ചത്.

ബീച്ച് റോഡ് വഴി വാഹനങ്ങൾക്ക് കടന്നുപോകാനാകാത്ത സാഹചര്യം രൂപപ്പെട്ടതോടെ ചിന്നക്കട അടക്കം നഗരത്തിന്റെ ഹൃദയഭാഗങ്ങളിലും ഗതാഗതക്കരുക്ക് രൂപപ്പെട്ടു. കനത്ത ചൂടും അവഗണിച്ചായിരുന്നു കടൽ മക്കളുടെ അതിജീവന പോരാട്ടം. വീട് തകർന്ന ഞായറാഴ്ച വൈകിട്ട് മുതൽ പ്രതിഷേധ അലകൾ ഉയർന്നെങ്കിലും ശക്തിപ്രാപിച്ചത് ഇന്നലെയാണ്.

വെടിക്കുന്ന് ഭാഗത്ത് വീട് നഷ്ടപ്പെടുന്നത് ഉൾപ്പെടെയുള്ള നാശനഷ്ടങ്ങൾ ഉണ്ടായിട്ടും അധികൃതരുടെ ഭാഗത്ത് നിന്ന് നടപടി ഉണ്ടാകാഞ്ഞതിൽ പ്രതിഷേധിച്ചാണ് ഇന്നലെ ജനം നിരത്തിലിറങ്ങിയത്. തീരദേശ റോഡിൽ വെടിക്കുന്ന് ഭാഗത്ത് നിരത്തിന് കുറുകെ ടാർപോളിൻ ഷീറ്റ് വലിച്ചുകെട്ടി അതിന്റെ തണിൽ ഇരുന്നാണ് കുഞ്ഞുങ്ങളും സ്ത്രീകളും ഉൾപ്പെടെയുള്ളവർ പ്രതിഷേധം ആരംഭിച്ചത്. നൂറിലേറെ കുടുംബങ്ങൾ പ്രതിഷേധത്തിൽ പങ്കെടുത്തു.

വൈകിട്ട് മൂന്നോടെ ഉപരോധ സമരം ബീച്ച് റോഡിലേക്ക് മാറി. ബീച്ചിലേക്കുള്ള രണ്ട് വഴികളും പ്രതിഷേധക്കാർ അടച്ചു. ഇതോടെ ബീച്ച് റോഡിലൂടെയുള്ള ഗതാഗതം പൂർണമായും തടസപ്പെട്ടു. സ്ത്രീകളും കുട്ടികളുമടങ്ങുന്ന 50ൽ അധികം പേർ ബീച്ച് റോഡിൽ കുത്തിയിരുപ്പ് സമരം ആരംഭിച്ചു.

ലോ ആൻഡ് ഓർഡർ എ.സി.പി അനുരൂപിന്റെ നേതൃത്വത്തിൽ വൻ പൊലീസ് സംഘം സ്ഥലത്ത് നിലയുറപ്പിച്ചിരുന്നു. വൈകിട്ട് അഞ്ചോടെ പ്രതിഷേധം കടുപ്പിക്കുന്നതിന്റെ ഭാഗമായി ബീച്ച് റോഡിലുണ്ടായിരുന്ന ഉപരോധം കൊച്ചുപിലാംമൂട് പാലത്തിലേക്ക് മാറ്റി. ഇതോടെ കൊച്ചുപിലാമൂട്ടിലേക്കോ പള്ളിത്തോട്ടം റോഡിലേക്കോ ബീച്ചിലേക്കോ വാഹനങ്ങൾക്കോ കാൽനട യാത്രക്കാർക്കോ കടന്നുപോകാനാകാത്ത സ്ഥിതിയായി. കളക്ടറോ, സബ് കളക്ടറോ, സ്ഥലം എം.എൽ.എയോ സ്ഥലത്തെത്തി ചർച്ച നടത്തണമെന്ന ആവശ്യം പ്രതിഷേധക്കാർ ഉന്നയിച്ചു. ഒരു വിഭാഗം പ്രതിഷേധക്കാർ കൊച്ചുപിലാംമൂട് റോഡിലേക്ക് പ്രവേശിക്കുന്ന വഴികൾ കയർ കെട്ടി അടച്ചു.

വൈകിട്ട് 6.15ന് സബ്കളക്ടർ മുകുന്ദ് ടാക്കൂർ സ്ഥലത്തെത്തി പ്രതിഷേധക്കാരുമായി ചർച്ച നടത്തി. മൂന്ന് ദിവസത്തിനകം പ്രശ്‌നത്തിന് പരിഹാരം ഉണ്ടാക്കാമെന്നും പ്രതിഷേധം അവസാനിപ്പിക്കണമെന്നും അറിയിച്ചെങ്കിലും പ്രതിഷേധക്കാർ വഴങ്ങിയില്ല. കളക്ടർ നേരിട്ടെത്തണമെന്ന ആവശ്യത്തിൽ സമരക്കാർ ഉറച്ചുനിന്നു. ഇതിനിടെ പ്രശ്‌നപരിഹാരത്തിന് വേണ്ട നിർദ്ദേശങ്ങൾ കളക്ടറുടെ ഓഫീസ് പ്രതിഷേധക്കാരോട് ആവശ്യപ്പെട്ടു. സ്ഥലത്തെത്തിയെങ്കിൽ കളക്ടർ ഔദ്യോഗിക വസതിയിലേക്ക് പോകുമ്പോൾ സമരക്കാർ തടയുമെന്ന സൂചന പൊലീസിന് ലഭിച്ചു. ഇതോടെ കൊച്ചുപിലാംമൂട് പാലത്തിന് സമീപം കളക്ടറുടെ വസതിയിലേക്കുള്ള റോഡിൽ ബാരിക്കേഡ് സ്ഥാപിച്ച് സുരക്ഷ ശക്തമാക്കി.

ആവശ്യങ്ങൾ

 പുനരധിവാസ പാക്കേജ് ഉടൻ അനുവദിക്കുക

 വീട് നഷ്ടമായവർക്ക് നഷ്ടപരിഹാരം നൽകുക

 പുലിമുട്ട് ഉടൻ നിർമ്മിക്കുക

സമരവേലിയേറ്റം

ഇന്നലെ രാവിലെ 7ന് - തീരദേശ റോഡ് ഉപരോധിച്ചു

9ന് - റോഡിൽ കഞ്ഞിവച്ച് പ്രതിഷേധം

10ന് - ഗതാഗതം പൂർണമായും തടഞ്ഞു

വൈകിട്ട് 3ന് - ബീച്ച് റോഡ് ഉപരോധിച്ചു

5ന് - ഉപരോധം കൊച്ചുപിലാംമൂട് പാലത്തിൽ

വൈകിട്ട് 6.15ന് - സബ്കളക്ടർ മുകുന്ദ് ടാക്കൂർ സ്ഥലത്തെത്തി

രാത്രി 8.45ന് - കളക്ടറെത്തി ചർച്ച നടത്തി. സമരക്കാർ പിൻവാങ്ങി

ഭൂരിഭാഗം പേർക്കും പുനരധിവാസത്തിനുള്ള ഒരുഗഡു സഹായം പോലും ലഭിച്ചിട്ടില്ല. പലരുടെയും അപേക്ഷകൾ സ്വീകരിച്ചിട്ടില്ല.

പ്രതിഷേധക്കാർ

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: LOCAL NEWS, KOLLAM
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.