ധാക്ക: രാജ്യത്ത് ഹിന്ദുക്കൾ അടക്കം ന്യൂനപക്ഷങ്ങൾക്ക് നേരെ നടക്കുന്ന ആക്രമണങ്ങൾ തടയാൻ അടിയന്തര നടപടി സ്വീകരിക്കുമെന്ന് ബംഗ്ലാദേശിലെ ഇടക്കാല സർക്കാരിന്റെ തലവനും നോബൽ ജേതാവുമായ മുഹമ്മദ് യൂനുസ്. ഹീനമായ അക്രമങ്ങളിൽ അതിയായ ആശങ്ക പ്രകടിപ്പിച്ച അദ്ദേഹം ന്യൂനപക്ഷ കുടുംബങ്ങളെ സംരക്ഷിക്കാൻ വിദ്യാർത്ഥികൾ രംഗത്തിറങ്ങണമെന്ന് ആഹ്വാനം ചെയ്തു. ന്യൂനപക്ഷങ്ങളും രാജ്യത്തെ പൗരന്മാരാണെന്നും ഐക്യം കൈവിടരുതെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.
മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയുടെ രാജിക്ക് പിന്നാലെയാണ് ബംഗ്ലാദേശിൽ ഹിന്ദുക്കൾക്ക് നേരെ ആക്രമണം വ്യാപിച്ചത്. പ്രക്ഷോഭങ്ങൾക്കിടെ ഹിന്ദുക്കളുടെ വീടുകളും ക്ഷേത്രങ്ങളും തല്ലിത്തകർത്തിരുന്നു. തെരുവിൽ മർദ്ദനമേറ്റ ചിലർ കൊല്ലപ്പെട്ടു. അക്രമങ്ങൾ ഭയന്ന് നൂറുകണക്കിന് ഹിന്ദുക്കളാണ് കഴിഞ്ഞ ആഴ്ച മുതൽ ഇന്ത്യൻ അതിർത്തിയിലേക്ക് എത്തുന്നത്.
ധാക്ക,ചിറ്റഗോംഗ് തുടങ്ങിയ നഗരങ്ങളിൽ ആയിരക്കണക്കിന് ഹിന്ദുക്കൾ പ്രതിഷേധവുമായി അണിനിരന്നിരുന്നു. ന്യൂനപക്ഷങ്ങളെ സംരക്ഷിക്കണമെന്ന് ഇന്ത്യയും ഐക്യരാഷ്ട്ര സംഘടനയുമടക്കം ബംഗ്ലാദേശിലെ ഇടക്കാല സർക്കാരിനോട് ആവശ്യപ്പെട്ടിരുന്നു.
അതേസമയം,ധാക്കയടക്കം നഗരങ്ങളിൽ പൊലീസ് പട്രോളിംഗ് വീണ്ടും തുടങ്ങി. കലാപങ്ങൾക്കിടെ 450ലേറെ പേരാണ് കൊല്ലപ്പെട്ടത്. അതിനിടെ,പ്രതിഷേധത്തെ തുടർന്ന് രാജിവച്ച ഉബൈദുൽ ഹസന് പകരം സയീദ് റെഫാത്ത് അഹ്‌മ്മദ് പുതിയ സുപ്രീംകോടതി ചീഫ് ജസ്റ്റിസായി ചുമതലയേറ്റു.
ഇന്ത്യയുമായുള്ള
ബന്ധത്തെ ബാധിക്കില്ല
ഷെയ്ഖ് ഹസീന ഇന്ത്യയിൽ കഴിയുന്നത് ഇരുരാജ്യങ്ങൾക്കുമിടെയിലെ ഉഭയകക്ഷി ബന്ധത്തെ ബാധിക്കില്ലെന്ന് ബംഗ്ലാദേശ് ഇടക്കാല സർക്കാർ. ഹസീനയുടെ അവാമി ലീഗിനെ നിരോധിക്കില്ലെന്നും പാർട്ടി രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിലടക്കം നൽകിയ സംഭാവനകൾ മറക്കാനാകില്ലെന്നും പറഞ്ഞു.
പ്രതിമകൾ തകർത്തു
മെഹർപൂരിലെ ചരിത്ര പ്രസിദ്ധമായ മുജീബ്‌നഗർ ഷഹീദ് മെമ്മോറിയൽ കോംപ്ലക്സിലുണ്ടായ ആക്രമണത്തിൽ പ്രതിഷേധം ശക്തം. 1971ലെ വിമോചന യുദ്ധത്തിന്റെ ഓർമ്മകൾ പ്രതിഫലിപ്പിക്കുന്ന നിരവധി ശില്പങ്ങളാണ് ഇവിടെയുള്ളത്. കോംപ്ലക്സിലെ പ്രതിമകൾക്ക് നാശനഷ്ടം സംഭവിച്ച വിവരം ബംഗ്ലാദേശ് മാദ്ധ്യമം കഴിഞ്ഞ ദിവസം പുറത്തുവിടുകയായിരുന്നു. മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീന രാജിവച്ച് ഇന്ത്യയിൽ അഭയംതേടിയ ആഗസ്റ്റ് അഞ്ചിനാണ് സ്മാരകം ആക്രമിക്കപ്പെട്ടത്.
നൂറുകണക്കിന് യുവാക്കൾ വടിയും ചുറ്റികയുമായി സ്മാരകത്തിലേക്ക് ഇരച്ചുകയറി. ബംഗ്ലാദേശിന്റെ രാഷ്ട്രപിതാവും ഹസീനയുടെ പിതാവുമായ മുജീബുർ റഹ്മാന്റെ ശില്പത്തിന്റെ തല തകർത്തു.
ചെറു ശിൽപങ്ങളും സ്മാരകത്തിന്റെ പ്രധാന കവാടവും തകർത്തെറിഞ്ഞു. ചെറുതും വലുതുമായ 600 ശില്‌പങ്ങൾക്ക് കേടുപാട് സംഭവിച്ചെന്നും വ്യാപക കവർച്ച നടന്നിട്ടുണ്ടെന്നുമാണ് റിപ്പോർട്ട്.
1971ലെ യുദ്ധത്തിൽ പാകിസ്ഥാന്റെ കീഴടങ്ങൽ ചിത്രീകരിക്കുന്ന പ്രതിമയ്ക്കും കേടുപാടുണ്ട്. പാക് മേജർ ജനറൽ അമീർ അബ്ദുള്ള ഖാൻ നിയാസി 93,000 സൈനികരുമായി ഇന്ത്യയുടെ ഈസ്റ്റേൺ കമാൻഡ് ജനറൽ ഓഫീസർ കമാൻഡിംഗ് ഇൻ ചീഫായിരുന്ന ലെഫ്. ജനറൽ ജഗ്ജിത് സിംഗ് അറോറയ്ക്ക് മുന്നിൽ കീഴടങ്ങുന്നതാണ് പ്രതിമ. ഇന്ത്യാ വിരുദ്ധത പ്രകടമാക്കുന്ന അക്രമത്തിനെതിരെ ശശി തരൂർ അടക്കമുള്ള ഇന്ത്യൻ നേതാക്കളും രംഗത്തെത്തി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |