പാരീസ്: 2024 ഒളിമ്പിക്‌സില്‍ നിരവധി ഇവന്റുകളില്‍ ഇന്ത്യന്‍ താരങ്ങള്‍ ഫൈനലില്‍ നാലാം സ്ഥാനത്ത് ഫിനിഷ് ചെയ്തിരുന്നു. ഒരു സ്ഥാനം കൂടി മെച്ചപ്പെടുത്താന്‍ കഴിഞ്ഞിരുന്നെങ്കില്‍ വെങ്കല മെഡല്‍ ലഭിക്കുമായിരുന്ന നിരവധി സംഭവങ്ങള്‍ക്കാണ് പാരീസില്‍ ഇന്ത്യന്‍ താരങ്ങള്‍ സാക്ഷിയായത്. അത്തരത്തിലൊന്നായിരുന്നു ഭാരാഹ്വാനത്തില്‍ മീരാബായ് ചാനുവിന്റേത്. ടോക്കിയോയില്‍ വെള്ളി മെഡല്‍ ലഭിച്ച താരത്തിന് പാരീസില്‍ നാലാം സ്ഥാനം കൊണ്ട് തൃപ്തിപ്പെടേണ്ടിവന്നത് ഇന്ത്യക്ക് വലിയ നഷ്ടമായിരുന്നു.
ഇപ്പോഴിതാ തനിക്ക് മെഡല്‍ നഷ്ടപ്പെടാനുള്ള കാരണം വെളിപ്പെടുത്തിയിരിക്കുകയാണ് മീരാബായ് ചാനു. ഫൈനല്‍ മത്സര ദിവസം തനിക്ക് ആര്‍ത്തവമായിരുന്നുവെന്നുംഅതിനാല്‍ തന്നെ ക്ഷീണം അനുഭവപ്പെട്ടിരുന്നുവെന്നും താരം വെളിപ്പെടുത്തി. ആര്‍ത്തവത്തിന്റെ മൂന്നാം ദിനത്തിലായിരുന്നു ഫൈനലില്‍ മത്സരിച്ചതെന്നും താരം പറയുന്നു. ക്ഷീണവും ശരീരവേദനയും കാരണം തനിക്ക് പ്രതീക്ഷിച്ചത്‌പോലെ ഭാരം ഉയര്‍ത്താന്‍ കഴിഞ്ഞില്ലെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
കരിയറിലെ ഏറ്റവും വലിയ മത്സരങ്ങള്‍ക്ക് ഇറങ്ങുമ്പോള്‍ വനിതാ താരങ്ങള്‍ക്ക് ഇത്തരം സാഹചര്യത്തിലൂടെ കടന്നുപോകേണ്ടി വരുന്നത് വളരെ ദൗര്‍ഭാഗ്യകരമാണെന്നാണ് ഈ വിഷയത്തില്‍ ഉയരുന്ന അഭിപ്രായം. എന്നാല്‍ നിരവധി മത്സരാര്‍ത്ഥികള്‍ പങ്കെടുക്കുന്ന കായിക മാമാങ്കങ്ങളില്‍ ഇതിന് ഒരു പരിഹാരം കണ്ടെത്തുക എളുപ്പവുമല്ല. മുമ്പും നിരവധി താരങ്ങള്‍ ഇത്തരത്തില്‍ ആര്‍ത്തവ ദിനങ്ങളില്‍ മത്സരിക്കേണ്ടി വന്ന സാഹചര്യങ്ങളെക്കുറിച്ച് വെളിപ്പെടുത്തിയിട്ടുണ്ട്.
വനിതകളുടെ ഭാരാഹ്വാനത്തില്‍ 49 കിലോഗ്രാം വിഭാഗത്തിലാണ് ഇന്ത്യന്‍ താരം മീരബായ് ചാനു മത്സരിച്ചത്. ഫൈനല്‍ മത്സരത്തില്‍ സ്‌നാച്ചിലും ക്ലീന്‍ ആന്‍ഡ് ജെര്‍ക്ക് വിഭാഗത്തിലുമായി 199 കിലോഗ്രാം ഭാരമാണ് താരം ഉയര്‍ത്തിയത്. വെറും ഒരു കിലോഗ്രാമിന്റെ വ്യത്യാസത്തിലാണ് ഇന്ത്യന്‍ താരത്തിന് മെഡല്‍ നഷ്ടമായത്. ഫൈനലില്‍ 200 കിലോഗ്രാം ഉയര്‍ത്തിയ തായ്‌ലാന്‍ഡ് താരത്തിനായിരുന്നു പാരീസ് ഒളിമ്പിക്‌സില്‍ ഈ ഇനത്തില്‍ വെങ്കല മെഡല്‍ ലഭിച്ചത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |