ബൊഗോട്ട: വന്യ മൃഗങ്ങൾക്കൊപ്പം വളർന്ന മനുഷ്യക്കുട്ടികളുടെ ജീവിതം ജംഗിൾ ബുക്ക്, ടാർസൻ പോലുള്ള കഥകളിലും കാർട്ടൂണുകളിലും സിനിമകളിലുമൊക്കെ ധാരാളം നാം കണ്ടിട്ടുണ്ട്. എന്നാൽ, ശരിക്കും അങ്ങനെയൊന്ന് സംഭവിക്കുമോ. അസാദ്ധ്യമെന്നാകും ഭൂരിഭാഗം പേരും പറയുക. എന്നാൽ 'ദ ഗേൾ വിത്ത് നോ നെയിം' എന്ന പുസ്തകത്തിലൂടെ അവിശ്വസനീയമായ ഒരു ജീവിതം തുറന്നുകാട്ടിയ സ്ത്രീയാണ് മറീന ചാപ്മാൻ എന്ന 74കാരി.
കാട്ടിൽ കുരങ്ങുകൾക്കൊപ്പം വളർന്ന ഒരു പെൺകുട്ടിയുടെ കഥയാണിത്. മറീന തന്നെയാണ് കഥയിലെ നായിക. അതെ, 2013ൽ പ്രസിദ്ധീകരിച്ച ഈ പുസ്തകം മറീനയുടെ ആത്മകഥയാണ്.
കാട്ടിലേക്ക്
ലാറ്റിനമേരിക്കൻ രാജ്യമായ കൊളംബിയയിലെ ഒരു ഗ്രാമത്തിൽ 1950ൽ എപ്പോഴോ ആണ് മറീന ചാപ്മാന്റെ ജനനം. ഏകദേശം നാല് വയസ് മാത്രം പ്രായമുള്ളപ്പോൾ വീട്ടു മുറ്റത്ത് കളിച്ചുക്കൊണ്ടിരുന്ന മറീനയെ ചിലർ തട്ടിക്കൊണ്ടു പോയി. എന്നാൽ, അവർ മറീനയെ ഒരു വനത്തിന് മദ്ധ്യേ ഉപേക്ഷിച്ച് കടന്നുകളഞ്ഞു.
ഇരുട്ട് നിറഞ്ഞ ആ കാട്ടിൽ ഒറ്റപ്പെട്ട് പോയ മറീന അലമുറയിട്ടു കരഞ്ഞു. രക്ഷയ്ക്ക് ആർക്കും ഓടിയെത്താനാകാത്തത്ര ഒറ്റപ്പെട്ട് പോയിരുന്നു മറീന. എന്നാൽ, മറീനയുടെ കരച്ചിൽ ഒരു കൂട്ടം കാപുച്ചിൻ കുരങ്ങുകൾ കേട്ടു.
അവിശ്വസനീയം
ടാർസൻ സിനിമകളിലെ ട്വിസ്റ്റ് പോലെയാണ് ഇനി മറീനയുടെ കഥയുടെ ഗതി. അഞ്ച് വർഷം ആ കാട്ടിലാണ് വളർന്നത്. മറീനയെ പരിചരിച്ചതാകട്ടെ കാപൂച്ചിൻ കുരങ്ങുകളും ! വലിയ മരങ്ങൾക്ക് മുകളിൽ കയറുന്ന കുരങ്ങുകൾ പഴങ്ങൾ ശേഖരിക്കുകയും താഴെ നില്‌ക്കുന്ന മറീനയ്‌ക്ക് അവ എറിഞ്ഞു നൽകുകയും ചെയ്തിരുന്നുവത്രെ. മരത്തിലെ പൊത്തുകളിലായിരുന്നു മറീനയുടെ ഉറക്കം. ഊണും ഉറക്കവുമൊക്കെ കുരങ്ങുകൾക്കൊപ്പമായതോടെ മറീന അവരിൽ ഒരാളായി മാറാൻ തുടങ്ങി. നടത്തം പോലും പതിയെ നാലുകാലിലായി. തന്റെ ഭാഷ പോലും മറന്ന് കുരങ്ങുകളുടെ ശബ്ദം അനുകരിച്ച് അവയുമായി ആശയവിനിമയം നടത്താനും ശ്രമിച്ചു.
പുതിയ ജീവിതം
അങ്ങനെയിരിക്കെ വനത്തിലെത്തിയ ഒരുകൂട്ടം വേട്ടക്കാർ കുരങ്ങുകൾക്കിടയിൽ മറീനയെ കാണാനിടയായി. മറീനയെ വേട്ടക്കാർ കാടിന് പുറത്തെത്തിച്ചു. തുടർന്ന് മറീന ഒരു മാഫിയ കുടുംബത്തിൽ അടിമയായി മാറി. അവിടെ നിന്ന് രക്ഷപ്പെട്ട മറീന തെരുവിലാണ് ജീവിച്ചത്. ഏറെ കഷ്ടപ്പാടുകൾക്കൊടുവിൽ ഒരു കുടുംബത്തിൽ വീട്ടുജോലിക്കാരിയായി മാറിയ മറീന ചില അയൽവാസികളുടെയും മറ്റും സഹായത്തോടെ 1977ൽ ഇംഗ്ലണ്ടിലെ യോക്‌ഷെയറിൽ എത്തി. അവിടെ കുട്ടികളെ നോക്കുന്ന ആയയായി മറീനയ്ക്ക് ജോലി ലഭിച്ചു. ഇതിനിടെ ജോൺ ചാപ്മാൻ എന്ന ശാസ്ത്രജ്ഞനെ മറീന കണ്ടുമുട്ടി. ഇരുവരും വിവാഹിതരായി. ദമ്പതികൾക്ക് വെനേസ, ജൊവാന എന്നീ രണ്ട് മക്കളുണ്ട്.
സത്യമോ ?
മറീനയുടെ വാദങ്ങൾ തട്ടിപ്പാണെന്നും അവർ പറയുന്ന കാര്യങ്ങളിൽ നിരവധി പൊരുത്തക്കേടുകളുണ്ടെന്നും കാട്ടി 'ദ ഗേൾ വിത്ത് നോ നെയിം' എന്ന ആത്മകഥ പ്രസിദ്ധീകരിക്കാൻ ആദ്യം പലരും പിന്മാറിയിരുന്നു. തീരെ ചെറുതായിരിക്കുമ്പോൾ നടന്ന കാര്യങ്ങൾ കൃത്യമായി ഓർമയുണ്ടെന്നതിലും ചിലർ സംശയം പ്രകടിപ്പിച്ചു. മറീനയുടെ കഥ സത്യമാണെന്ന് ചിലർ വിശ്വസിക്കുന്നു. അതുപോലെ തന്നെ അതൊരു കെട്ടുകഥയാണെന്ന് ആരോപിക്കുന്നവരും കുറവല്ല. എന്നാൽ, ഈ വാദങ്ങളോടൊന്നും മറീനയ്ക്ക് ഒന്നും പ്രതികരിക്കാനില്ല.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |