താനൂർ: പേരിന്റെ തുടക്കവും ഒടുക്കവും കുട്ടിയെന്ന വിശേഷണമുള്ളത് പോലെ രാഷ്ട്രീയ ജീവിതത്തിലും വ്യത്യസ്തനായിരുന്നു അന്തരിച്ച മുൻമന്ത്രിയും മുസ്‌ലിം ലീഗ് നേതാവുമായിരുന്ന കെ. കുട്ടി അഹമ്മദ് കുട്ടി. സർവേന്ത്യാ ലീഗിന്റെ മലപ്പുറത്തെ തീരമേഖലയിലെ പ്രധാന നേതാവായിരുന്ന കുട്ട്യാലിക്കടവത്ത് സെയ്താലിക്കുട്ടിയുടെ മകനായ കുട്ടി അഹമ്മദ് കുട്ടിക്ക് ബി.എസ്.സി പഠനം പൂർത്തിയാക്കും വരെ എഴുത്തും വായനയുമായിരുന്നു ലോകം. രാഷ്ട്രീയം രക്തത്തിൽ അലിഞ്ഞതിനാൽ പിന്നീടങ്ങോട്ട് മാറ്റിനിറുത്താനായില്ല.
സാഹിത്യത്തേയും സർഗാത്മകതയേയും കൂട്ടുപിടിച്ചുള്ള പ്രവർത്തനം ലീഗ് രാഷ്ട്രീയത്തിൽ അദ്ദേഹത്തെ വേറിട്ടു നിറുത്തി. . പിതാവിനെ പോലെ തീരമേഖല കേന്ദ്രീകരിച്ചായിരുന്നു കുട്ടി അഹമ്മദ് കുട്ടിയുടെയും പ്രവർത്തനം. മന്ത്രിയായിരിക്കുമ്പോഴും സാധാരണക്കാരുമായി പുലർത്തിയ ഹൃദയബന്ധം തീരമേഖലയിൽ ലീഗിന് നൽകിയ കരുത്ത് ചെറുതല്ല. പ്രകടനപരതകളിൽ വിശ്വസിക്കാത്ത അദ്ദേഹം ഹൃദ്യമായ ചിരിയും ആരെയും മുഷിപ്പിക്കാത്ത സമീപനവുമായി ജനമനസ്സിൽ ഇടം പിടിച്ചു.
പരന്ന വായന ലീഗിലെ ബുദ്ധിജീവിയെന്ന വിശേഷണം സമ്മാനിച്ചു. വീട്ടിൽ വലിയൊരു ലൈബ്രറി തന്നെ തീർത്തു. നിയമസഭാ പ്രസംഗങ്ങളിൽ ലോകസാഹിത്യങ്ങളിലെ കഥാപാത്രങ്ങളും എഴുത്തുകാരും കടന്നു വന്നു. രാഷ്ട്രീയ ജീവിതത്തിൽ പുലർത്തിയ സൂക്ഷ്മത ആരോപണങ്ങളിൽ നിന്നെല്ലാം അദ്ദേഹത്തെ സംരക്ഷിച്ചു. തികഞ്ഞ പരിസ്ഥിതി വാദിയുമായിരുന്നു. സുസ്ഥിര വികസന മാതൃകകൾ പിന്തുടരണമെന്ന് നിരന്തരം വാദിച്ചു. ആ ഇച്ഛാശക്തിയാണ് മുസ്‌ലിം ലീഗ് പരിസ്ഥിതി സമിതിയുടെ ചെയർമാൻ പദവിയിലെത്തിച്ചത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |