കൊച്ചി: മഹാകവി കുമാരനാശാന്റെ കാവ്യസപര്യയിലെ നിർമ്മല പ്രണയത്തിന്റെ പ്രതീകങ്ങളായ മൂന്ന് നായികമാരെ മോഹിനിയാട്ടത്തിലൂടെ പുനരാവിഷ്കരിക്കുന്ന 'സാഹിത്യനൃത്യാർച്ചന"യുമായി പ്രസിദ്ധ മോഹിനിയാട്ടം കലാകാരി ഡോ. കലാമണ്ഡലം സുഗന്ധിയും ശിഷ്യരും. സാവിത്രി, ലീല, നളിനിമാരുടെ കഥയാണ് വേദിയിലെത്തുന്നത്.
കുമാരനാശാന്റെ 'ദുരവസ്ഥ"യിലെ നായികയാണ് സാവിത്രി അന്തർജനം. മലബാറിലെ മാപ്പിള ലഹളക്കാലത്ത് ഇല്ലത്തുനിന്ന് പുറത്തായ സാവിത്രി ചാത്തൻ പുലയന്റെ കുടിലിൽ അഭയം തേടുന്നു. ഭയഭക്തി ബഹുമാനത്തോടെ കുടിലിൽ ഉപചരിക്കുന്ന ചാത്തന് തന്നോടുള്ള ആദരവിൽ ആകൃഷ്ടയായി അയാളെ ജീവിതത്തിലേക്ക് ക്ഷണിക്കുന്ന സാവിത്രിയുടെ പ്രണയകഥ കിളിയുമായുള്ള സംവാദമായും, മദനനെ പ്രണയിച്ച ലീലയുടെ ആകസ്മിക വിധിവൈപരീത്യങ്ങൾക്കൊടുവിൽ സരയൂ നദിയിൽ ഒടുങ്ങുന്ന ഇരുവരുടെയും ജീവിതകഥ നദിയോടുള്ള സംവാദമായും അവതരിപ്പിക്കും.
ദിവാകരനുമായുള്ള ഉദാത്തപ്രണയത്തിനൊടുവിൽ ഹിമാലയ സാനുക്കളിൽ എവിടെയോ വച്ച് അയാളുടെ മാറിലേക്ക് മരിച്ചുവീഴുന്ന നളിനിയുടെ ദുര്യോഗവും ഒന്നരമണിക്കൂർ ചിലങ്കകെട്ടിയാടും.
ഡോ. കലാമണ്ഡലം സുഗന്ധിയും ശിഷ്യരായ പ്രിയ എസ്. നായർ, കലാമണ്ഡലം ശിശിര, കലാമണ്ഡലം ദേവിക, പ്രിയ ആത്മറാം എന്നിവരും അരങ്ങിലെത്തും.
കേരള സാഹിത്യമണ്ഡലം പ്രസിഡന്റ് കെ.എ. ഉണ്ണിത്താനാണ് ഗാനരചന. സംഗീതവും സാഹിത്യ സംയോജനവും ജയചന്ദ്രൻ തോന്നയ്ക്കൽ. സംഗീത റാവു (വോക്കൽ), വിവേക് ഷേണായ് (വയലിൻ), തൃപ്പൂണിത്തുറ കൃഷ്ണദാസ് (ഇടയ്ക്ക), അരുൺ കൃഷ്ണദാസ് (മദ്ദളം), വിവേക് ഷേണായ് (സംഗീതസംവിധാനം) എന്നിവരാണ് മറ്റ് അണിയറ ശില്പികൾ.
ആശാന്റെ ദേഹവിയോഗ ശതാബ്ദിയുടെ ഭാഗമായി ബാങ്ക് ജീവനക്കാരുടെ സംഘടനയായ ബാങ്ക് എംപ്ലോയീസ് ആർട്സ് മൂവ്മെന്റും (ബീം) എറണാകുളം കരയോഗവും ചേർന്നാണ് 27ന് വൈകിട്ട് 6.30മുതൽ എറണാകുളം ടി.ഡി.എം ഹാളിൽ നൃത്താർച്ചനയ്ക്ക് വേദിയൊരുക്കുന്നത്.
ആശാന്റെ നായികമാരിൽ രജോ, തമോ, സാത്വിക ഗുണപ്രധാനമായ പ്രണയകഥയിലെ മൂന്ന് നായികമാരെ മാത്രം പ്രമേയമാക്കി ഇത്തരമൊരു നൃത്താവിഷ്കാരം ഇതാദ്യമാണ്
കെ.എ. ഉണ്ണിത്താൻ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |