കോഴിക്കോടിന്റെ രുചിവൈവിദ്ധ്യങ്ങൾ ഏറെ കേളികേട്ടതാണ്. അതിസമ്പന്നർക്കും സാധാരണക്കാർക്കും അവരവരുടെ പോക്കറ്റിൽ ഒതുങ്ങുന്ന ഭക്ഷണം കിട്ടുന്ന നാടുകൂടിയാണ് കോഴിക്കോട്. ഇതൊന്നുമല്ല ഇപ്പോൾ ചർച്ചയാകുന്നത് കോഴിക്കോട് ഗുജറാത്തി സ്ട്രീറ്റിലെ ഒരു ഹോട്ടലിൽ നിന്ന് രണ്ട് കട്ടൻ ചായക്ക് 92 രൂപ ഈടാക്കിയതിനെ കുറിച്ചാണ്. ജി.എസ്.ടി ഉൾപ്പെടെയാണ് ബിൽ എന്നൊക്കെയാണ് കടയുടമ പറഞ്ഞത്.
എന്നാൽ, വ്യത്യസ്തമായ മറ്റൊരു ഹോട്ടലുണ്ട് കോഴിക്കോട് തന്നെ. നൗഫലിന്റെ റിജൻസി ഹോട്ടൽ. പാവപ്പെട്ടവർക്കും, തെരുവിൽ കഴിയുന്നവർക്കും കൈയിൽ പൈസ ഇല്ലെങ്കിലും സിൽക്ക് സ്ട്രീറ്റിലെ നൗഫൽക്കാന്റെ റിജൻസി മെസിലെത്തി സുഭിക്ഷമായി ഭക്ഷണം കഴിക്കാം. ഈ ഹോട്ടലിനെ കുറിച്ച് ഫേസ്ബുക്ക് പോസ്റ്റ് പങ്കുവച്ചിരിക്കുകയാണ് ഫറൂഖ്.
ദിവസേനെ അമ്പതോളം പാവപ്പെട്ടവർ ഇവിടെ വന്ന് സൗജന്യമായി ഭക്ഷണം കഴിക്കുന്നുണ്ട്. വർഷം ഇരുപത് പിന്നിട്ടെങ്കിലും മുടക്കമില്ലാതെ ഇത് തുടരുന്നു. ചിലർ ഭക്ഷണം കഴിച്ചുകഴിഞ്ഞാൽ കൈ കൂപ്പി നിറഞ്ഞ പുഞ്ചിരിയോടെ മടങ്ങും. ഇടക്കിടക്ക് അതൊക്കെ ഓർക്കുമ്പോൾ മനസിൽ വല്ലാത്ത സുഖമാണ്. എത്ര പണം കിട്ടിയാലും നമുക്ക് മതിയാവില്ല, പക്ഷേ, നമുക്ക് കിട്ടുന്ന സംഖ്യയിൽ കുറഞ്ഞൊരു വരുമാനം ഇത്തരത്തിൽ ഉപയോഗിച്ചാൽ ഒട്ടേറ പട്ടിണിപ്പാവങ്ങളുടെ വിശപ്പടങ്ങും. വല്യേ സമ്പാദ്യമൊന്നുമില്ലെങ്കിലും മരിക്കുവോളം ഇത് തുടരാനാണ് നൗഫൽക്കായുടെ ആഗ്രഹം.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം
രണ്ട് കട്ടൻ ചായക്ക് 92 രൂപ വാങ്ങിയ 'ഗുധാം ' ഹോട്ടലിന്റെ മുതലാളീ, സമയം കിട്ടുവാണേൽ നിങ്ങളുടെ ഹോട്ടലിന് കുറച്ച് അപ്പുറത്തുള്ള നൗഫൽക്കാന്റെ റിജൻസി ഹോട്ടലൊന്ന് സന്ദർശിക്കണം. പാവപ്പെട്ടവർക്കും,തെരുവിൽ കഴിയുന്നവർക്കും കൈയിൽ പൈസ ഇല്ലെങ്കിലും സിൽക്ക് സ്ട്രീറ്റിലെ നൗഫൽക്കാന്റെ റിജൻസി മെസിലെത്തി സുഭിക്ഷമായി ഭക്ഷണം കഴിക്കാം. ദിനേന അമ്പതോളം പാവപ്പെട്ടവർ ഇവിടെ വന്ന് സൗജന്യമായി ഭക്ഷണം കഴിക്കുന്നുണ്ട്...വർഷം ഇരുപത് പിന്നിട്ടെങ്കിലും മുടക്കമില്ലാതെ ഇത് തുടരുന്നു.
ചിലർ ഭക്ഷണം കഴിച്ചുകഴിഞ്ഞാൽ കൈ കൂപ്പി നിറഞ്ഞ പുഞ്ചിരിയോടെ മടങ്ങും. ഇടക്കിടക്ക് അതൊക്കെ ഓർക്കുമ്പോൾ മനസിൽ വല്ലാത്ത സുഖമാണ്. എത്ര പണം കിട്ടിയാലും നമുക്ക് മതിയാവില്ല, പക്ഷേ, നമുക്ക് കിട്ടുന്ന സംഖ്യയിൽ കുറഞ്ഞൊരു വരുമാനം ഇത്തരത്തിൽ ഉപയോഗിച്ചാൽ ഒട്ടേറ പട്ടിണിപ്പാവങ്ങളുടെ വിശപ്പടങ്ങും. വല്യേ സമ്പാദ്യമൊന്നുമില്ലെങ്കിലും മരിക്കുവോളം ഇത് തുടരാനാണ് നൗഫൽക്കായുടെ ആഗ്രഹം.
ഇവിടെ കാശുള്ളവനും ഇല്ലാത്തവനും പ്രത്യേക ഇരിപ്പിടമൊന്നുമില്ല, എല്ലാവർക്കും ഒരേ ഭക്ഷണം. ചെമ്മീൻ ചമ്മന്തിയടക്കം നാലു തരം വിഭവങ്ങളും രണ്ടു തരം കറിയും മോരും. ആവശ്യത്തിനനുസരിച്ച് എടുത്ത് കഴിക്കുകയും ചെയ്യാം. ഇതുപോലെ തന്നെയാണ് പുതിയ സ്റ്റാൻഡിനടുത്തുള്ള കാദർക്കാമെസ് ഹൗസും. നിങ്ങൾ ഫ്രീയായി ഭക്ഷണം നൽകുകയൊന്നും വേണ്ട, ദയവ് ചെയ്ത് കഴുത്തറുപ്പൻ വില ഈടാക്കരുത്. കാരണം ഇത് കോഴിക്കോടാണ്. ഭക്ഷണപ്രിയരുടെ നാട്. മറ്റു ജില്ലകളിൽ നിന്ന് വരുന്നവർക്കെല്ലാം ഇവിടത്തെ ഭക്ഷണം പെരുത്തിഷ്ടമാണ്.. ദയവായി അത് തകർക്കരുത്. റഹ്മത്ത്, പാരഗൺ, ബോംബെ ഹോട്ടൽ, സൽക്കാര, ഈസ്റ്റ് അവന്യൂ, ഹാജീസ്, ഗീതാഭവൻ തുടങ്ങി നിരവധി ഹോട്ടലുകൾ നിങ്ങളേക്കാൾ മികച്ച രീതിയിൽ ഭക്ഷണം നൽകുന്ന സ്ഥാപനങ്ങളാണ്. അവിടെയൊന്നും കട്ടൻ ചായക്ക് 9 രൂപക്ക് മുകളിൽ പോകത്തില്ല...