തിരുവനന്തപുരം: സംസ്ഥാനത്ത് വിവിധ ജില്ലകളിൽ വരും മണിക്കൂറുകളിൽ മഴ കനക്കുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ഏറ്റവും പുതിയ റഡാർ ചിത്രം പ്രകാരം തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ ജില്ലകളിൽ അടുത്ത മൂന്ന് മണിക്കൂറിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാദ്ധ്യതയെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിക്കുന്നു.
ഇന്ന് ആലപ്പുഴ, കാസർകോട് ഒഴികെ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. എറണാകുളം, തൃശൂർ ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴയ്ക്കുള്ള സാദ്ധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിൽ മഞ്ഞ അലർട്ടുമുണ്ട്. തലസ്ഥാനത്ത് രാത്രി തുടങ്ങിയ മഴ രാവിലെയും തുടരുകയാണ്. അത്യാവശ്യമല്ലാത്ത യാത്രകൾ ഒഴിവാക്കണമെന്ന് ദുരന്ത നിവാരണ വകുപ്പ് മുന്നറിയിപ്പ് നൽകി. മലയോര മേഖലകളിൽ മണ്ണിടിച്ചിൽ സാദ്ധ്യതയുണ്ടെന്നും മുന്നറിയിപ്പുണ്ട്.
തെക്കൻ ശ്രീലങ്കയ്ക്ക് മുകളിൽ ചക്രവാത ചുഴി രൂപപ്പെട്ടിരിക്കുകയാണ്. റായലസീമ മുതൽ കോമറിൻ മേഖല വരെ 900 മീറ്റർ ഉയരംവരെ ന്യൂനമർദ്ദ പാത്തി സ്ഥിതിചെയ്യുന്നു. ഇതിന്റെ ഫലമായി കേരളത്തിൽ അടുത്ത അഞ്ച് ദിവസം വ്യാപകമായി ഇടിമിന്നലോട് കൂടിയ ഇടത്തരം മഴക്ക് സാദ്ധ്യതയുണ്ട്. ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ഓഗസ്റ്റ് 13 മുതൽ 15 വരെ അതിശക്തമായ മഴയ്ക്കും ഓഗസ്റ്റ് 13 മുതൽ 17 വരെ ശക്തമായ മഴയ്ക്കും സാദ്ധ്യതയെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിക്കുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |