SignIn
Kerala Kaumudi Online
Tuesday, 30 November 2021 2.19 AM IST

കുളിമുറിയുടെ വെന്റിലേറ്റർ അറുത്തുമാറ്റി അകത്ത് കടന്നു,​ കള്ളൻ മൊട്ട ജോസ് കണ്ടത് ഞെട്ടിക്കുന്ന കാഴ്ച

case-diary

കൊല്ലം: പണവും പണ്ടവും മാത്രം ആർത്തിയോടെ മോഷ്ടിക്കുന്ന കള്ളന്റെ കഥയാണ് ഇന്നലെ മണിക്കൂറുകളോളം മൊട്ട ജോസിനെ ചോദ്യം ചെയ്‌തപ്പോൾ കൊല്ലം പരവൂർ പൊലീസിന് കേൾക്കാനായത്. ജൂലായ് 25ന് രാവിലെയാണ് പരവൂർ ദയാബ്‌‌ജി ജംഗ്‌ഷനിലെ അനിത ഭവനിൽ വൻ കവർച്ച നടന്ന വിവരം പുറത്തറിയുന്നത്. പൊലീസും നാട്ടുകാരും പരവൂരാകെ തെരയുന്നതിനിടെ ആത്മരക്ഷാർത്ഥം ഒരു മൊട്ടുസൂചി പോലും ജോസ് കൈയിൽ കരുതിയിരുന്നില്ല. ബുധനാഴ്‌ച അർദ്ധരാത്രി നാട്ടുകാരുടെ പിടിയിലായപ്പോഴും തല്ല് നിന്ന് കൊള്ളുകയായിരുന്നു ജോസ്.

പത്തോളം ചെറുതും വലുതുമായ മോഷണ കേസുകളിലും ശ്രമങ്ങളിലുമായി തിരുവനന്തപുരം സെൻട്രൽ ജയിലിൽ മൂന്ന് വർഷത്തെ ജയിൽ വാസത്തിന് ശേഷം ജൂലായ് 16നാണ് മൊട്ട ജോസ് കൊട്ടിയത്ത് ബസിറങ്ങിയത്. ഹോട്ടലിൽ നിന്ന് ഭക്ഷണം കഴിച്ചശേഷം പരവൂർ ബസിൽ കയറി. പരവൂരിൽ ഇറങ്ങി അശോകാ സിനി ഹൗസിൽ ഫസ്‌റ്ര് ഷോ കണ്ട ജോസ് അടഞ്ഞുകിടക്കുന്ന വീടുകൾ ലക്ഷ്യമാക്കി വെറുതെ നടന്നു. അപ്പോഴാണ് പരവൂർ കുറുമണ്ടൽ ഭാഗത്ത് ആ‌ർമിയിൽ നിന്ന് ഉന്നത റാങ്കിൽ വിരമിച്ച ക്യാപ്‌ടൻ ശ്രീകുമാറിന്റെ വീട് ശ്രദ്ധയിൽപ്പെട്ടത്.

അകത്തും പുറത്തും ഒരു തരി വെളിച്ചമില്ലാത്തതും അകത്ത് ഫാനും എ.സിയും പ്രവർത്തിക്കുന്ന ശബ്‌ദമില്ലാത്തതുമാണ് ആൾപാർപ്പില്ലെന്നതിന് സ്ഥിരീകരണമായത്. പിൻവാതിൽ കുത്തിത്തുറന്ന് അകത്ത് കയറിയ ജോസിന് നിരാശയായിരുന്നു ഫലം. കാര്യമായി ഒന്നും തടഞ്ഞില്ല. എങ്കിലും തന്റെ ഓപ്പറേഷനുകൾക്കുള്ള താവളമാക്കി ഇവിടം. പാചകവും തുണി അലക്കലും നടത്തി. പോസ്‌റ്ററും എഴുതി ഒട്ടിച്ചു. അടുത്ത പ്രാവശ്യം വീട് പൂട്ടി പോകുമ്പോൾ സ്വർണവും പണവും വച്ചിട്ട് പോകണമെന്ന വരികളായിരുന്നു കത്തിൽ. തുടർന്ന് നടത്തിയ നിരീക്ഷണത്തിലാണ് 24ന് രാത്രി ഒമ്പതരയോടെ അനിതാ ഭവനിൽ മോഹൻലാലിന്റെ വീട്ടിൽ മുൻ വാതിൽ തകർത്ത് കയറുന്നത്. അവിടെ നിന്ന് 76 പവനും 8000 രൂപയും കവർന്നു.

മോഷണത്തിന് വന്നത് കാൽനടയായിട്ടായിരുന്നെങ്കിലും തിരികെ പോയത് അയൽ വീട്ടിലെ സൈക്കിൾ മോഷ്‌ടിച്ചായിരുന്നു. ശ്രീകുമാറിന്റെ വീട്ടിൽ തിരികെ വന്ന് മുറ്റത്തെ മുരിങ്ങച്ചോട്ടിൽ സ്വർണം കുഴിച്ചിട്ടു. കുറെ ദിവസം കഴിഞ്ഞാണ് മോഷണം നടന്ന വീട്ടിലെ വിരലടയാളം വച്ച് മോഷ്‌ടാവ് മൊട്ട ജോസാണെന്ന് സ്ഥിരീകരിച്ചത്. തുടർന്ന് പൊലീസ് തെരച്ചിൽ നോട്ടീസും ഇറക്കി. ഇതോടെ ജോസ് അത്യാവശ്യത്തിന് മാത്രം പുറത്തിറങ്ങുന്നതിലേക്ക് ചുരുക്കി യാത്രകൾ. പലയിടത്തും ജോസിനെ കണ്ടതായി സന്ദേശങ്ങൾ വന്നതോടെ നാട്ടുകാരും പൊലീസിനൊപ്പം ചേർന്നു. കഴിഞ്ഞ തിങ്കളാഴ്‌ച ജോസിനെ നാട്ടുകാർ സംശയിച്ചു വളഞ്ഞതോടെ മതിൽ ചാടി രക്ഷപ്പെട്ടു. തുടർന്ന് നടത്തിയ തെരച്ചിലിനൊടുവിലാണ് നാട്ടുകാരും പൊലീസും അടഞ്ഞുകിടന്ന ശ്രീകുമാറിന്റെ വീട്ടിലെ ഒളിത്താവളം കണ്ടെത്തിയത്.

വിവരം അറിഞ്ഞ് ശ്രീകുമാർ എത്തിയപ്പോൾ ഒന്നും നഷ്‌ടമായില്ലെന്ന് സ്ഥിരീകരിച്ചു. തുടർന്ന് ജോസ് ചില കുറ്റിക്കാടുകളിലും ആളില്ലാത്ത വീടിന്റെ സിറ്റ് ഔട്ടുകളിലുമാക്കി ഉറക്കം. ബുധനാഴ്‌ച അർദ്ധ രാത്രി നാട്ടുകാർ ജോസിനെ കണ്ടുമുട്ടിയപ്പോൾ മരത്തിൽ വലിഞ്ഞു കയറി. വലിച്ച് താഴെയിറക്കി മരത്തിൽ തന്നെ കെട്ടിയിട്ട് പൊലീസിനെ ഏൽപ്പിക്കുകയായിരുന്നു.

കുടുക്കിയത് മോഷണ ശൈലി

മോഷണത്തിന് മുമ്പോ ശേഷമോ കയറുന്ന വീട്ടിലെ അടുക്കളയിൽ ഭക്ഷണം ഉണ്ടാക്കി കഴിക്കുന്നത് ജോസിന്റെ ശീലമാണ്. മോഷണം നടന്ന അനിതാ ഭവനിൽ ഭക്ഷണം ഉണ്ടാക്കാനുള്ള സാധനങ്ങൾ ഇല്ലായിരുന്നു. തുടർന്ന് അയൽ വീട്ടിൽ നിന്ന് സൈക്കിൾ മോഷ്‌ടിക്കുന്നതിനിടെ പ്ലാവിൽ കയറി വാടിയ ചക്ക അടർത്തി കഴിച്ചാണ് ജോസ് മടങ്ങിയത്.

മുട്ട ഓംലെറ്രാണ് ജോസിന്റെ ഇഷ്‌ട വിഭവം. മുട്ടയുണ്ടെങ്കിൽ അത് പൊരിച്ചു കഴിച്ചിരിക്കും. അങ്ങനെ മുട്ട, മൊട്ട എന്നായി ജോസിന്റെ പേരിനൊപ്പം ചേർന്നു. മറ്റൊന്ന് വീട്ടിനുള്ളിലെ മല മൂത്ര വിസർജ്ജനമാണ്. മോഷണത്തിന് തൊട്ടുമുമ്പും ശേഷവും താവളമാക്കിയിരുന്ന ശ്രീകുമാറിന്റെ വീട്ടിൽ അതെല്ലാം നടത്തിയിരുന്നു.

രക്ഷകന്റെ റോൾ

കഴിഞ്ഞ ദിവസം ചോദ്യം ചെയ്യവെ പരവൂരിൽ പണ്ടൊരു മോഷണത്തിന് ശ്രമിക്കവെ കണ്ട രംഗം പൊലീസിനോട് ജോസ് ഏറ്റുപറഞ്ഞു. 2005ലായിരുന്നു സംഭവം. അന്ന് ജോസ് കുളിമുറിയുടെ വെന്റിലേറ്റർ അറുത്ത് അകത്തേക്ക് ഊർന്നിറങ്ങുന്ന കാലമായിരുന്നു. അസാമാന്യമായ മെയ്‌വഴക്കത്തോടെയാണ് ജോസ് ഇത് ചെയ്‌തിരുന്നത്. അന്ന് ജോസിന്റെ കഴുത്ത് അകത്തായ ശേഷം ശരീരം വെന്റിലേറ്ററിൽ കുടുങ്ങി. ബഹളം കേട്ട് ഉണർന്ന വീട്ടിലെ ദമ്പതിമാർ ജോസിനോട് അകത്തുകയറി എന്ത് വേണെങ്കിലും എടുത്തുകൊള്ളാൻ ഉപദേശിച്ചു. കുടുങ്ങിയ ജോസിനെ രക്ഷിച്ച് വാതിൽ വഴി അവർ അകത്ത് കയറ്റി. രണ്ട് മക്കളെയും കൂട്ടി കുടുംബസമേതം അത്മഹത്യയ്ക്ക് ഒരുങ്ങുകയായിരുന്നു അവർ. സ്വർണപ്പണിക്കാരനായ വീട്ടിലെ പുരുഷൻ രണ്ട് കുട്ടികൾക്ക് സയനൈഡ് കലർത്തിയ പഴം കഴിക്കാൻ കൊടുത്ത് അവർ കഴിച്ച ശേഷം ഭാര്യയുമൊത്ത് ജീവനൊടുക്കാൻ കാത്തിരിക്കുകയായിരുന്നു. കുട്ടികളെ താൻ സംരക്ഷിച്ചു കൊള്ളാമെന്ന് ജോസ് കാലുപിടിച്ചതിനെ തുടർന്ന് ഒഴിവായത് കൂട്ട ആത്മഹത്യ ആയിരുന്നു. ഇക്കാര്യം പൊലീസ് പിന്നീട് സ്ഥിരീകരിച്ചു.

എല്ലാം തനിയെ

കുണ്ടറയിൽ ഇടത്തരം കുടുംബത്തിൽ പിറന്ന ജോസിന് ആറ് സഹോദരങ്ങളുണ്ട്. മാതാപിതാക്കൾ ജീവിച്ചിരിപ്പില്ല. അവിവാഹിതനാണ്. ചെറുപ്പത്തിൽ തേങ്ങാ മോഷണ കേസിൽ അനുഭവിച്ച ജയിൽ ശിക്ഷയെ തുടർന്ന് സ്ഥിരം കള്ളനായി. മോഷണം വഴി കിട്ടുന്ന പണം കൊണ്ട് ഇഷ്‌ട ഭക്ഷണം കഴിച്ച് ജീവിക്കുന്നതിലാണ് ജോസിന് താത്പര്യം. ജോസിന് കൂട്ടാളികളില്ല. തനിപ്പിടിയിലാണ് വിശ്വാസം. മോഷണ മുതൽ മറ്റൊരാളുമായി വീതിക്കുന്നത് ജോസിന് ആലോചിക്കാൻ കഴിയില്ല.

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: CASE DIARY, CASE DIARY, MOTTA JOSE, PARAVOOR POLICE
KERALA KAUMUDI EPAPER
TRENDING IN CASE DIARY
VIDEOS
PHOTO GALLERY
TRENDING IN CASE DIARY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.